ADVERTISEMENT

ആലപ്പുഴ ∙ കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചെന്ന പരാതിയിൽ കഴമ്പില്ലെന്നു പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. വ്യാജവാർത്തയുടെ അടിസ്ഥാനത്തിൽ കെട്ടിച്ചമച്ച കേസാണിതെന്നു തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. 

ആലപ്പുഴ സ്വദേശി അൻസിൽ ജലീൽ ബികോം സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചെന്നു സിപിഎം മുഖപത്രത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സർവകലാശാല റജിസ്ട്രാർ നൽകിയ പരാതിയിലാണു കന്റോൺമെന്റ് പൊലീസ് കഴിഞ്ഞ ജൂണിൽ കേസെടുത്തത്. അൻസിലിന്റെ വീട്ടിലും ജോലി ചെയ്തിരുന്ന സ്വകാര്യ സ്ഥാപനങ്ങളിലും പൊലീസ് അന്വേഷിച്ചെങ്കിലും ഇത്തരം ഒരു സർട്ടിഫിക്കറ്റ് എവിടെയും ഹാജരാക്കിയില്ലെന്നു കണ്ടെത്തി. അൻസിൽ ചെയ്തിരുന്ന ജോലികൾക്ക് ബിരുദയോഗ്യത ആവശ്യമില്ലായിരുന്നു. 

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പിഎസ്‌സി എന്നിവിടങ്ങളിലെ റജിസ്ട്രേഷനു വേണ്ടിയും അൻസിൽ ബിരുദ യോഗ്യതയുണ്ടെന്ന് അവകാശപ്പെടുകയോ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്തിട്ടില്ലെന്നും കണ്ടെത്തി. അൻസിൽ ബിഎ ഹിന്ദി വിദ്യാർഥിയായിരുന്നെന്നും കോഴ്സ് പൂർത്തിയാക്കിട്ടില്ലെന്നും കോളജിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. 

‘കെഎസ്‌യു സംസ്ഥാന കൺവീനർക്കു വ്യാജ ബിരുദ സർട്ടിഫിക്കറ്റ്’ എന്ന വാർത്ത പ്രസിദ്ധീകരിച്ച സിപിഎം മുഖപത്രത്തിന്റെ ഓഫിസിൽ അന്വേഷിച്ചിട്ടും സർട്ടിഫിക്കറ്റിനെക്കുറിച്ചുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്നു പൊലീസ് റിപ്പോർട്ടിലുണ്ട്.  

കേസ് കെട്ടിച്ചമച്ചതാണെന്നും തുടരന്വേഷണം ആവശ്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കന്റോൺമെന്റ് ഇൻസ്പെക്ടർ ബി.എം. ഷാഫി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

∙ ‘എസ്എഫ്ഐ നേതാക്കൾക്കെതിരെയുള്ള വ്യാജ സർട്ടിഫിക്കറ്റ് ആരോപണം മറയ്ക്കാനും കെഎസ്‌യുവിനെ മോശമായി ചിത്രീകരിക്കാനും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് എനിക്കെതിരെ സിപിഎം മുഖപത്രത്തിൽ വന്ന  വ്യാജവാർത്തയും കേസുമെന്ന് തെളിഞ്ഞു. രാഷ്ട്രീയ എതിരാളികളെ അപകീർത്തിപ്പെടാൻ സിപിഎം എന്തെല്ലാം ചെയ്യുമെന്നതിന്റെ തെളിവാണിത്. എനിക്കെതിരെയുള്ള വ്യാജ വാർത്തയ്ക്കെതിരെ നിയമപരമായി മുന്നോട്ടു നീങ്ങും’ – അൻസിൽ ജലീൽ

English Summary:

KSU leader fake certificate case was fabricated on the basis of fake news says police report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com