ADVERTISEMENT

കണ്ണൂരിൽ യുഡിഎഫ് പക്ഷത്ത് പേരുകൾ പലതും ഉയർന്നെങ്കിലും അണികൾ ആഗ്രഹിച്ചതുപോലെ കെപിസിസി പ്രസിഡന്റ് സുധാകരൻ തന്നെ ഒടുവിൽ ലോക്സഭാ സ്ഥാനാർഥിയായി. മത്സരിക്കാൻ വ്യക്തിപരമായി താൽപര്യം പ്രകടിപ്പിച്ചില്ലെങ്കിലും ഹൈക്കമാൻഡ് നിർദേശം സുധാകരനെ വീണ്ടും കളത്തിലെത്തിച്ചു. ലോക്സഭയിലേക്കു നാലാം മത്സരത്തിന് ഒരുങ്ങുമ്പോൾ 2 ജയവും ഒരു തോൽവിയുമുണ്ട് സുധാകരനൊപ്പം. 

നേരിടേണ്ടിവരിക കെ.സുധാകരനെത്തന്നെ ആയിരിക്കുമെന്ന് ഉറപ്പിച്ചിരുന്നതിനാലാണ് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജനെ എൽഡിഎഫ് സ്ഥാനാർഥിയാക്കിയത്. രണ്ടു നിയമസഭാ വിജയങ്ങളുടെ അനുഭവസമ്പത്തോടെയാണു ജയരാജൻ കളത്തിലിറങ്ങുന്നത്. സംഘടനാ ചുമതല കൈമാറിയ അദ്ദേഹം, ഒരാഴ്ചയായി പ്രചാരണരംഗത്തു സജീവമാണ്. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സി.രഘുനാഥ് ഇത്തവണ ബിജെപിയുടെ ലോക്സഭാ സ്ഥാനാർഥിയാണ്. മുൻകാലങ്ങളിൽ കെ.സുധാകരന്റെ തിരഞ്ഞെടുപ്പു പ്രചാരണപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത് കോൺഗ്രസിലായിരുന്ന രഘുനാഥായിരുന്നു.  രഘുനാഥിന്റെ പഴയ ബന്ധംവച്ച് കോൺഗ്രസ് വോട്ടുകളിലും എൻഡിഎ കണ്ണുവയ്ക്കുന്നു.

1977 മുതൽ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ നടന്ന 12 തിരഞ്ഞെടുപ്പുകളിൽ 3 തവണ മാത്രമാണു സിപിഎം ജയിച്ചത്. 2014ൽ സിപിഎമ്മിലെ പി.കെ.ശ്രീമതി കെ.സുധാകരനെ തോൽപിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. അന്ന് 6566 വോട്ടുകൾക്കു പരാജയപ്പെട്ടതിന്റെ ക്ഷീണം തീർത്ത് കഴിഞ്ഞതവണ ശ്രീമതിയെ സുധാകരൻ 94,559 വോട്ടുകൾക്കു പരാജയപ്പെടുത്തി. 

നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടിങ് രീതിയല്ല ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കണ്ണൂരിൽ പ്രകടമാകാറുള്ളത്. നിയമസഭാ മണ്ഡലങ്ങളിൽ അധികവും എൽഡിഎഫിന്റെ കയ്യിലിരിക്കുമ്പോഴും പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായി വോട്ടു വീഴുന്നു. 

ലോക്സഭാ മണ്ഡലത്തിനു കീഴിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലായി 2016ൽ എൽഡിഎഫിന് 1.02 ലക്ഷം വോട്ടുകളുടെയും 2021ൽ 1.28 ലക്ഷം വോട്ടുകളുടെയും മേൽക്കൈ ലഭിച്ചിരുന്നു.കണ്ണൂരിൽ ന്യൂനപക്ഷ വോട്ടുകൾ നിർണായകമാണ്. ഉറച്ച രാഷ്ട്രീയ വോട്ടുകൾ ഇരുമുന്നണികൾക്കുമുണ്ട്. 

English Summary:

Loksabha Election 2024: Kannur Constituency Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com