ADVERTISEMENT

തിരുവനന്തപുരം∙ സിനിമ മേഖലയിലെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോർട്ടിൽ വിശദ പരിശോധന പൂർത്തിയാക്കി പ്രത്യേക അന്വേഷണ സംഘം മൊഴിയെടുപ്പിലേക്കു കടക്കുന്നു. ഏകദേശം 4000 പേജുള്ള റിപ്പോർട്ട് 5 ദിവസം കൊണ്ടാണ് ഐജി ജി.സ്പർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം പരിശോധിച്ചത്. ഇന്നു യോഗം ചേരുന്ന അന്വേഷണ സംഘം മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയാറാക്കും. 

നടിമാരടക്കമുള്ളവർ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ രൂപീകരിച്ച പ്രത്യേക സംഘം, ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്നാണു ഹേമ കമ്മിറ്റി റിപ്പോർട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. റിപ്പോർട്ടിൽ പരിശോധന പൂർത്തിയായതോടെ അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണെന്നു പൊലീസ് വൃത്തങ്ങൾ പറ‍ഞ്ഞു. 

അതിക്രമങ്ങൾക്ക് ഇരയായവർ കമ്മിറ്റി മുൻപാകെ വിശദമായി സംസാരിച്ചിട്ടുണ്ട്. അന്വേഷണസംഘത്തിലെ വനിതാ ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ ഇവരിൽനിന്നു മൊഴിയെടുക്കും. അതേസമയം, കമ്മിറ്റിക്കു മുന്നിൽ രഹസ്യമായി സംസാരിച്ചവരിൽ പലരും പൊലീസിനു മൊഴിനൽകി കേസുമായി മുന്നോട്ടുപോകാൻ തയാറായേക്കില്ലെന്നും സൂചനയുണ്ട്. തങ്ങളുടെ പേരും മറ്റു വിവരങ്ങളും പുറത്താക‌ുമെന്ന ആശങ്കയാണു കാരണം. 

മൊഴി നൽകാൻ തയാറായാൽ ലോക്കൽ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും. അതിക്രമങ്ങൾക്ക് ഇരയായവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് അന്വേഷണസംഘത്തിനു മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സ്വകാര്യ മൊഴികൾ വാർത്ത ചാനലിലൂടെ പുറത്തുവന്നതിൽ ആശങ്കയറിയിച്ച് ഡബ്ല്യുസിസി അംഗങ്ങൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. 

English Summary:

Hema Committee report: Investigation team begins statement collection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com