ADVERTISEMENT

പാലക്കാട് ∙ ഇ–സിം (എംബഡഡ് സിം) സംവിധാനത്തിലേക്കു മാറുന്ന മൊബൈൽ ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ടു സംസ്ഥാനത്തു തട്ടിപ്പു വ്യാപകമാകുന്നു. കസ്റ്റമർ കെയറിൽനിന്നാണെന്ന വ്യാജേന വിളിക്കുന്ന സംഘം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കിയാണു പണം തട്ടുന്നത്.

സംസ്ഥാനത്തു 2 മാസത്തിനിടെ 18 കേസുകളാണു റജിസ്റ്റർ ചെയ്തത്. നാഷനൽ സൈബർ ക്രൈം പോർട്ടലിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 97 പരാതികൾ വന്നിട്ടുണ്ട്. 7 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നെന്നാണു പരാതി. ജാഗ്രത പാലിക്കാൻ പൊലീസ് മുന്നറിയിപ്പു നൽകി.

എന്താണ് ഇ–സിം ?

ഇ–സിം അഥവാ ഡിജിറ്റൽ സിമ്മിൽ സിം കാർഡ് ഉണ്ടാകില്ല. ടെലികോം കമ്പനികളുടെ ഓഫിസുകളിൽ നേരിട്ടു പോകാതെ ഓൺലൈൻ വഴി തന്നെ ആക്ടിവേറ്റ് ചെയ്യാനാകും. ടെലികോം കമ്പനികൾക്കു സിം പ്രോഗ്രാം ചെയ്യാനും ഡി ആക്ടിവേറ്റ് ചെയ്യാനും കണക്‌ഷൻ മറ്റൊരു ഫോണിലേക്കു മാറ്റാനും കഴിയും.

തട്ടിപ്പ് ഇങ്ങനെ

കസ്റ്റമർ കെയറിൽനിന്നെന്ന വ്യാജേന വിളിക്കുന്ന തട്ടിപ്പു സംഘം മൊബൈൽ സേവന ദാതാക്കളുടെ ആപ്പിലോ വെബ്‌സൈറ്റിലോ പ്രവേശിച്ചു 32 അക്ക ഇ-ഐഡി നൽകി ഇ-സിം ആക്ടിവേറ്റ് ചെയ്യാൻ ആവശ്യപ്പെടും. ഇങ്ങനെ ആക്ടിവേറ്റ് ചെയ്യുന്നവരുടെ ഇ-മെയിലിലേക്കു ലഭിക്കുന്ന ക്യു ആർ കോഡ് സംഘത്തിന്റെ വാട്സാപ് നമ്പറിൽ അയച്ചു നൽകാൻ ആവശ്യപ്പെടും. ക്യു ആർ കോഡ് ലഭിക്കുന്ന തട്ടിപ്പുകാർ അവരുടെ മൊബൈലിൽ ഇ-സിം ആക്ടിവേറ്റ് ചെയ്യുന്നതോടെ നിങ്ങളുടെ സിം കാർഡിന്റെ പൂർണ നിയന്ത്രണം അവരുടെ കൈകളിലാകും.

ഇതോടെ നിങ്ങളുടെ കൈവശമുള്ള സിം പ്രവർത്തനരഹിതമാകും. 24 മണിക്കൂറിനുള്ളിൽ മാത്രമേ നിങ്ങളുടെ ഇ-സിം പ്രവർത്തിച്ചു തുടങ്ങൂ എന്നും തട്ടിപ്പുകാർ അറിയിക്കും. ഈ സമയത്തിനുള്ളിൽ നിങ്ങളുടെ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും നിയന്ത്രണം തട്ടിപ്പുകാർ ഏറ്റെടുക്കും. ഓൺലൈൻ ഇടപാടുകൾ ചെയ്യുമ്പോൾ ലഭിക്കുന്ന ഒടിപി നമ്പറും അവരുടെ മൊബൈൽ ഫോണിലാണ് എത്തുക.

ശ്രദ്ധിക്കാം

∙ ഇ–സിം ആക്ടിവേറ്റ് ചെയ്യാനും മറ്റൊരു ഫോണിലേക്കു മാറ്റാനും സേവനദാതാക്കൾ പരസ്യപ്പെടുത്തിയിരിക്കുന്ന നമ്പറിലേക്ക് മാത്രം എസ്എംഎസ് അയയ്ക്കുക. മെയിലിൽ കിട്ടുന്ന ക്യുആർ കോഡ് ഉപയോഗിച്ചു മാത്രം ഇ–സിം ആക്ടിവേറ്റ് ചെയ്യുക. ക്യുആർ കോഡ് ആർക്കും കൈമാറരുത്. കൈമാറാൻ സേവനദാതാക്കൾ ആവശ്യപ്പെടാറില്ല.

∙ ഇ–സിം ഉപയോഗിക്കുന്നവരാണെങ്കിൽ, ആ നമ്പറിൽ ബാങ്ക് അക്കൗണ്ടുകൾ, പണമിടപാട് ആപ്പുകൾ, ക്ലൗഡ് പ്ലാറ്റ്ഫോം അക്കൗണ്ടുകൾ എന്നിവ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, അത്തരം അക്കൗണ്ടുകൾക്കു 2 ഫാക്ടർ ഒതന്റിഫിക്കേഷൻ സെറ്റ് ചെയ്യണം.

∙ എല്ലാ ഡിജിറ്റൽ അക്കൗണ്ടുകൾക്കും ‘2 സ്റ്റെപ് വെരിഫിക്കേഷൻ’ എന്ന അധിക സുരക്ഷാക്രമീകരണം ഉപയോഗിക്കണം.

English Summary:

Police wants customers to be careful about spreading E-SIM fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com