ADVERTISEMENT

തൃശൂർ ∙ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാൽ പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പൊതുജനത്തിനു നൽകാൻ ബാധ്യസ്ഥരാണെന്നതിനാൽ ജാഗ്രത പാലിക്കണമെന്നു ജില്ലാ പൊലീസ് മേധാവിമാർക്കു മുന്നറിയിപ്പുമായി ഡിജിപിയുടെ സർക്കുലർ. പീച്ചി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കൈമാറാൻ വിവരാവകാശ കമ്മിഷണർ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണു ഡിജിപിയുടെ നിർദേശം. പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാനും കോടതിവഴി നിയമ നടപടിക്കും ഇടയാക്കാനും സാധ്യതയുള്ളതിനാൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.

പീച്ചി പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞവർഷം മേയിൽ ഹോട്ടൽ ജീവനക്കാർക്കു നേരെ നടന്ന മർദനമാണു പൊലീസ് വകുപ്പിനാകെ തലവേദനയുണ്ടാക്കുന്ന സംഭവം ആയി മാറിയത്. പട്ടിക്കാട് സെന്ററിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ വണ്ടാഴി സ്വദേശിയും ബന്ധുവും ഹോട്ടൽ ജീവനക്കാരുമായി സംഘർഷത്തിലേ‍ർപ്പെട്ടിരുന്നു. ഹോട്ടൽ ജീവനക്കാർ മർദിച്ചെന്ന് ഇവർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പീച്ചി പൊലീസ് ഇവരെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു. ലിബിൻ, റോണി എന്നീ ജീവനക്കാരെ അന്നത്തെ എസ്ഐ രതീഷ് അടിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു. ഹോട്ടലുടമ അടക്കം 5 പേരെ ലോക്കപ്പിൽ കയറ്റുകയും ചെയ്തു. മർദനത്തിന്റെ സിസിടിവി ദൃശ്യം ആവശ്യപ്പെട്ടു ഹോട്ടൽ ജീവനക്കാർ പൊലീസിന‍ു വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയെങ്കിലും നിരസിച്ചു. ഇവർ വിവരാവകാശ കമ്മിഷനെ സമീപിച്ചതോടെയാണു ദൃശ്യങ്ങൾ ഹാജരാക്കാൻ നിർദേശം നൽകിയത്. 

ക്യാമറ 520 സ്റ്റേഷനുകളിൽ

സംസ്ഥാനത്തെ 520 പൊലീസ് സ്റ്റേഷനുകളിലാണു സിസിടിവി സ്ഥാപിക്കാൻ ആഭ്യന്തര വകുപ്പ് നടപടിയെടുത്തത്. ഇതിലെ ദൃശ്യങ്ങൾ വിവരാവകാശ നിയമപരിധിയിൽ ഉൾപ്പെട്ടത്തോടെ കസ്റ്റഡി മർദനങ്ങൾ എന്നെന്നേക്കുമായി നിലച്ചേക്കും. ഡൽഹി ആസ്ഥാനമായുള്ള ടെലികമ്യൂണിക്കേഷൻസ് കൺസൽട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയാണു ക്യാമറകൾ സ്ഥാപിക്കാൻ കരാറെടുത്തത്. എത്ര സ്റ്റേഷനുകളിൽ ക്യാമറകൾ പൂർണസജ്ജമായെന്ന വിവരം ലഭ്യമായിട്ടില്ല. 39 കോടി രൂപ ചെലവഴിച്ചായിരുന്നു പദ്ധതി. 

English Summary:

DGP's circular with warning to district police chiefs about cctv visuals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com