ADVERTISEMENT

മലപ്പുറം ∙ പി.അബ്ദുൽ ഹമീദ് എംഎൽഎ കേരള ബാങ്ക് ഭരണസമിതി അംഗമാകുന്നതിനെതിരെ യുഡിഎഫിലും പാർട്ടിയിലും അതൃപ്തിയുണ്ടെങ്കിലും പുനരാലോചന വേണ്ടെന്ന നിലപാടിൽ മുസ്‌ലിം ലീഗ് നേതൃത്വം. പദവി ഏറ്റെടുക്കാനിടയായ സാഹചര്യം യുഡിഎഫിനെ ബോധ്യപ്പെടുത്തും. തീരുമാനത്തിനെതിരായി ലീഗിൽ ഉടലെടുത്ത അസ്വസ്ഥത മറനീക്കി പുറത്തുവന്നു.

പി.അബ്ദുൽ ഹമീദിനെ പാർട്ടിയിൽനിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് ലീഗ് ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നിൽ ഉൾപ്പെടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തീരുമാനം പാർട്ടിക്കുള്ളിൽ ചർച്ച ചെയ്തിട്ടില്ലെന്ന് മുതിർന്ന നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ എംപി പ്രതികരിച്ചു. ഇന്നു ചേരുന്ന ലീഗ് മലപ്പുറം ജില്ലാ ഭാരവാഹി യോഗത്തിലും വിവാദം ചർച്ചയാകും.

കേരള ബാങ്ക് ഭരണസമിതി അംഗത്വം രാഷ്ട്രീയ വിവാദമാക്കേണ്ടതില്ലെന്ന നിലപാടിലാണു ഹമീദിനെ പിന്തുണയ്ക്കുന്നവർ. പിണറായി വിജയൻ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് ആയിരുന്ന കാലത്ത് മലപ്പുറത്തു നിന്നുള്ള ഡയറക്ടറായി ഹമീദിനെ നാമനിർദേശം ചെയ്തിരുന്നു. അന്നില്ലാത്ത വിവാദം ഇപ്പോൾ ഉയർന്നുവന്നതിനു പിന്നിൽ നിലവിലെ രാഷ്ട്രീയ സാഹചര്യവും മലപ്പുറം ജില്ലയിലെ ലീഗിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളുമാണെന്ന് അവർ പറയുന്നു.  

മലപ്പുറം ജില്ലാ ബാങ്ക് ഏറ്റെടുക്കുന്നതിനെതിരെ യുഡിഎഫ് സഹകരണസംഘങ്ങൾ നടത്തുന്ന നിയമപ്പോരാട്ടത്തെ ഹമീദിന്റെ നാമനിർദേശം ബാധിക്കില്ലെന്നും ലീഗ് നേതൃത്വം പറയുന്നു. ഏറ്റെടുക്കലിനെതിരെ സുപ്രീം കോടതിവരെ പോരാടാൻ നേരത്തേ ജില്ലാ യുഡിഎഫ് തീരുമാനിച്ചിരുന്നു.   

അപ്പീൽ നാലിന് പരിഗണിക്കും

കൊച്ചി ∙ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ശരിവച്ച സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നാലിനു മാറ്റി. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് യു.എ. ലത്തീഫ് എംഎൽഎ ഉൾപ്പെടെ ജില്ലയിലെ 93 സഹകരണസംഘങ്ങളുടെ പ്രസിഡന്റുമാർ നൽകിയ അപ്പീലാണു ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് സി.പ്രദീപ് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

യുഡിഎഫിൽ അസംതൃപ്തി

തിരുവനന്തപുരം ∙ കേരള ബാങ്ക് ഭരണസമിതിയിൽ മുസ്‌ലിം ലീഗിന്റെ പങ്കാളിത്തത്തെച്ചൊല്ലി യുഡിഎഫിൽ അസംതൃപ്തി പുകയുന്നു. വിയോജിപ്പ് ആർഎസ്പി പരസ്യമാക്കിയപ്പോൾ സിഎംപി യുഡിഎഫ് നേതൃത്വത്തെ എതിർപ്പ് അറിയിച്ചു. മതിയായ ചർച്ച കൂടാതെ ലീഗ് എംഎൽഎ സർക്കാരിന്റെ ക്ഷണം സ്വീകരിച്ചതിലെ വിയോജിപ്പ് യുഡിഎഫ് കൺവീനർ എം.എം.ഹസൻ ലീഗ് നേതൃത്വത്തെ അറിയിച്ചതിനു പിന്നാലെയാണ് ഘടകകക്ഷികളും ഇടഞ്ഞത്. സർക്കാരിന്റെ നോമിനേഷൻ ലീഗ് പ്രതിനിധി സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്ന അഭിപ്രായമാണ് മുന്നണിയിൽ ഉള്ളത്.

∙ ‘മുസ്‍ലിം ലീഗ് എംഎൽഎ പി.അബ്ദുൽ ഹമീദിനെ കേരള ബാങ്ക് ഡയറക്ടറാക്കിയതിൽ കോൺഗ്രസിനു പരാതിയില്ല. ഓരോ പാർട്ടിക്കും അവരുടെ നയമുണ്ട്, അതിൽ ഇടപെടുന്നില്ല.’ - കെ. സുധാകരൻ, കെപിസിസി പ്രസിഡന്റ്

∙ ‘കേരള ബാങ്കിലേക്കു പ്രതിനിധിയെ അയയ്ക്കുന്ന ലീഗിന്റെ തീരുമാനത്തിൽ സാങ്കേതികമായി തെറ്റൊന്നുമില്ലെങ്കിലും സഹകരണ മേഖലയിലെ തീവെട്ടിക്കൊള്ളയുടെ പാപഭാരം ഏറ്റെടുക്കേണ്ടതുണ്ടോയെന്ന് അവർ ചിന്തിക്കണം.’ – ഷിബു ബേബി ജോൺ, ആർഎസ്പി സംസ്ഥാന സെക്രട്ടറി

English Summary:

Muslim League says no rethought regarding Kerala Bank board membership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com