പാനൂർ സ്ഫോടനക്കേസ് കുറ്റപത്രം നൽകാതെ പൊലീസ്; 3 പ്രതികൾ പുറത്ത്
Mail This Article
തലശ്ശേരി ∙ ലോക്സഭാ തിരഞ്ഞെടുപ്പുവേളയിൽ ഏറെ വിവാദമുയർത്തിയ പാനൂർ ബോംബ് സ്ഫോടനക്കേസിൽ 90 ദിവസം പിന്നിട്ടിട്ടും പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സിപിഎം പ്രവർത്തകരായ 3 പ്രതികൾക്കു കോടതി ജാമ്യം അനുവദിച്ചു. ഏപ്രിൽ 5ന് രാത്രി 12.30ന് പുത്തൂർ മുളിയാത്തോട്ടിലെ നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിർമിക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം.
-
Also Read
റോസാപ്പൂ മണമുള്ള വിജയം
സിപിഎം പ്രവർത്തകൻ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൽ കൊല്ലപ്പെടുകയും 3 പ്രവർത്തകർക്കു പരുക്കേൽക്കുകയും ചെയ്തു. മരിച്ച ഷെറിലും ഗുരുതരമായി പരുക്കേറ്റ മുളിയാത്തോട്ടിലെ വലിയപറമ്പത്ത് വിനീഷ്, മീത്തലെ കുന്നോത്തുപറമ്പ് ചിറക്കരാണ്ടിമ്മൽ വിനോദ്, കല്ലായിന്റവിട അശ്വന്ത് എന്നിവരും ഉൾപ്പെടെ 12 സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരാണ് പ്രതികൾ.
3 മുതൽ 5 വരെ പ്രതികളായ ചെണ്ടയാട് പാടാന്റതാഴെ ഒറവുള്ളകണ്ടി ഒ.കെ.അരുൺ (29), ചെറുപ്പറമ്പ് അടുങ്കുടിവയലിൽ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പ് കിഴക്കയിൽ അതുൽ (30) എന്നിവർക്കാണ് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും പാസ്പോർട്ട് കോടതി മുൻപാകെ സമർപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് വൈകിയതിനാലാണ് സമയത്തിനുള്ളിൽ കുറ്റപത്രം നൽകാൻ കഴിയാത്തതെന്ന് പൊലീസ് പറയുന്നു.