ADVERTISEMENT

തിരുവനന്തപുരം ∙ തൃശൂർ പൂരം കലക്കിയതിൽ ഗൂഢാലോചനയും ബാഹ്യ ഇടപെടലുമുണ്ടായെന്ന സിപിഐയുടെ ഉൾപ്പെടെ ആരോപണം തള്ളി എഡിജിപി എം.ആർ.അജിത്കുമാറിന്റെ അന്വേഷണ റിപ്പോർട്ട്. പ്രശ്നങ്ങൾക്കു കാരണം അന്ന് കമ്മിഷണറായിരുന്ന അങ്കിത് അശോകന്റെ പരിചയക്കുറവും അനുനയമില്ലാത്ത പെരുമാറ്റവുമായിരുന്നുവെന്നു ഡിജിപിക്കു കൈമാറിയ റിപ്പോർട്ടിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, പൂരത്തിന്റെ സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുന്നതിൽ അങ്കിത് വീഴ്ച വരുത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷം ഡിജിപി ആഭ്യന്തര സെക്രട്ടറിക്കു കൈമാറും. ആഭ്യന്തര സെക്രട്ടറിയാണു മുഖ്യമന്ത്രിക്കു സമർപ്പിക്കുക.

5 മാസത്തെ കാലതാമസത്തിനു ശേഷം സമർപ്പിച്ച റിപ്പോർട്ട്, തങ്ങളുടെ പ്രധാന വാദത്തെ തന്നെ ഖണ്ഡിച്ചത് സിപിഐയെ ഞെട്ടിച്ചു. ആരൊക്കെ ഈ വിഷയം വിട്ടാലും തങ്ങൾ വിടില്ലെന്നും ആശങ്കകൾ ദൂരീകരിക്കാൻ ഏതറ്റം വരെയും പോകുമെന്നും സിപിഐയുടെ മന്ത്രി കെ.രാജൻ വ്യക്തമാക്കി. റിപ്പോർട്ട് തള്ളി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും രംഗത്തുവന്നു. പൂരം കലക്കിയതു സംബന്ധിച്ചു ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.

അന്നു സ്ഥലത്തുണ്ടായിരുന്ന താനും ഡിഐജിയും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അജിത്കുമാർ റിപ്പോർട്ടിൽ ഒന്നും പറയുന്നില്ല. മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ തൃശൂരിൽ താമസിച്ചു രാവിലെ തന്നെ അവിടേക്കു പോയി എന്നാണ് അദ്ദേഹം മുൻപ് ഡിജിപിയെ അറിയിച്ചിരുന്നത്. ഡിഐജി അജിതാ ബീഗത്തെ കമ്മിഷണർ അങ്കിത് വിവരങ്ങൾ അറിയിച്ചിരുന്നോ എന്നതിലും വ്യക്തതയില്ല.

പൂരസ്ഥലത്ത് ഹൈക്കോടതി നിർദേശപ്രകാരമുള്ള അധിക നിയന്ത്രണം നടപ്പാക്കിയ കമ്മിഷണറുടെ വീഴ്ചയാണു പ്രധാന പ്രശ്നമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഏകപക്ഷീയ തീരുമാനങ്ങളെടുത്തു, ദേവസ്വങ്ങളെ വിശ്വാസത്തിലെടുത്തില്ല, പരാതികളിൽ ഇടപെട്ടില്ല, പ്രതിഷേധങ്ങളെ അനുനയിപ്പിക്കാൻ ശ്രമിച്ചില്ല, പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ വിന്യസിച്ചില്ല, പ്രശ്നങ്ങൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല എന്നീ വീഴ്ചകൾ അങ്കിത്തിന്റേതായി കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 1500 പേജുള്ള റിപ്പോർട്ടിൽ അധികവും പൂരത്തിനു പതിവായി ഒരുക്കുന്ന സുരക്ഷാവിന്യാസങ്ങളുടെ വിവരങ്ങളും ചിത്രങ്ങളുമാണ്.

English Summary:

Thrissur Pooram disruption: ADGP denies conspiracy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com