ADVERTISEMENT

തിരുവനന്തപുരം ∙ പൂരം കലക്കൽ അന്വേഷണവും സർക്കാർ ഗൗരവത്തോടെ എടുത്തില്ലെന്ന സൂചനകൾ പുറത്തുവന്നതോടെ സിപിഐയിൽ രോഷം പതഞ്ഞു പൊങ്ങുന്നു. ഇന്നു രാവിലെ 11നു മുഖ്യമന്ത്രി നടത്താനിരിക്കുന്ന വാർത്താ സമ്മേളനത്തെ ഏറ്റവും ആകാംക്ഷയോടെ ഉറ്റുനോക്കുന്നതു സിപിഐയാണ്. പാർട്ടിയെ വിശ്വാസത്തിലെടുക്കാൻ പോന്ന പ്രഖ്യാപനങ്ങൾ അവർ പിണറായിയിൽനിന്നു പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഐ ഏറ്റവും പ്രതീക്ഷ വച്ച സീറ്റാണ് തൃശൂർ. പൂരം കലങ്ങിയതോടെയാണ് പാർട്ടിയുടെ സ്ഥാനാർഥി വി.എസ്.സുനിൽകുമാറിന്റെ മുന്നേറ്റത്തിനു താളം പിഴച്ചതെന്നാണു സിപിഐ വിലയിരുത്തൽ. 

അതുകൊണ്ടുതന്നെ അതിനു പിന്നിൽ എന്തു സംഭവിച്ചെന്ന അന്വേഷണവും പരിശോധനയും കൂടിയേ തീരൂവെന്ന കർശന നിലപാട് സുനിലും തൃശൂരിലെ സിപിഐയും കൈക്കൊണ്ടു. എഡിജിപിയുടെ അന്വേഷണത്തിന് എന്തു സംഭവിച്ചെന്ന ആശയക്കുഴപ്പം സിപിഐയിൽ ശക്തമായിരിക്കുമ്പോഴാണ് വിവരാവകാശരേഖ പ്രകാരമുള്ള പുതിയ വിവരങ്ങൾ പുറത്തു വരുന്നത്.

ആർഎസ്എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയുടെ പേരിൽ പുറത്താക്കണമെന്ന് സിപിഐ ആവശ്യപ്പെടുന്ന എഡിജിപി എം.ആർ.അജിത്കുമാർ തന്നെയാണു പൂരം കലക്കലുമായി ബന്ധപ്പെട്ട വാർത്തകളിലും നിറഞ്ഞു നിൽക്കുന്നത്. 

സിപിഎം– ബിജെപി രഹസ്യധാരണയാണ് പൂരം കലക്കലിൽ പ്രതിപക്ഷം ആരോപിക്കുന്നത്. അവർക്കിടയിലെ കണ്ണിയായി അജിത്കുമാർ പ്രവർത്തിച്ചതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ ആർഎസ്എസ് കൂടിക്കാഴ്ചകൾ എന്നാണു പ്രതിപക്ഷ ആരോപണം. എന്നാൽ, കൂടിക്കാഴ്ച 16 മാസം മുൻപായിരുന്നുവെന്നാണ് ബിജെപിയുടെ പ്രതിരോധം. അജിത്കുമാറിന്റെ അന്വേഷണ റിപ്പോർട്ടിൽ സിപിഐ വിശ്വാസ്യത കാണുന്നില്ല. ബിജെപിക്ക് കേരളത്തിൽനിന്ന് ആദ്യ ലോക്സഭാസീറ്റ് കിട്ടാനിടയാക്കിയതിനു പിന്നിൽ രാഷ്ട്രീയ രഹസ്യധാരണയോ ഉദ്യോഗസ്ഥ ഇടപെടലോ ഉണ്ടോ എന്നു കണ്ടെത്തണമെന്നാണ് അവരുടെ ആവശ്യം.

അജിത്തിനെ ക്രമസമാധാനച്ചുമതലയിൽനിന്നു നീക്കണമെന്ന ആവശ്യം നടപ്പാകുക തന്നെ ചെയ്യുമെന്ന സൂചനകൾ സിപിഎം നേതാക്കൾ സിപിഐക്കു കൈമാറിയിട്ടുണ്ട്. എഡിജിപിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദത്തിൽ തീരുമാനമെടുത്ത ശേഷമേ ഇനി മാധ്യമങ്ങളെ മുഖ്യമന്ത്രി കാണൂവെന്ന വിവരമാണു ഭരണ കേന്ദ്രങ്ങൾ നേരത്തേ പങ്കുവച്ചത്. സിപിഐയെ വീണ്ടും തഴഞ്ഞാൽ, എൽഡിഎഫിൽ ഉയരുന്ന പുക തീയായി മാറാം.

English Summary:

CPI against Kerala government on Thrissur Pooram incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com