ADVERTISEMENT

തിരുവനന്തപുരം ∙ കഴിഞ്ഞ മൂന്നുമാസം ഹ്രസ്വകാല കരാറുകളിലൂടെ വൈദ്യുതി വാങ്ങിയതു കാലാവസ്ഥാ പ്രവചനം ഉൾപ്പെടെ സാഹചര്യങ്ങളെ മുൻനിർത്തിയാണെന്നു കെഎസ്ഇബി. മേയിൽ 5 ദിവസം നേരിയ മഴ പെയ്യുമെന്നും പിന്നീടു ജൂൺ 17 വരെ മഴയ്ക്ക് ഇടവേളയുണ്ടാകുമെന്നുമായിരുന്നു കാലാവസ്ഥാ പ്രവചനം. ഈ ദിവസങ്ങളിലെ ഉയർന്ന ആവശ്യകത കണ്ടാണു ഹ്രസ്വകാല കരാറുകളിൽ ഏർപ്പെട്ടത്.

  • Also Read

ഈ മാസം ആദ്യത്തെ ഒന്നര ആഴ്ചയിൽ വൈകുന്നേരത്തെ വൈദ്യുതി ഉപയോഗം 5857 മെഗാവാട്ട് വരെ ഉയർന്നപ്പോൾ ഹ്രസ്വകാല കരാറുകൾ ഉണ്ടായിരുന്നില്ലെങ്കിൽ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നില്ലെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടിക്കു കെഎസ്ഇബി പ്രസരണ വിഭാഗം ഡയറക്ടർ നൽകിയ വിശദീകരണത്തിൽ പറയുന്നു.

റിപ്പോർട്ടിൽ പറയുന്നത്: ‘കുറഞ്ഞ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന കരാറുകൾ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയതു പ്രതിസന്ധിയായി. വേനൽക്കാലത്തു വൈദ്യുതി നിയന്ത്രണം പാടില്ലെന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിർദേശിച്ചിരുന്നു.

മുൻ വർഷങ്ങളിലെ വൈദ്യുതി ആവശ്യകത അടിസ്ഥാനമാക്കി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാർച്ച് മുതൽ മേയ് വരെ പ്രതീക്ഷിച്ചിരുന്ന വൈദ്യുതി കുറവു കൂടി കണക്കിലെടുത്തു മുൻകരുതൽ എടുത്തെങ്കിലും കടുത്ത വേനലും ഉഷ്ണ തരംഗവും മൂലം കേരളത്തിലെ വൈദ്യുതി ആവശ്യകത വർധിച്ചതു നിറവേറ്റാൻ ഹ്രസ്വകാല ടെൻഡറുകൾ ക്ഷണിച്ചു.

ദിവസം മുഴുവനുമുള്ള വൈദ്യുതിക്ക് യൂണിറ്റിന് 9.59–10.25 രൂപ, പീക്ക് സമയത്ത് മാത്രം വൈദ്യുതി ലഭിക്കുന്നതിന് യൂണിറ്റിന് 14.3 രൂപ എന്നിങ്ങനെ ഉയർന്ന നിരക്ക് കാരണം കരാറുകളിൽ ഏർപ്പെട്ടില്ല. പവർ എക്സ്ചേഞ്ച് വഴി കൂടുതൽ ലാഭകരമായി ലഭിച്ച വൈദ്യുതി മാർച്ചിൽ 300 മെഗാവാട്ടും (യൂണിറ്റിന് 7.9 രൂപ) ഏപ്രിലിൽ വിവിധ ദിവസങ്ങളിൽ 445–601 മെഗാവാട്ട് (യൂണിറ്റിന് 8.65–9.5 രൂപ) മേയിൽ 547 മെഗാവാട്ട് (യൂണിറ്റിന് 9.25 രൂപ) വീതം വാങ്ങാൻ പ്രതിമാസ കരാറുകളിൽ ഏർപ്പെടുകയായിരുന്നു.

കൂടംകുളം ആണവനിലയത്തിലെ ഒരു ജനറേറ്റർ മേയ് 13 മുതൽ ഇന്ധനം നിറയ്ക്കാൻ നിർത്തുമ്പോൾ കേരളത്തിന്റെ വിഹിതത്തിൽ 130 മെഗാവാട്ട് കുറയുമെന്നതും കണക്കിലെടുത്തിരുന്നു. എക്സ്‌ചേഞ്ചുകളിൽ നിന്ന് വാങ്ങുന്ന വൈദ്യുതി 24 മണിക്കൂറിനകം കരാർ ഉറപ്പിക്കേണ്ടതിനാൽ കമ്മിഷന്റെ അനുമതി വാങ്ങാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ കരാറുകൾ മൂലം ഏതാണ്ട് 1.2 കോടി യൂണിറ്റ് മാത്രമാണ് അധികമായി വരുന്നത്. ഇതിൽ നല്ലൊരു പങ്ക് വിൽപന നടത്തുകയും സറണ്ടർ ചെയ്യുകയും പിന്നീട് പകരം വൈദ്യുതി ലഭിക്കുന്ന സ്വാപ് കരാറുകളിലൂടെ മറ്റു സംസ്ഥാനങ്ങൾക്കു നൽകുകയുമാണ്.’

English Summary:

KSEB defends short term contracts; Explanation that the weather forecast is also taken into account

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com