ADVERTISEMENT

തിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ പ്രത്യേക അന്വേഷണ സംഘത്തലവൻ കൂടിയായ ഡിജിപി എസ്.ദർവേഷ് സാഹിബ് നൽകിയ വിജിലൻസ് അന്വേഷണ ശുപാ‍ർശ ഒരാഴ്ചയായി മുഖ്യമന്ത്രിയുടെ ഓഫിസിൽ കുടുങ്ങിക്കിടക്കുന്നു. എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച് ഇടതു മുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഉത്തരവും ഡിജിപിക്കു കൈമാറിയില്ല. ഇക്കാര്യത്തിൽ സിപിഐയുടെ ആവശ്യം മുഖ്യമന്ത്രി കാര്യമായെടുത്തതായി സൂചനയില്ല.

  • Also Read

ഫലത്തിൽ, അജിത്തിനെതിരായ ഇടതുപക്ഷ എംഎൽഎ പി.വി.അൻവറിന്റെ ആരോപണത്തിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം തന്നെ മെല്ലെപ്പോക്കിലായി. ചില അഴിമതി ആരോപണങ്ങൾ ആദ്യം ഉന്നയിച്ച അൻവർ പിന്നീടു പ്രത്യേക സംഘത്തിനു നൽകിയ മൊഴിയിലാണ് അജിത്തിനെതിരെ അവിഹിത സ്വത്തു സമ്പാദനവും ഉന്നയിച്ചത്. ഈ മൊഴി പരിശോധിച്ച ശേഷമാണ് അതിലെ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിനു ഡിജിപി സർക്കാരിന്റെ അനുമതി തേടിയത്.

ഒരു കാര്യത്തിലും സംഘാംഗങ്ങൾക്കു ഡിജിപി രേഖാമൂലം ഉത്തരവു നൽകുന്നില്ല. വാക്കാൽ പറയുന്ന കാര്യങ്ങളിൽ അന്വേഷണ സംഘത്തിനു തുടർനടപടി സ്വീകരിക്കാനുമാകുന്നില്ല.

എസ്പിമാർക്ക് എതിരെയും അന്വേഷണമില്ല

കൊല്ലം മുൻ റൂറൽ എസ്പി, മലപ്പുറം മുൻ എസ്പി, കോഴിക്കോട് കമ്മിഷണർ എന്നിവർക്കെതിരെ അന്വേഷണം വേണമെന്ന ഡിജിപിയുടെ ആവശ്യത്തിലും സർക്കാർ മുഖം തിരിച്ചിരിക്കുകയാണ്. ഓയൂരിൽനിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൊല്ലം റൂറൽ എസ്പിയായിരുന്ന കെ.എം.സാബു മാത്യു ഡിജിപിയോട് ആലോചിക്കാതെ എഡിജിപിയുടെ നിർദേശപ്രകാരം തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കു ജാമ്യം ലഭിച്ചു. ഈ സംഭവത്തിലാണ് എസ്പിക്കെതിരെ ഡിജിപി നടപടി ആവശ്യപ്പെട്ടത്.മലപ്പുറം എസ്പിയായിരിക്കെ എസ്.ശശിധരനും കോഴിക്കോട് കമ്മിഷണർ ടി.നാരായണനും ഡിജിപിയുടെ നിർദേശം ലംഘിച്ച് എഡിജിപിക്കു നേരിട്ടു കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

English Summary:

Vigilance investigation against ADGP M.R. Ajith Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com