ADVERTISEMENT

തിരുവനന്തപുരം ∙ സോളർ അഴിമതി അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജന്റെ കമ്മിഷന്റെ റിപ്പോർട്ടുമായി ബന്ധപ്പെട്ട തന്റെ വെളിപ്പെടുത്തലിൽ നിന്നു മലക്കം മറിഞ്ഞു മുൻ മന്ത്രിയും സിപിഐ നേതാവുമായ സി.ദിവാകരൻ. ശിവരാജൻ കമ്മിഷൻ 5 കോടി രൂപ കൈപ്പറ്റിയതു ഫീസ് എന്ന നിലയിലാണെന്ന തന്റെ പരാമർശം തെറ്റായി വ്യാഖാനിച്ചതാണെന്നാണു ദിവാകരൻ ഇന്നലെ തിരുവനന്തപുരത്തു പ്രതികരിച്ചത്.

സോളർ അഴിമതിയാരോപണങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജൻ നാലോ അഞ്ചോ കോടി വാങ്ങി ‘കണാ കുണാ’ റിപ്പോർട്ട് എഴുതി നൽകിയെന്നാണു നേരത്തേ ആരോപിച്ചത്. ഉമ്മൻചാണ്ടി തന്നെ വച്ച ജുഡീഷ്യൽ കമ്മിഷൻ അദ്ദേഹത്തിന് എതിരുമായി എന്നും ദിവാകരൻ ആരോപിച്ചിരുന്നു. ഈ വിവാദ പരാമർശങ്ങളിൽ നിന്നാണ് അദ്ദേഹം പിന്മാറിയത്. 

സോളർ കമ്മിഷൻ റിപ്പോർട്ട് അധമ റിപ്പോർട്ട് ആണെന്നും ദിവാകരൻ ഇന്നലെ പ്രതികരിച്ചു. നിയമസഭയിൽ വയ്ക്കാൻ പോലും കഴിയാത്ത റിപ്പോർട്ടാണ്. സരിതയുടെ സാമ്പത്തിക തട്ടിപ്പിനെ പറ്റി മാത്രമാണ് അന്വേഷിക്കാൻ കമ്മിഷനോട് പറഞ്ഞത്. എന്നാൽ അതൊന്നുമല്ല എഴുതി വച്ചിരിക്കുന്നതെന്നു ദിവാകരൻ ആരോപിച്ചു. ‘‘ഒരുപാട് വ്യക്തികളെ പരാമർശിക്കുന്ന, രാഷ്ട്രീയ നേതാക്കളുടെ ബന്ധങ്ങളെപ്പറ്റിയുള്ള വളരെ മോശമായ അധമമായ പല കാര്യങ്ങളും ആ റിപ്പോർട്ടിലുണ്ട്. അതൊന്നും ഒരു റിപ്പോർട്ട് ആയിട്ടോ കമ്മിഷൻ ആയിട്ടോ അംഗീകരിക്കാൻ പറ്റില്ല.’’– ദിവാകരൻ പറഞ്ഞു.

ദിവാകരന്റെ വെളിപ്പെടുത്തൽ വിവാദമായതോടെ കെപിപിസിയും യുഡിഎഫും അന്വേഷണം ആവശ്യപ്പെട്ടു രംഗത്തെത്തിയിരുന്നു. വിവാദ പരാമർശങ്ങൾ ഒഴിവാക്കാമായിരുന്നെന്നു സിപിഎം– സിപിഐ നേതൃത്വങ്ങൾ ദിവാകരനെ അറിയിച്ച സാഹചര്യത്തിലാണ് അദ്ദേഹം പ്രസ്താവന തിരുത്തിയത് എന്നറിയുന്നു. 

English Summary: C. Divakaran takes u turn in allegation that Justice Sivarajan commission received five crores in solar corruption investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com