ADVERTISEMENT

തിരുവനന്തപുരം ∙ ബന്ധുനിയമന കേസിൽ കെ.ടി.ജലീലിനെ സിപിഎം കൈവിട്ടത് ഇരട്ട പ്രഹരം ഭയന്ന്. ലോകായുക്ത അയോഗ്യനായി പ്രഖ്യാപിച്ചു പുറത്താക്കിയ വ്യക്തിക്കെതിരെ ഹൈക്കോടതിയിൽ നിന്നും ഉണ്ടാകുന്നത് പ്രതികൂല വിധി ആയാൽ പാർട്ടിക്കും മുന്നണിക്കും ഇരട്ട ആഘാതമാകുമെന്നു നേതൃത്വം വിലയിരുത്തി. മാത്രമല്ല, ജലീലിന്റെ ചട്ടവിരുദ്ധ നടപടികളെല്ലാം ന്യായീകരിച്ചു ഫയലിൽ കയ്യൊപ്പു ചാർത്തിയ മുഖ്യമന്ത്രി പിണറായി വിജയനും അതു ദോഷം ചെയ്യും. ഇ.പി.ജയരാജനും ജലീലീനും ഇരട്ട നീതിയെന്ന പാർട്ടിക്കുള്ളിലെ പൊട്ടലും ചീറ്റലും വേറെ. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയിലേക്കു പറഞ്ഞു വിട്ട നേതൃത്വം തന്നെ ജലീലിനെ പാതിവഴി മടക്കി വിളിച്ചു രാജി വയ്പിച്ചത്.

അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞ ലംഘനം എന്നിവ നടത്തിയ ജലീൽ മന്ത്രി സ്ഥാനത്തു തുടരാൻ അയോഗ്യനാണെന്ന പ്രഖ്യാപനമാണ് ലോകായുക്ത നടത്തിയത്. ഈ ഉത്തരവ് തിങ്കളാഴ്ചയാണ് മുഖ്യമന്ത്രിക്കു ലഭിച്ചത്. ഉത്തരവു നടപ്പാക്കാൻ ബാധ്യസ്ഥനാണെന്നറിഞ്ഞു തന്നെ ജലീലിനു ഹൈക്കോടതിയെ സമീപിക്കാൻ മുഖ്യമന്ത്രി അവസരമൊരുക്കി. 

ഉത്തരവു നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടിക്കായി പരാതിക്കാരനു ലോകായുക്തയെ സമീപിക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടി അറിവോടെയാണ് ക്രമവിരുദ്ധ നടപടി എന്ന ആക്ഷേപം ഉയർന്നതോടെ ജലീലിനെ കൈവിടുന്നതാകും അഭികാമ്യം എന്ന ഉപദേശം പാർട്ടിക്കു ലഭിച്ചു. 

പാർട്ടി എതിർത്തു, മുഖ്യമന്ത്രി കൈവിട്ടു

ലോകായുക്തയുടെ വിധിയെ മറികടക്കാൻ നിയമത്തിന്റെ പഴുതുകൾ തേടാനായിരുന്നു മന്ത്രി ജലീൽ ശ്രമം നടത്തിയത്. ഹൈക്കോടതിയെ സമീപിച്ചതും അതിനാണ്. സിപിഎമ്മിനു തുടർഭരണം ലഭിച്ചാലുള്ള സാധ്യതകൾ സംരക്ഷിക്കുകയെന്ന ലക്ഷ്യവും പിന്നിലുണ്ടായിരുന്നു. എന്നാൽ, സിപിഎമ്മിനുള്ളിൽ നിന്നുള്ള എതിർപ്പ് അദ്ദേഹം പ്രതീക്ഷിച്ചില്ല. എതിർപ്പുയർന്നാലും പിണറായി സംരക്ഷിക്കുമെന്ന വിശ്വാസവും ഉണ്ടായിരുന്നു. അതില്ലെന്ന് ഉറപ്പായതോടെയാണ് രാജിവച്ചത്.

ഉത്തരവ് നടപ്പാക്കിയേ തീരുവെന്ന വ്യവസ്ഥയും ലോകായുക്തയുമായി ബന്ധപ്പെട്ട സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടും പ്രതികൂലഘടകങ്ങളായി. മുഖ്യമന്ത്രി കൂടി അറിഞ്ഞാണ് ബന്ധുനിയമനം നടന്നതെന്നതിന്റെ രേഖകൾ കൂടി പുറത്തു വന്നതോടെ പാർട്ടി പ്രതിരോധത്തിലായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com