ADVERTISEMENT

കൊല്ലം ∙ കരിമണൽ കമ്പനിക്കു ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകൾ മറികടന്നു കോടികൾ വിലയുള്ള ഭൂമി കൈവശം വയ്ക്കുന്നതിനു വഴിയൊരുക്കാൻ സോളർ പദ്ധതിയെയും കൂട്ടുപിടിച്ചു. പരിധിയിലധികം ഭൂമി കൈവശം വയ്ക്കാൻ അനുവദിക്കില്ലെന്നു റവന്യു വകുപ്പ് കർക്കശ നിലപാട് എടുത്തപ്പോൾ മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും സമീപിച്ചാണ് സോളർ പദ്ധതിയുടെ പേരിൽ അനുവാദത്തിനു കമ്പനി ശ്രമം നടത്തിയത്.

ആലപ്പുഴ തൃക്കുന്നപ്പുഴയിലെ 51 ഏക്കറിൽ മിനറൽ കോംപ്ലക്സ് സ്ഥാപിക്കാനായിരുന്നു കേരള റെയർ എർത്‌സ് ആൻഡ് മിനറൽസ് ലിമിറ്റഡിന്റെ ആദ്യ പദ്ധതി. കമ്പനിക്ക് കൈവശം വയ്ക്കാനാവുന്ന പരമാവധി ഭൂമി 15 ഏക്കറാണെന്നിരിക്കെ, ഭൂപരിഷ്കരണ നിയമത്തിലെ 81 (3) വകുപ്പ് പ്രകാരം ഇളവ് തേടി സർക്കാരിനെ സമീപിച്ചു. 

രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറുന്നതിനു തൊട്ടുമുൻപ് റവന്യു വകുപ്പ് ഈ അപേക്ഷ തള്ളി. പുതിയ സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ 2021 ജൂലൈയിൽ മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും സമീപിച്ചപ്പോഴാണ്, തൃക്കുന്നപ്പുഴയിൽ പരിസ്ഥിതി സൗഹൃദ വ്യവസായ കോംപ്ലക്സും 6 മെഗാവാട്ട് ശേഷിയുള്ള സോളർ പവർ പ്ലാന്റുമാണു സ്ഥാപിക്കുന്നതെന്നു കമ്പനി അറിയിച്ചത്. വൈദ്യുതി ക്ഷാമം ചെറുതായെങ്കിലും പരിഹരിക്കാൻ ഇതുവഴി കഴിയുമെന്നും അവകാശപ്പെട്ടു. 

മുഖ്യമന്ത്രി ഈ അപേക്ഷ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിക്കു വിട്ടു. ഇതും 2021 സെപ്റ്റംബറിൽ തള്ളി. തൊട്ടു പിന്നാലെ ഒക്ടോബറിൽ കമ്പനി വീണ്ടും മുഖ്യമന്ത്രിയെ സമീപിച്ചു. മുഖ്യമന്ത്രി അതു റവന്യു വകുപ്പിനു കൈമാറി. രണ്ടു തവണ നിരസിക്കപ്പെട്ട അപേക്ഷ വീണ്ടും പരിഗണിക്കാനാകില്ലെന്നു റവന്യു വകുപ്പ് ചൂണ്ടിക്കാട്ടി. ടൂറിസം പദ്ധതി, വർക്കിങ് വിമൻസ് കൺസോർഷ്യം തുടങ്ങിയവ കൂടി ഉൾപ്പെടുത്തി പദ്ധതി മാറ്റിയെങ്കിലും റവന്യു വകുപ്പ് മുൻ നിലപാടിൽ ഉറച്ചുനിന്നു. 

English Summary:

Illegal help for black sand company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com