ADVERTISEMENT

കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് കമ്പനിയുമായുള്ള പണമിടപാടു സംബന്ധിച്ച് സിഎംആർഎലിനോടു വിശദീകരണം തേടിയതിന്റെ രേഖ ഹാജരാക്കാൻ കെഎസ്ഐഡിസിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. സിഎംആർഎലിനോടു വിശദീകരണം തേടിയെങ്കിലും മറുപടി ലഭിച്ചില്ലെന്നു കെഎസ്ഐഡിസി അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇൗ നിർദേശം നൽകിയത്. കെഎസ്ഐഡിസി സാവകാശം തേടിയതിനെത്തുടർന്ന് ഹർജി 26നു പരിഗണിക്കാൻ മാറ്റി.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) അന്വേഷണം നിർത്തണമെന്ന് കെഎസ്ഐഡിസി ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ആരാഞ്ഞു. പണമിടപാട് ആരോപണം ശരിയെങ്കിൽ, കേരള സർക്കാർ സ്ഥാപനമായ കെഎസ്ഐഡിസിയുടെ പണമാണു പാഴാക്കിയിരിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. സിഎംആർഎലിൽ കെഎസ്ഐഡിസിക്കു നോമിനി ഡയറക്ടറുണ്ട്. സ്വതന്ത്ര ഡയറക്ടറെക്കാൾ ഉത്തരവാദിത്തം ഇക്കാര്യത്തിലുണ്ടെന്നും ചൂണ്ടിക്കാട്ടി.

വ്യവസായങ്ങൾക്കു പണം നൽകുന്ന സാമ്പത്തിക സ്ഥാപനമായ കെഎസ്ഐഡിസിയുടെ വിശ്വാസ്യതയെയും ക്രെഡിറ്റ് റേറ്റിങ്ങിനെയും അന്വേഷണം ബാധിക്കുമെന്ന് കെഎസ്ഐഡിസി അറിയിച്ചു. എന്നാൽ അന്വേഷണത്തിനുശേഷം മാത്രമേ കുറ്റക്കാരാണോയെന്ന് വ്യക്തമാകൂവെന്നു കേന്ദ്രസർക്കാർ വിശദീകരിച്ചു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥനാണ് കെഎസ്ഐഡിസിക്കുവേണ്ടി ഹാജരായത്.

എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹർജി 26നു പരിഗണിക്കാൻ മാറ്റി. എസ്എഫ്ഐഒ അന്വേഷണം ആരംഭിച്ചതിനാൽ ഈ ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിക്കണമെന്ന് സിഎംആർഎൽ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.

English Summary:

Kerala high court directs to present letter issued by KSIDC on CMRL – Exalogic transaction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com