ADVERTISEMENT

തിരുവനന്തപുരം ∙ പ്രൈവറ്റ് സെക്രട്ടറിയെ കാണാൻ ജലവിഭവ മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തിയ ഇൻലാൻഡ് നാവിഗേഷന്റെയും കുട്ടനാട് പാക്കേജിന്റെയും ചുമതലയുള്ള ആലപ്പുഴയിലെ ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയർ ശ്യാംഗോപാലിനെ മന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി എസ്.പ്രേംജി കയ്യേറ്റം ചെയ്തതായി പരാതി. ഉന്തിനും തള്ളിനുമിടെ ചീഫ് എൻജിനീയറുടെ വലതു കൈക്കു പരുക്കേറ്റു. സെക്രട്ടേറിയറ്റ് വളപ്പിലെ ക്ലിനിക്കിൽ ചികിത്സ തേടി.

മന്ത്രി ഓഫിസിലെയും സമീപത്തെയും ജീവനക്കാരാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിൽ വ്യാഴാഴ്ച രാവിലെ പത്തേമുക്കാലിനാണു സംഭവം. 

∙ ശ്യാം ഗോപാൽ പരാതിയിൽ പറയുന്നത്: ‘‘ഓഫിസിലെത്തിയപ്പോൾ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറി ബി.ഗോപകുമാരൻ നായരും അവിടെയുണ്ടായിരുന്നില്ല. മന്ത്രിയുടെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറി പി.സി.ജയിംസ് കാബിനിലേക്ക് ക്ഷണിച്ചപ്പോൾ അകത്തുണ്ടായിരുന്ന അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി പ്രേംജി, ‘മുറിയിൽ നിന്ന് ഇറങ്ങിപ്പോടാ’ എന്നു പറഞ്ഞ് ആക്രോശിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. നിങ്ങളാരാണതു പറയാനെന്നു ചോദിച്ചപ്പോൾ ഉന്തും തള്ളും ഉണ്ടായി. മന്ത്രിക്കും ജലവിഭവ പ്രിൻസിപ്പൽ സെക്രട്ടറിക്കും പരാതി നൽകി’’. 

∙ എസ്.പ്രേംജിയുടെ പ്രതികരണം: ‘‘ഓഫിസിൽ വച്ച് ചീഫ് എൻജിനീയറെ കണ്ടിരുന്നു. ചെറിയ തർക്കമുണ്ടായി. കയ്യേറ്റം ചെയ്തിട്ടില്ല’’.

∙ മന്ത്രി റോഷി അഗസ്റ്റിൻ: ‘‘ചീഫ് എൻജിനീയറും അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയും തമ്മിൽ ഓഫിസിൽ ചില പ്രശ്നങ്ങൾ ഉണ്ടായതായി അറിഞ്ഞു. പരാതി ലഭിച്ചിട്ടില്ല’’.

∙ ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അശോക് കുമാർ സിങ്: ‘‘ചീഫ് എൻജിനീയറുടെ പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പരിശോധിക്കും’’. 

English Summary:

Kuttanad Chief Engineer beaten up in Minister's Office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com