ADVERTISEMENT

കണ്ണൂർ∙ തെർമോകോൾ പ്ലേറ്റിൽ വിളമ്പിയ കാടമുട്ട ഫ്രൈയുടെ ചിത്രം ഫെയ്സ്ബുക് പേജിൽ പോസ്റ്റ് ചെയ്ത മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ കമന്റിലൂടെ നിയമലംഘനം ഓർമപ്പെടുത്തി ശുചിത്വ മിഷൻ ജീവനക്കാരൻ. വയനാട് ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള ക്യാംപെയ്നിന്റെ ഭാഗമായാണ് ‘താമരശ്ശേരി ചുരത്തിലെ കാടമുട്ട ഫ്രൈയും കൂടെ ചൂട് ചായയും കഴിച്ചിട്ടുണ്ടോ?’ എന്ന ചോദ്യവുമായി മന്ത്രി റിയാസ് ഫോട്ടോ പോസ്റ്റ് ചെയ്തത്. 

കാടമുട്ട കൊടുക്കുന്നത് സർക്കാർ വർഷങ്ങൾക്ക് മുൻപ് നിരോധിച്ച തെർമോകോൾ പ്ലേറ്റിലാണോ എന്ന സംശയം ബഹു. മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞാണ് കമന്റ് തുടങ്ങുന്നത്. കണ്ണൂർ ജില്ലയിൽ ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പിനു കീഴിലുള്ള സ്ക്വാഡിലെ എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ.അജയകുമാറാണ് കമന്റിട്ടിരിക്കുന്നത്.

തെർമോകോൾ ഉൾപ്പെടെയുള്ള ഒറ്റത്തവണ ഉപയോഗ വസ്തുക്കൾ സൂക്ഷിക്കുന്നത് ആദ്യതവണ 10,000 രൂപയും രണ്ടാം തവണ 25,000 രൂപയും പിഴ ചുമത്തേണ്ട കുറ്റമാണ്. മൂന്നാം തവണ അരലക്ഷം രൂപ പിഴ ചുമത്തി ലൈസൻസ് റദ്ദാക്കണമെന്നാണ് വ്യവസ്ഥ. ആരോഗ്യത്തിന് ഹാനികരമായ തെർമോകോൾ മാലിന്യം ഹോട്ടലുകാർ ചുരത്തിൽ തന്നെ എവിടെയെങ്കിലും തള്ളുകയാകും ചെയ്യുകയെന്നും കമന്റിൽ പറയുന്നു. 

 ജൈവമാലിന്യം പോലെ തെർമോകോൾ സംസ്കരിക്കാൻ പറ്റില്ല, കത്തിക്കാനും പറ്റില്ല. ഭക്ഷണാവശിഷ്ടങ്ങൾ പുരണ്ട തെർമോകോൾ റീസൈക്ലിങ്ങിന് യോജ്യവുമല്ല. ഇത്തരം നിരോധിത ഒറ്റത്തവണ ഉപയോഗ സാധനങ്ങൾ പിടിച്ചെടുത്ത് പിഴ ചുമത്തേണ്ടത് അതത് തദ്ദേശസ്ഥാപനങ്ങളിലെ വിജിലൻസ് സ്ക്വാഡുകളാണ്. ജില്ലാ തലത്തിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡും ഉണ്ട്. വലിച്ചെറിയൽ മുക്ത കേരളമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ അപേക്ഷയെന്നു പറഞ്ഞാണ് കമന്റ് അവസാനിപ്പിച്ചിരിക്കുന്നത്.

English Summary:

Suchitwa Mission officer reminded PA Mohammed Riyas' violation of law through comment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com