ADVERTISEMENT

തിരുവനന്തപുരം ∙ പശ്ചാത്തല വികസന രംഗത്ത്, രണ്ടാം പിണറായി സർക്കാരിന്റെ മുൻഗണനാ പദ്ധതികൾ പൂർത്തീകരിക്കുന്നതിനു സ്വന്തം നിലയ്ക്കു കണ്ടെത്തേണ്ടത് 20,000 കോടിയിലേറെ രൂപ. ഒക്ടോബർ 22നു പൂർത്തിയാക്കേണ്ട നൂറുദിന കർമപരിപാടിക്കു വേണ്ടിവരുന്ന 13043.03 കോടി രൂപയ്ക്കു പുറമേയാണിത്. ഡിസംബർ വരെ 3700 കോടി രൂപ മാത്രമാണു കടമെടുക്കാൻ ശേഷിക്കുന്നത് എന്നിരിക്കെ, മുൻഗണനാ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാൻ കേരളം ബുദ്ധിമുട്ടും.

ഓരോ മാസവും മുഖ്യമന്ത്രി നേരിട്ടു പുരോഗതി വിലയിരുത്തുന്ന 27 മുൻഗണനാ പദ്ധതികളാണുള്ളത്. ഇതിൽ പതിനെട്ടും പശ്ചാത്തല വികസന രംഗത്തേതാണ്. തിരുവനന്തപുരം–ബേക്കൽ വെസ്റ്റ് കോസ്റ്റ് ജലപാത പൂർത്തിയാക്കാൻ 6000 കോടിയോളം വേണം. 1200 കോടിയുടെ കിഫ്ബി ധനസഹായമാണ് നിലവിലെ വാഗ്ദാനം. ഭൂമിയേറ്റെടുക്കലിന് 200 കോടി മാത്രമാണു ചെലവിട്ടത്. 1611 കോടിയുടെ കെ ഫോൺ പദ്ധതിക്ക് ഇതുവരെ മുടക്കിയത് 750 കോടി. കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്റെ എസ്റ്റിമേറ്റ് വർധിച്ചതിനാൽ 2000 കോടിയോളം സംസ്ഥാനം കണ്ടെത്തേണ്ടിവരും. വയനാട് ടണൽ റോഡിനു 2043 കോടിയും 300 കോടിയുടെ മട്ടന്നൂർ രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രത്തിന് 240 കോടിയും ഇനി വേണം. 

3505 കോടി രൂപയുടെ മലയോര ഹൈവേക്ക് കിഫ്ബി വഴി ചെലവിട്ടത് 1288 കോടി. ബാക്കി തുക കണ്ടെത്തണം. 3815 കോടിയുടെ കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിക്ക് 2025 കോടി മുടക്കേണ്ടതു സംസ്ഥാനമാണ്. ഇതിൽ 1344 കോടിയാണു ചെലവിട്ടത്. പുറമേ, ഗിഫ്റ്റ് സിറ്റിക്കു സ്ഥലമേറ്റെടുപ്പിനു മാത്രം 840 കോടി വേണം. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ മുഴപ്പിലങ്ങാട് ബീച്ച് വികസന പദ്ധതി 233 കോടിയുടേതാണ്. 53 കോടിയുടെ പ്രവൃത്തി മാത്രമാണു ചെയ്യാനായത്. 

തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ ജനക്ഷേമവും ജീവനക്കാരുടെ ആനുകൂല്യവും വെട്ടിച്ചുരുക്കി വികസന പദ്ധതികൾ ഏറ്റെടുക്കാൻ സർക്കാരിനു പരിമിതിയുണ്ട്. 43730.88 കോടിയുടെ 555 പശ്ചാത്തല വികസന പദ്ധതികൾ ഇതിനകം ഏറ്റെടുത്തുകഴിഞ്ഞ കിഫ്ബിക്കും പരിമിതിയുണ്ട്. കേന്ദ്രാവഗണനകൂടി തുടരുന്നതിനാൽ മുൻഗണനാ പദ്ധതികളിൽ സർക്കാരിനു പിന്നാക്കം പോകേണ്ടിവരും.

നൂറുദിന പദ്ധതി; 1070ൽ 4 മാത്രം 

ജൂലൈ 15ന് ആരംഭിച്ച സർക്കാരിന്റെ നൂറുദിന കർമ പദ്ധതി ഒരു മാസം പിന്നിടാനിരിക്കേ, 1070 പദ്ധതികളിൽ ഇതുവരെ പൂർത്തീകരിച്ചത് വ്യവസായം, സാംസ്കാരികം, എക്സൈസ് വകുപ്പുകളുടേതായി 4 പദ്ധതികൾ. ആകെയുള്ള 898 പദ്ധതി ഘടകങ്ങളിൽ 82 ഘടകങ്ങൾ പൂർത്തിയാക്കി.

English Summary:

Kerala needs to find twenty thousand crores to complete Prioritized projects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com