ADVERTISEMENT

ടോക്കിയോ∙ തിമിംഗല വേട്ടയ്ക്ക് നിലവിലുണ്ടായിരുന്ന വിലക്ക് നീക്കിയതോടെ ജപ്പാനിൽ വീണ്ടും തിമിംഗല വേട്ട. മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറമാണ് തിമിംഗല വേട്ടയ്ക്കുള്ള നിരോധനം നീക്കിയത്. ഇതിന് പിന്നാലെ വടക്കന്‍ ജപ്പാനിലെ കുഷിരോ പട്ടണത്തില്‍ നിന്നും കടലില്‍ പോയ അഞ്ചു കപ്പലുകളില്‍ ഒന്നാണ് ഭീമൻ തിമിംഗലത്തെ വേട്ടയാടി കരക്കെത്തിച്ചത്. ഏകദേശം 27 അടി നീളമുള്ള തിമിംഗലത്തേയും കൊണ്ടാണ് കപ്പൽ തിരിച്ചെത്തിയത്. ഭീമൻ തിമിംഗലത്തെ കരയിലേക്ക് മാറ്റുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. 

തിമിംഗലത്തെ കരയ്‌ക്കെത്തിക്കും മുമ്പ് തന്നെ വയറുകീറി രക്തം കടലില്‍ ഒഴുക്കി കളഞ്ഞിരുന്നു. തിമിംഗലത്തെ ദീര്‍ഘനേരം കേടുവരാതെ സൂക്ഷിക്കാന്‍ വേണ്ടിയാണ് ഈ രീതി വേട്ടക്കാർ നടപ്പാക്കുന്നത്. തിമിംഗലത്തെ ആഘോഷത്തോടെ കരയ്‌ക്കെത്തിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ. അതേസമയം, നിരോധനം നീക്കിയതിനെതിരെ പരിസ്ഥിതി പ്രവർത്തകരടക്കമുള്ളവരുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്.

പരമ്പരാഗത സമുദായങ്ങളുടെ ദീര്‍ഘകാല പാരമ്പര്യ തൊഴിലായിരുന്നു തിമിംഗല വേട്ടയെന്നും ശാസ്ത്രീയ’ ഗവേഷണ ആവശ്യങ്ങള്‍ക്കായി തിമിംഗല വേട്ട നടത്താമെന്നും ജപ്പാൻ രാജ്യാന്തര തിമിംഗല കമ്മിഷനില്‍ (ഐഡബ്ല്യുസി) വാദിച്ചിരുന്നുവെങ്കിലും മറ്റുരാജ്യങ്ങൾ നിലപാട് തള്ളി. കഴിഞ്ഞ വര്‍ഷം ജപ്പാന്‍ ഐഡബ്ല്യുസിയിൽനിന്നു പിൻമാറിയതോടെയാണ് വീണ്ടും വേട്ടയ്ക്കു കളമൊരുങ്ങിയത്.

ഡിസംബര്‍ വരെ 227 തിമിംഗലങ്ങളെ കൊല്ലാനാണ് കപ്പലുകൾക്ക് അനുമതിയെന്ന് ജപ്പാനിലെ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്  വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. നൂറ്റാണ്ടുകളായി തിമിംഗല വേട്ട നടത്തുന്ന രാജ്യമാണ് ജപ്പാൻ. പിന്നിട്ട ദശകങ്ങളില്‍ ഉപഭോഗം ഗണ്യമായി കുറയുകയായിരുന്നു. ജാപ്പനീസ് തിമിംഗലങ്ങളുടെ നാശത്തിന്റെ തുടക്കമാണ് ഐഡബ്ല്യുസിയിൽ നിന്നുള്ള ജപ്പാന്റെ പിൻമാറ്റമെന്നും സന്നദ്ധ സംഘടനകള്‍ പറയുന്നു.

English Summary: Worth Waiting For 31 Years": Japan Whalers Bring Ashore 27 Feet Catch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com