ADVERTISEMENT

തിരുവനന്തപുരം ∙ ഇടതുപാളയത്തിൽനിന്നുകൊണ്ട് സർക്കാരിനെതിരെ ആഞ്ഞടിച്ച പി.വി.അൻവർ എംഎൽഎക്കു സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന പരോക്ഷ സൂചന നൽകി മുഖ്യമന്ത്രി. സ്വർണക്കടത്തുകാർക്കു വേണ്ടിയാണോ അൻവറിന്റെ ആരോപണങ്ങളെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യം തള്ളിക്കളയാൻ മുഖ്യമന്ത്രി തയാറായില്ല. ‘അങ്ങനെയൊരു സംശയമുണ്ടെങ്കിൽ അതു നിങ്ങൾ പറയണം, എന്റെ തലയിൽ വയ്ക്കേണ്ട’ എന്ന മറുപടിയിലൂടെ സ്വർണക്കടത്തു സംബന്ധിച്ച് അൻവറിനെ സംശയമുനയിൽ നിർത്തുകയാണ് മുഖ്യമന്ത്രി.

എഡിജിപി എം.ആർ.അജിത്കുമാറിനും പൊലീസ് സേനയ്ക്കും എതിരെ അൻവർ ഉന്നയിച്ച ഏറ്റവും ഗുരുതര ആരോപണമായിരുന്നു സ്വർണംപൊട്ടിക്കൽ. സ്വർണക്കടത്തുകാരിൽനിന്നു സ്വർണം പൊലീസ് അടിച്ചുമാറ്റുന്നുവെന്നായിരുന്നു വിമർശനം. എന്നാൽ, പൊലീസിന്റെ മനോവീര്യം തകർക്കാൻ ലക്ഷ്യമിട്ടുള്ള ആരോപണമായി ഇതിനെ ചിത്രീകരിച്ച മുഖ്യമന്ത്രി, മലപ്പുറത്തുനിന്നടക്കം മുൻ വർഷങ്ങളിൽ പൊലീസ് പിടിച്ച സ്വർണത്തിന്റെയും ഹവാലപ്പണത്തിന്റെയും കണക്കു പുറത്തുവിട്ടു. കടത്തുന്ന സ്വർണം വേർതിരിച്ചെടുക്കുമ്പോൾ അതിന്റെ തൂക്കം കുറയുന്നതു സംബന്ധിച്ച പഠനറിപ്പോർട്ടും അദ്ദേഹം ഉദ്ധരിച്ചു. സ്വർണക്കടത്തു കേസ് പ്രതികളുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പൊലീസിനെ കുറ്റപ്പെടുത്തുന്നതിനെ വിമർശിക്കുകയും ചെയ്തു.

പൊലീസിനു നിർഭയമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്വർണവും ഹവാലപ്പണവും കടത്തുന്നവരെ ശക്തമായി നേരിടുന്നതിൽനിന്നു പിൻമാറാൻ പൊലീസ് ഉദ്ദേശിക്കുന്നില്ല. ഇനി കേരളത്തിൽ സ്വർണം പിടിക്കേണ്ട, ഇഷ്ടംപോലെ പൊയ്ക്കോട്ടെ, പൊലീസ് തിരിഞ്ഞുനോക്കേണ്ടതില്ല എന്ന സമീപനം സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരിട്ട് മാധ്യമങ്ങളെ കണ്ടതിലും അതൃപ്തി

പാർട്ടിക്കുള്ളിലോ തന്റെ മുന്നിലോ അവതരിപ്പിക്കാതെ ആരോപണങ്ങളുമായി അൻവർ നേരിട്ടു മാധ്യമങ്ങളെ കണ്ടതിൽ മുഖ്യമന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. കമ്യൂണിസ്റ്റ് സർക്കാരിന്റെ ഭാഗമായി നിൽക്കുന്ന അൻവർ വിഷയം പാർട്ടിയുടെയോ മുഖ്യമന്ത്രിയുടെയോ ശ്രദ്ധയിൽപെടുത്തേണ്ടിയിരുന്നു. അതിനു ശേഷമായിരുന്നു പരസ്യനിലപാട് സ്വീകരിക്കേണ്ടിയിരുന്നത്. ‘ഞങ്ങളുടെ കൂട്ടത്തിലുള്ളയാൾ സ്വീകരിക്കുന്ന നടപടിയല്ല’ എന്നു പറഞ്ഞ് അൻവറിനെ മുഖ്യമന്ത്രി തള്ളിപ്പറയുകയും ചെയ്തു.

പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ഫോൺ സംഭാഷണം അൻവർ പുറത്തുവിട്ടതിനെയും മുഖ്യമന്ത്രി വിമർശിച്ചു. ‘സംസാരിക്കുന്ന കാര്യങ്ങൾ ഒരു പൊതുപ്രവർത്തകൻ റിക്കോർഡ് ചെയ്യുമോ? ആരോപണങ്ങളുന്നയിച്ച് ആദ്യ വാർത്താസമ്മേളനം നടത്തിയപ്പോൾത്തന്നെ അൻവറിനെ ബന്ധപ്പെടാൻ എന്റെ ഓഫിസിനു നിർദേശം നൽകിയിരുന്നു. എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെയടുത്തു വരണം, അല്ലാതെ മാധ്യമങ്ങളുമായി ചർച്ച ചെയ്യുകയല്ല വേണ്ടത് എന്ന സന്ദേശം നൽകിയിരുന്നു. പക്ഷേ, പിറ്റേന്നും വാർത്താസമ്മേളനം നടത്തി. അപ്പോഴും അദ്ദേഹത്തെ ബന്ധപ്പെട്ടു. ഇനി കൂടുതൽ പറയരുത്, എന്റെയടുത്ത് വരണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. മൂന്നാം ദിവസവും അൻവർ വാർത്താസമ്മേളനം നടത്തി. മുഖ്യമന്ത്രിയെ കാണുമെന്ന് അന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹവുമായി ആകെ 5 മിനിറ്റാണു കണ്ടത്. അര മണിക്കൂറൊന്നും കൂടിക്കാഴ്ച നീണ്ടിട്ടില്ല’ – മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Chief Minister gave an indirect hint PV Anwar MLA is connected with gold smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com