ADVERTISEMENT

പാലക്കാട് ∙ കോൺഗ്രസ് സിറ്റിങ് എംപിക്കെതിരെ മുൻ എംപിയായ പൊളിറ്റ്ബ്യൂറോ അംഗത്തെ സിപിഎം രംഗത്തിറക്കുമ്പോൾ സൂചന വ്യക്തം; കടുത്ത രാഷ്ട്രീയ മത്സരം തന്നെയാണ് ഉദ്ദേശിക്കുന്നത്. ബിജെപിയുടെ പ്രീമിയം സ്ഥാനാർഥികളിൽപെട്ട സംസ്ഥാന ജനറൽ സെക്രട്ടറി കൂടി ചേരുമ്പോൾ പാലക്കാട്ടെ മത്സരച്ചൂട് വേനൽച്ചൂടിനെയും മറികടക്കും. കോൺഗ്രസിലെ വി.കെ.ശ്രീകണ്ഠനും സിപിഎമ്മിലെ എ.വിജയരാഘവനും ബിജെപിയുടെ സി.കൃഷ്ണകുമാറും തമ്മിലാണു മത്സരമെന്നതിന് ഇനി ഔദ്യോഗിക പ്രഖ്യാപനത്തിന്റെ അകലം മാത്രമേയുള്ളൂ.

∙ ജയം തുടരാൻ കോൺഗ്രസ്

കോൺഗ്രസിനെയും സിപിഎമ്മിനെയും ജയിപ്പിച്ച ചരിത്രമുള്ള പാലക്കാടു ലോക്സഭാ മണ്ഡലം 1996 മുതൽ കോട്ടയായി സൂക്ഷിക്കുകയായിരുന്നു സിപിഎം. 2019 ൽ ആ കോട്ട പൊളിച്ചാണു വി.കെ.ശ്രീകണ്ഠൻ ജയിച്ചത്. 2014 ൽ യുഡിഎഫ് സ്ഥാനാർഥി എം.പി.വീരേന്ദ്രകുമാറിനെതിരെ 1,05,300 വോട്ടുകളുടെ വിജയം നേടിയ സിപിഎമ്മിലെ എം.ബി.രാജേഷിനെ 11,637 വോട്ടുകൾക്കാണു തോൽപിച്ചത്. എല്ലായിടത്തും ഓടിയെത്തുന്ന എംപി എന്ന പേരു നേടി ജനകീയനാകാൻ വി.കെ.ശ്രീകണ്ഠനു സാധിച്ചു. കോവിഡ് സമയത്ത് നൂറുകണക്കിനു രോഗികൾക്കു വീടുകളിലേക്കു മരുന്നുകളും മറ്റും എത്തിച്ചും അട്ടപ്പാടി   മേഖലകളിൽ പഠനസൗകര്യം ഏർപ്പെടുത്തിയും ആശ്വാസമേകിയ അദ്ദേഹം റെയിൽവേ പിറ്റ്‌ലൈൻ ഉൾപ്പെടെ വികസന പദ്ധതികൾ മണ്ഡലത്തിലെത്തിക്കുകയും ചെയ്തു. 

∙ തിരിച്ചുപിടിക്കാൻ സിപിഎം

പഴയ കണക്കു നോക്കിയതുകൊണ്ടു കാര്യമില്ലെന്നു സിപിഎം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പഠിച്ചു. ജനകീയനായ സ്ഥാനാർഥിയെ തോൽപിക്കാൻ ശക്തനായ എതിരാളി എന്ന നിലയിലാണ് എ.വിജയരാഘവനെ അവതരിപ്പിക്കുന്നത്. 1989ൽ അന്നത്തെ എംപി വി.എസ്.വിജയരാഘവനെ പരാജയപ്പെടുത്തിയ എ.വിജയരാഘവൻ 1991ൽ വി.എസ്.വിജയരാഘവനോടു തോറ്റു. സിപിഎമ്മിന്, പ്രത്യേകിച്ച് ഇടതുപക്ഷത്തിന് ആഴത്തിൽ വേരുള്ള മണ്ഡലമാണെന്നതാണ് അവരുടെ പ്രതീക്ഷ. പാലക്കാടും മണ്ണാർക്കാടും ഒഴികെയുള്ള നിയമസഭാ മണ്ഡലങ്ങളെല്ലാം ഇടതുപക്ഷം വലിയ ഭൂരിപക്ഷത്തിലാണു ജയിച്ചത്. മുൻ എംപി എന്ന നിലയിൽ ഇപ്പോഴും മണ്ഡലത്തിൽ രാഷ്ട്രീയബന്ധം വിജയരാഘവനുണ്ട്.

∙ പ്രതീക്ഷയോടെ ബിജെപി

മാസങ്ങൾക്കു മുൻപേ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തുറന്നാണു ബിജെപി തങ്ങളുടെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. പാലക്കാട് നഗരസഭ ഭരിക്കുന്ന ബിജെപിക്കു കരുത്തുള്ള മണ്ഡലമാണിത്. കഴിഞ്ഞവട്ടം ലോക്സഭയിലേക്കു മത്സരിച്ച് 2,18,556 ലക്ഷം വോട്ടു നേടിയ സി.കൃഷ്ണകുമാർ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. പാലക്കാട് നഗരസഭയിലെ മുൻ വൈസ് ചെയർമാൻ കൂടിയായ അദ്ദേഹം 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ നിയോജകമണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തി; സിപിഎം സ്ഥാനാർഥി ജയിച്ച മണ്ഡലത്തിൽ കോൺഗ്രസ് മൂന്നാമതായി. മൂന്നു പേർക്കും ആത്മവിശ്വാസത്തിനു കാരണങ്ങളേറെയുണ്ട്, പാലക്കാട്ടെ വോട്ടർമാരുടെ മനസ്സിലെ ചൂടറിയാൻ കാത്തിരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com