ADVERTISEMENT

കുമരകം ∙ കൈപ്പുഴമുട്ടിൽ കാർ ആറ്റിലേക്കു മറിഞ്ഞു മരിച്ച രണ്ടുപേരിൽ ഒരാളുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. മഹാരാഷ്ട്ര താനെ കല്യാൺ തങ്കേവാടി പ്രിത കോഓപ്പറേറ്റീവ് സൊസൈറ്റി 3ൽ താമസിക്കുന്ന കൊട്ടാരക്കര ഓടനാവട്ടം സ്വദേശി ജയിംസ് ജോർജിന്റെ (48) മ‍ൃതദേഹം ഏറ്റുവാങ്ങാൻ ഭാര്യാസഹോദരൻ ആശിഷ് മാത്യു ഉൾപ്പെടെയുള്ള ബന്ധുക്കൾ ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. മൃതദേഹം കൊട്ടാരക്കരയിലെ മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം 27ന് രാവിലെ 10.30നു വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം ഓടനാവട്ടം മാർത്തോമ്മാ പള്ളിയിൽ നടക്കും.

അപകടത്തിൽ മരിച്ച മഹാരാഷ്ട്ര ബദ്‌ലാപുർ ശിവാജി ചൗക്കിൽ ശൈലി രാജേന്ദ്ര സർജെയുടെ (27) മൃതദേഹം എംബാം ചെയ്ത് ഇന്നു ബന്ധുക്കൾക്കു കൈമാറും. ശൈലിയുടെ ഭർത്താവ് പീർ മുഹമ്മദ് അൻവർ ഹുസൈൻ സയ്യിദും മകനും സഹോദരനും ഇന്നലെ രാത്രിയോടെ കോട്ടയത്ത് എത്തി. ശൈലിയുടെ മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവ വെള്ളത്തിൽ നിന്നു കണ്ടെടുത്തെങ്കിലും ഉപയോഗിക്കാൻ സാധിക്കാത്തവണ്ണം നശിച്ചതായി പൊലീസ് പറയുന്നു. ജയിംസിന്റെ ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

കാറിൽ ഒപ്പമുണ്ടായിരുന്ന ശൈലി രാജേന്ദ്ര സർജെ കല്യാൺ കേന്ദ്രീകരിച്ചുള്ള ഹ്യൂമൻ റൈറ്റ്സ് ഫോറത്തിൽ പ്രവർത്തിച്ചിരുന്നയാളാണെന്നാണ് അറിയുന്നത്. വെള്ളത്തിൽ നിന്ന് ഉയർത്തിയെടുത്ത കാർ ഇന്നലെ മോട്ടർ വാഹന വകുപ്പ് പരിശോധിച്ചു. അപകടമുണ്ടായ സ്ഥലത്തിന് അടുത്തുള്ള ഹോംസ്റ്റേകളിൽ ജയിംസ് മുറി ബുക്ക് ചെയ്തിരുന്നോ എന്ന വിവരങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.

കേരളത്തിലെത്തിയത് പുതിയ പ്രോജക്ടിനെന്ന് ബന്ധുക്കൾ

മുംൈബ ∙ കുമരകം കൈപ്പുഴമുട്ടിലുണ്ടായ അപകടമറിഞ്ഞതിന്റെ ഞെട്ടലിലാണ് മുംബൈ മലയാളിയായ ജയിംസ് ജോർജിന്റെ ബന്ധുക്കളും കുടുംബാംഗങ്ങളും. ജയിംസ് തിങ്കളാഴ്ച രാവിലെയാണ് മുംബൈയിൽ നിന്നു പുറപ്പെട്ടത്. കൊച്ചിയിൽ വിമാനം ഇറങ്ങി കാർ വാടകയ്ക്ക് എടുത്ത് പോകുമ്പോഴായിരുന്നു അപകടം.

കെമിക്കൽ എൻജിനീയറായ ജയിംസിന് കുറച്ചുനാൾ മുൻപ് ജോലി നഷ്ടപ്പെട്ടിരുന്നു. അടുത്തയിടെയാണ് പുതിയ ജോലിയിൽ പ്രവേശിച്ചത്. ഒരു പ്രോജക്ട് സംബന്ധിച്ച കാര്യങ്ങൾക്കാണ് കേരളത്തിലേക്കു പോകുന്നതെന്നാണ് വീട്ടുകാരോടു പറഞ്ഞിരുന്നത്.

ഭാര്യാസഹോദരൻ ആശിഷ് മാത്യുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ജയിംസ് ജോർജ് കുടുംബ സമേതം ഈ മാസം രണ്ടിന് നാട്ടിൽ എത്തിയിരുന്നു. ജയിംസിന്റെ പിതാവ് ജോർജ് റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ബിഎസ്എൻഎൽ റിട്ട. ഉദ്യോഗസ്ഥയാണ്. വർഷങ്ങൾക്കു മുൻപു തന്നെ ഇവർ മുംബൈയിൽ സ്ഥിരതാമസക്കാരാണ്. ജയിംസും സഹോദരൻ ഷിബുവും മുംബൈയിലാണു ജനിച്ചതും വളർന്നതും. ഷിബു ഇപ്പോൾ യുഎസിലാണ്.

ജയിംസിന്റെ ഭാര്യ അനു കല്യാണിൽ അധ്യാപികയാണ്. പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന മകനുണ്ട്. മുംബൈയിൽ നിന്ന് കുടുംബാംഗങ്ങൾ ഇന്നു നാട്ടിലെത്തും.

English Summary:

Kaippuzhamuttu accident: James' body received by relatives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com