ADVERTISEMENT

തിരുവനന്തപുരം ∙ ‘‘സ്വന്തം വീട്ടിൽ കയറാൻ പറ്റുന്നില്ല. കൊച്ചിന് അസുഖമായിട്ട് ആശുപത്രിയിൽ കൊണ്ടുപോകാൻ പറ്റുന്നില്ല. മാസ്ക് വച്ചു പോലും പുറത്തിറങ്ങാൻ കഴിയുന്നില്ല’’– 25 കോടിയുടെ കേരള ഭാഗ്യക്കുറി ഓണം ബംപർ അടിച്ച ഭാഗ്യവാന്റെ ഇപ്പോഴത്തെ പ്രശ്നം ഇതാണ്. ‘‘പണം ചോദിച്ച് എത്തുന്നവരെക്കൊണ്ടു പൊറുതി മുട്ടി’’.

5 ദിവസം മുൻപ് ക്യാമറകൾക്കു മുന്നിൽ ആഹ്ലാദപ്പൂത്തിരിയായി നിറഞ്ഞുനിന്ന ഓട്ടോ ഡ്രൈവർ ബി.അനൂപ് ഫെയ്സ്ബുക് പേജിൽ പങ്കുവച്ച വിഡിയോയിലൂടെയാണു വിഷമങ്ങൾ പങ്കുവച്ചത്. വീട്ടിൽ നിന്നു മാറി ബന്ധുക്കളുടെ വീടുകളിൽ മാറിമാറി നിൽക്കുകയാണെന്നും ആവശ്യക്കാർ അവിടെയെല്ലാം തേടിയെത്തുകയാണെന്നും ഇത്രയും പണം കിട്ടേണ്ടി‍യിരുന്നില്ലെന്നും അനൂപ് പറയുന്നു.

‘‘രാവിലെ മുതൽ ആളുകൾ ഗേറ്റിൽ മുട്ടിക്കൊണ്ടിരിക്കുന്നു. ഒരു രൂപ പോലും കയ്യിൽ കിട്ടിയിട്ടില്ലെന്നു പറഞ്ഞാൽ ആരു കേൾക്കാൻ. സുഖമില്ലാത്തതു കാരണം ജോലിക്കു പോയിട്ട് 2 മാസമായി. എല്ലാവരെയും സഹായിക്കണമെന്നുണ്ട്. 

2 വർഷത്തേക്ക് ഈ പണം കൊണ്ട് ഒന്നും ചെയ്യുന്നില്ല. ബാങ്കിൽ ഇടാനാണു തീരുമാനം. ഇതിന്റെ പേരിൽ ആരെങ്കിലും പിണങ്ങിയാലും എനിക്കൊന്നും ചെയ്യാനാവില്ല. ആൾക്കൂട്ടവും ബഹളവും ക്യാമറകളും കണ്ടപ്പോൾ ഭയങ്കര സന്തോഷമായിരുന്നു. ഇപ്പോൾ ഒളിച്ചു താമസിക്കേണ്ട അവസ്ഥയിലാണ്. ഉപദ്രവിക്കരുത്’’– അനൂപ് അപേക്ഷിക്കുന്നു.

3 കോടി തന്നാൽ സിനിമയെടുക്കാം, അഭിനയിപ്പിക്കാം എന്നു വരെ പറഞ്ഞുകൊണ്ടു വരുന്നവരുണ്ടെന്ന് അനൂപിന്റെ ഭാര്യ മായ പറയുന്നു. 

‘‘എനിക്കൊരു 25 ലക്ഷം തരണം എന്നൊക്കെ ചിലർ ഡിമാൻ‍ഡ് ചെയ്യുകയാണ്. ഞാനിതു വാങ്ങിച്ചു കൊണ്ടേ പോകൂ എന്നാണു പറയുന്നത്. എന്റെ ഭർത്താവിനു വീട്ടിൽ വരാൻ പറ്റുന്നില്ല. അർധരാത്രി കഴിഞ്ഞാലും വീട്ടിൽ ആളൊഴിയുന്നില്ല. രണ്ടര വയസ്സുള്ള മകൻ അദ്വൈതിനു സുഖമില്ല. ആവശ്യം പറഞ്ഞു വരുന്നവർക്ക് ഇതൊന്നും മനസ്സിലാകുന്നില്ല’’– മായ പറയുന്നു.

 

English Summary: Onam bumper winner Anoop in trouble

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com