ADVERTISEMENT

കൊച്ചി∙ ബോണസ് പേയ്മെന്റ് നിയമത്തിലെ ഭേദഗതി ശരിവച്ച ഹൈക്കോടതി വിധി ബോണസ് ചർച്ചകൾ നടക്കുന്ന ഓണക്കാലത്ത് വലിയ വിഭാഗം തൊഴിലാളികൾക്കു പ്രതീക്ഷയ്ക്കു വക നൽകുന്നതാണ്. കേന്ദ്ര നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത സംബന്ധിച്ച് 8 വർഷമായി നിലനിന്ന നിയമ പോരാട്ടത്തിന് ഇതോടെ തീരുമാനമായി.  

ഫാക്ടറികളിലും ഇരുപതിലേറെ തൊഴിലാളികളുള്ള മറ്റു സ്ഥാപനങ്ങളിലും വേതനത്തിന്റെ 8.33% മിനിമം ബോണസ് നൽകണമെന്നാണു നിയമം. നിയമ ഭേദഗതിക്കു മുൻപ് പ്രതിമാസം 10,000 രൂപ വരെ ശമ്പളം/വേതനം ഉള്ളവർക്കാണു ബോണസിന് അർഹത ഉണ്ടായിരുന്നത്. കേന്ദ്രസർക്കാർ ഈ വേതന പരിധി 21,000 രൂപ ആക്കിയതോടെ കൂടുതൽ തൊഴിലാളികൾ ബോണസ് പരിധിയിലായി. മാത്രമല്ല നിയമത്തിലെ 12–ാം വകുപ്പ് ഭേദഗതി ചെയ്ത്, ബോണസ് നിർണയിക്കാൻ മാനദണ്ഡമാക്കുന്ന വേതന പരിധി പ്രതിമാസം 3500ൽ നിന്ന് 7000 രൂപയാക്കി. സർക്കാർ ആ ജോലിക്കു നിശ്ചയിച്ചിട്ടുള്ള മിനിമം വേതനം അതിൽ കൂടുതലാണെങ്കിൽ അതു പരിഗണിക്കാമെന്നും വ്യവസ്ഥ ചെയ്തു. 

ബോണസ് തുകയിൽ വലിയ മാറ്റം വരുത്തുന്നതാണ് ഈ വ്യവസ്ഥകൾ. തൊഴിലാളി യൂണിയനുകളുമായുള്ള ചർച്ചകളുടെ അടിസ്ഥാനത്തിൽ പല സ്ഥാപനങ്ങളും അടിസ്ഥാന ശമ്പളത്തിന്റെ 8.33% മുതൽ 20% വരെയാണു ബോണസ് നൽകുന്നത്. 

നിയമഭേദഗതിക്ക് 2014 മുതലുള്ള മുൻകാല പ്രാബല്യം ഏർപ്പെടുത്തിയ വ്യവസ്ഥ 2016ൽ കോടതി സ്റ്റേ ചെയ്തിരുന്നു. കുറെ സ്ഥാപനങ്ങളിൽ 2015–16 സാമ്പത്തിക വർഷം മുതൽ ഭേദഗതി നടപ്പാക്കുന്നുണ്ട്. 

മുൻകാല പ്രാബല്യ വ്യവസ്ഥയും അന്തിമ വിധിയിൽ ശരിവച്ചതോടെ, ഭേദഗതിയുടെ ബലത്തിൽ ബോണസ് പരിധിയിൽ ഉൾപ്പെടുന്നവർക്കു കുടിശിക ലഭിക്കാനും സാധ്യത തെളിയുകയാണ്.

English Summary:

Bonus Act Amendment: Verdict gives hope to workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com