ADVERTISEMENT

തിരുവനന്തപുരം ∙ മുതിർന്ന നാടകപ്രവർത്തകനും സിനിമാ നടനുമായ പാൽക്കുളങ്ങര കോഴിയോട്ട് ലൈൻ 'ഭാരതി'യിൽ പി.സി സോമൻ (81) അന്തരിച്ചു. സംസ്കാരം പിന്നീട്. മുന്നൂറ്റമ്പതിലേറെ  നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിലൂടെയാണ് ശ്രദ്ധേയനായത്.

പത്താം വയസ്സിലാണ് നാടകരംഗത്തേക്ക് എത്തുന്നത്. അച്‌ഛൻ ചെല്ലപ്പൻ പിള്ള തലസ്ഥാനത്തെ ആദ്യകാല നാടകസംഘത്തിലെ സജീവ സാന്നിധ്യമായിരുന്നു. തിരുവനന്തപുരത്തെ അഭേദാനന്ദാശ്രമത്തിലാണ് സോമൻ നാടകാഭിനയത്തിന് തുടക്കം കുറിച്ചത്. തുടർന്ന് പി. കെ വിക്രമൻ നായർ, കൈനിക്കര സഹോദരന്മാർ എന്നിവരോടൊപ്പം ‘കലാവേദി’ എന്ന അമച്വർ ഗ്രൂപ്പിൽ പ്രവർത്തിച്ചു. 

‘തിരുമ്പിവന്താൻ തമ്പി’ എന്ന നാടകത്തോടെയാണ് സിനിമയിലേക്ക് അവസരം ലഭിച്ചത്. നാടകങ്ങളിലെ പ്രകടനം ശ്രദ്ധിച്ച അടൂർ ഗോപാലകൃഷ്ണനാണ് സിനിമയിൽ ആദ്യ കഥാപാത്രം നൽകിയത്. സ്വയംവരത്തിൽ കെപിഎസി ലളിതയുടെ ഭർത്താവായിട്ടായിരുന്നു കഥാപാത്രം. തുടർന്ന് വിധേയൻ, കൊടിയേറ്റം, അതിഥി, ഗായത്രി, ഇരുപതാം നൂറ്റാണ്ട്, സിബിഐ ഡയറിക്കുറിപ്പ്, കണ്ടതും കേട്ടതും, ധ്രുവം, കൗരവർ, ഫയർമാൻ, മുത്താരംകുന്ന് പി.ഒ, അച്ചുവേട്ടന്റെ വീട്, ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ അഭിനയിച്ചു.

അമച്വർ നാടക നടനുള്ള സംഗീത നാടക അക്കാദമിയുടെ അവാർഡും തുളസീവനം അവാർഡും ലഭിച്ചിട്ടുണ്ട്. ആകാശവാണിയിലെ എ ഗ്രേഡ് ആർട്ടിസ്റ്റ് ആയിരുന്നു. ടിവി പരമ്പരയായ 'വൈതരണി'യിലെ പോസ്റ്റുമാൻ കുഞ്ഞുണ്ണിക്കുറുപ്പ്,  സോമൻ അനശ്വരമാക്കിയ കഥാപാത്രമാണ്.

ട്രാവൻകൂർ ടൈറ്റാനിയത്തിലെ ജീവനക്കാരനായിരുന്നു. പ്രമുഖ പത്രപ്രവർത്തകൻ പരേതനായ പി.സി സുകുമാരൻ നായരുടെ സഹോദരനാണ്. ഭാര്യ: തുളസി. മക്കൾ: രശ്മി, രോഷ്നി. മരുമകൻ: അനീഷ്.

English Summary: Malayalam Actor PC Soman passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com