ADVERTISEMENT

ആരോപണം 1

മലപ്പുറം എസ്പിയുടെ ഔദ്യോഗിക വസതിയിൽ നിന്നു മരം മുറിച്ചു കടത്തി. ആരോപണമുയർന്നപ്പോൾ കൃത്രിമ തെളിവ് തയാറാക്കി.  മരം ഉപയോഗിച്ചുണ്ടാക്കിയ ഫർണിച്ചർ എഡിജിപി എം.ആർ.അജിത് കുമാറും എസ്പി എസ്.സുജിത് ദാസും കൊണ്ടുപോയി. 

∙മലപ്പുറം പൊലീസിലെ മുൻ എസ്ഐ എൻ.ശ്രീജിത്ത് നൽകിയ പരാതി നിലവിലെ എസ്പി എസ്.ശശിധരൻ തൃശൂർ റേഞ്ച് ഡിഐജിക്കു കൈമാറി. നടപടികളുണ്ടായില്ല

പുതിയ വെളിപ്പെടുത്തലിനു പിന്നാലെ തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് മലപ്പുറത്തെത്തി അന്വേഷണം തുടങ്ങി. അന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ മൊഴിയെടുക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്തു. റിപ്പോർട്ട് ഉടൻ ഡിജിപിക്കു കൈമാറും.

ആരോപണം 2

 കോഴിക്കോട് വിമാനത്താവളത്തിലെ സ്വർണക്കടത്ത് ഇടപാടുകളിൽ മുൻ മലപ്പുറം എസ്പി എസ്.സുജിത്ദാസിനു പങ്ക്. ഐപിഎസ് ലഭിക്കുന്നതിനു മുൻപ് കസ്റ്റംസ് ജീവനക്കാരനായിരുന്ന സുജിത് ദാസിനു കള്ളക്കടത്ത് സ്വർണം പിടിക്കുന്നതിന് കസ്റ്റംസിലെ ചിലരുടെ സഹായം ലഭിക്കുന്നു. പിടിച്ചെടുക്കുന്ന സ്വർണത്തിന്റെ ഒരു ഭാഗം മാറ്റിയ ശേഷം ബാക്കിയാണു കസ്റ്റംസിനു നൽകുന്നത്.

∙ഒറ്റയ്ക്കും തെറ്റയ്ക്കും ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും പരാതികളുണ്ടായില്ല.

മുഖ്യമന്ത്രിയുടെ ഉത്തരവുപ്രകാരം ഡിജിപിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണ പരിധിയിൽ ഇതു വരും.

ആരോപണം 3

∙എഡിജിപി എം.ആർ.അജിത് കുമാർ കവടിയാറിൽ കൊട്ടാര സമാനമായ വീടു നിർമിക്കുന്നു. സെന്റിന് 60 മുതൽ 75 ലക്ഷം വരെ വിലയുള്ള സ്ഥലത്ത് അജിത് കുമാറിന്റെ പേരിൽ 10 സെന്റും ഭാര്യാ സഹോദരന്റെ പേരിൽ 12 സെന്റും സ്ഥലം. 12,000 ചതുരശ്ര അടി വലുപ്പമുള്ള വീടാണു നിർമിക്കുന്നത്. 

 ഭൂമി വാങ്ങിയതിലും വീട് നിർമിക്കുന്നതിലും സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയോട് അജിത് കുമാർ വിശദീകരിച്ചു. ഒന്നര കോടി രൂപ വായ്പയെടുത്താണു വീട് നിർമിക്കുന്നതെന്നും അറിയിച്ചു.

ആരോപണം 4

∙ അജിത് കുമാർ സൈബർ സെല്ലിൽ സ്വന്തം സംവിധാനമുണ്ടാക്കി. തനിക്ക് വിവരങ്ങൾ നൽകാനായി മാത്രം ഐപിഎസ് ഉദ്യോഗസ്ഥനെ നിയമിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫോണുകൾ ചോർത്തി. 

ഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇക്കാര്യം വിശദമായി പരിശോധിക്കും. ഏതൊക്കെ മന്ത്രിമാരുടെ ഫോണുകളാണു ചോർത്തിയതെന്ന വിവരം അൻവറിൽ നിന്ന് ആരായും. പൊലീസ് ഒൗദ്യോഗികമായി ചോർത്തുന്ന ഫോണുകളുടെ വിശദാംശങ്ങൾ ആഭ്യന്തര സെക്രട്ടറിയിൽ നിന്ന് ശേഖരിക്കും. 

ആരോപണം 5

∙ എഡിജിപി അജിത് കുമാറിനു ദുബായിൽ സ്വർണക്കടത്തു സംഘങ്ങളുമായി ബന്ധം. അജിത് കുമാറിന്റെ ഭാര്യയും സഹോദരനും തമ്മിൽ സംസാരിക്കുമ്പോൾ ദുബായിലും കേരളത്തിലും കള്ളക്കടത്തു ബന്ധമുള്ള ആളുകളെയും കോളിലേക്കു കണക്ട് ചെയ്യുന്നു. അതിന്റെ റിക്കോർഡ് കൈവശമുണ്ട്. 

പ്രത്യേക അന്വേഷണ സംഘം വിഷയം പരിശോധിക്കും. കൂടുതൽ വിശദാംശങ്ങൾക്കായി അൻവറിന്റെ മൊഴിയെടുക്കും. സ്വർണക്കടത്ത് അടക്കം തന്റെ നേർക്കുയർന്ന ആരോപണങ്ങളെല്ലാം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അജിത് കുമാർ മുഖ്യമന്ത്രിക്കു കത്ത് നൽകിയിട്ടുണ്ട്. 

ആരോപണം 6

∙ ഓൺലൈൻ മാധ്യമ ഉടമയ്ക്കെതിരായ കേസ് ഒത്തുതീർപ്പാക്കാൻ അജിത് കുമാർ 2 കോടി രൂപ കൈക്കൂലി വാങ്ങി. 

ഓൺലൈൻ മാധ്യമ ഉടമ പൊലീസ് സേനയുടെ വയർലെസ് ചോർത്തുകയും യുട്യൂബ് ചാനലിലൂടെ പുറത്തുവിടുകയും ചെയ്തെന്നു കാട്ടി പി.വി.അൻവർ ഡിജിപിക്കു നൽകിയ പരാതിയിലാണു 2023 ജൂലൈയിൽ ഒൗദ്യോഗിക രഹസ്യ നിയമം, ഐടി, ടെലിഗ്രാഫ് നിയമങ്ങൾ പ്രകാരം സൈബർ ക്രൈം പൊലീസ് കേസെടുത്തത്. പുതിയ ആരോപണങ്ങളിൽ തുടർ നടപടികളൊന്നുമില്ല. 

ആരോപണം 7

∙ തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ ജയിപ്പിക്കാനായി എം.ആർ.അജിത് കുമാർ പൂരം കലക്കി.

സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് കമ്മിഷണർ അങ്കിത് അശോകിനെ സ്ഥലം മാറ്റി. വിശദമായ അന്വേഷണം നടത്തിയത് എ‍ഡ‍ിജിപി അജിത് കുമാർ. ഒരാഴ്ചയ്ക്കുശേഷം റിപ്പോർട്ട് സമർപ്പിച്ചെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ പുറത്തുവന്നിട്ടില്ല. അൻവറിന്റെ ആരോപണങ്ങൾക്കു ശേഷവും തുടർനടപടികളൊന്നുമില്ല.

English Summary:

PV Anwar's allegations and subsequent actions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com