ADVERTISEMENT

തിരുവനന്തപുരം ∙ വിജയം നേടാനായില്ലെങ്കിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും എൻഡിഎ സ്ഥാനാർഥികളായിരുന്ന കേന്ദ്രമന്ത്രിമാർ രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും മികച്ച പ്രകടനം കാഴ്ചവച്ചു. രാജീവ് ചന്ദ്രശേഖർ വോട്ടെണ്ണലിന്റെ അവസാന ഘട്ടം വരെ ശശി തരൂരിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. വിയർക്കാതെ ജയിക്കുമെന്ന ശശി തരൂരിന്റെ പ്രഖ്യാപനം അസ്ഥാനത്താണെന്നു തെളിയിക്കാനും മണ്ഡലത്തിൽ അവസാന നാളുകളിൽ മാത്രം സ്ഥാനാർഥിയായെത്തിയ രാജീവ് ചന്ദ്രശേഖറിനു കഴിഞ്ഞു. 

ആറ്റിങ്ങലിൽ വി.മുരളീധരൻ ലീഡ് നിലയിൽ ഒരു തവണ പോലും മുന്നിലെത്തിയില്ലെങ്കിലും  ഓരോ ഘട്ടത്തിലും വോട്ടു വിഹിതം വർധിപ്പിച്ചു . യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശും എൽഡിഎഫ് സ്ഥാനാർഥി വി.ജോയിയും വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് എത്താൻ വൈകിയതിന്റെ കാരണവും മുരളീധരൻ പിടിച്ച 3,11,000 വോട്ടുകളാണ്.തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന 14 നിയമസഭാ മണ്ഡലങ്ങളിലും രാജീവിന്റെയും മുരളീധരന്റെയും പ്രകടനം ബിജെപിയുടെ നില മെച്ചപ്പെടുത്താനുപകരിച്ചു.    

തിരുവനന്തപുരത്ത് തപാൽ വോട്ടുകളുൾപ്പെടെ രാജീവ് ചന്ദ്രശേഖർ പിടിച്ചത് 3,42,078 വോട്ടുകളാണ്. 2019 ൽ കുമ്മനം രാജശേഖരൻ നേടിയത് 3,13,925 വോട്ടും. വോട്ടെണ്ണലിന്റെ 10–ാം റൗണ്ട് വരെ രാജീവ് ചന്ദ്രശേഖർ ലീഡ്  ഉയർത്തിക്കൊണ്ടിരുന്നു. 2019 ൽ നേമത്ത് നേടിയ ഒന്നാം സ്ഥാനം ഇത്തവണയും ആവർത്തിച്ചു. രാജീവ് ചന്ദ്രശേഖർ ഇത്തവണ 61,227 വോട്ടു നേടിയപ്പോൾ തരൂരിന് ലഭിച്ചത് 39,101 വോട്ടുകൾ മാത്രം. 

2019ൽ സംസ്ഥാനത്തു ബിജെപിയുടെ വോട്ടുശതമാനത്തിൽ വർധനയ്ക്കു സഹായിച്ച 4 ലോക്സഭാ മണ്ഡലങ്ങളിലൊന്നായിരുന്നു ആറ്റിങ്ങൽ. അതുകൊണ്ട് തന്നെ ഇവിടെ ജയിക്കാമെന്ന പ്രതീക്ഷ വി.മുരളീധരന് ഉണ്ടായിരുന്നു. യുഡിഎഫ്, എൽഡിഎഫ് കോട്ടകളിൽ വലിയ വിള്ളലാണ് മുരളീധരൻ സൃഷ്ടിച്ചത്. 2019ൽ എൻഡിഎ സ്ഥാനാർഥിയായിരുന്ന ശോഭ സുരേന്ദ്രൻ നേടിയ 2,48,081 വോട്ട് റെക്കോർഡായിരുന്നു. ഇതാണ് മുരളീധരൻ മറികടന്നത്.

English Summary:

Failure of two union ministers in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com