ADVERTISEMENT

‘അഞ്ചാം ക്ലാസ് വരെ സ്കൂളില്‍ പോയി. പക്ഷേ എഴുത്തും വായനേം പഠിച്ചില്ല. മക്കടെ അച്ഛനും എഴുത്തും വായനേം അറിയില്ല. ഞങ്ങള്‍ കൊടുത്ത മൊഴി അവര്‍ ഒന്ന് വായിച്ചുകേള്‍പ്പിച്ചതു പോലുമില്ല. പിന്നെ ഞാനെങ്ങനെ അറിയും, എന്താണ് എഴുതിവച്ചതെന്ന്... ?’ വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച രണ്ടു സഹോദരിമാരുടെ അമ്മയുടെ ചോദ്യം നീളുന്നത് നമ്മുടെ കൂടി നേര്‍ക്കാണ്.

കുട്ടികളെ ശാരീരികമായി പീഡിപ്പിച്ചവരും ആ ജീവനുകളൊടുങ്ങാന്‍ കാരണമായവരും അതിനു കുട പിടിച്ചവരും കേസ് ദുര്‍ബലമായി തയാറാക്കിയവരും പിഴച്ചുവെന്നു കോടതി പോലും പറഞ്ഞ പ്രോസിക്യൂഷനും എല്ലാം നേരിടുന്നതിനെക്കാള്‍ കല്ലേറേൽക്കുന്നത് ഇപ്പോൾ ആ അച്ഛനമ്മമാരാണ്. മക്കളെ നന്നായി ശ്രദ്ധിച്ചു വളര്‍ത്തിയില്ല എന്നതാണ് വിചാരണ പോലും ഇല്ലാതെ കുറ്റക്കാരെന്ന് വിധിക്കാന്‍ തക്കതായി അവര്‍ ചെയ്ത കുറ്റം. ആ അതിര്‍ത്തിഗ്രാമത്തിലെ ജീവിതമെന്തെന്ന് ഒരിക്കലെങ്കിലും ഈ വിമര്‍ശകര്‍ പോയി കാണണം.

‘ആന ഇറങ്ങുന്ന ഇടമാണ്. രാത്രിയൊക്കെ നന്നായി സൂക്ഷിക്കണം’- ഫൊട്ടോഗ്രഫർ സിബു മുന്നറിയിപ്പു നൽകി. അതിനെന്താ, ഓടി രക്ഷപ്പെടാമല്ലോ എന്ന മിടുക്ക് പറയാന്‍ തുടങ്ങിയെങ്കിലും പുറത്തേക്കു നോക്കിയപ്പോൾ വായടഞ്ഞു. കല്ലും മുള്ളും കുത്തനെ കയറ്റിറക്കങ്ങളും കൊന്നക്കാടും പാറക്കെട്ടും ഒറ്റ മഴയില്‍ മുട്ടോളം ആഴ്ന്നുപോകുന്ന ചെളിയും... കേൾക്കുമ്പോൾത്തന്നെ തെല്ലു ഭീതിയും അസ്വസ്ഥതയും തോന്നുന്നുവല്ലേ... എങ്കിൽ അറിയുക, ഇതിനു നടുവിലാണ് വാളയാർ പെൺകുട്ടികൾ എന്നു നമ്മൾ വിളിക്കുന്ന ആ കുരുന്നുകളുടെ കുടുംബം ജീവിക്കുന്നത്.

അമ്മ ഒരു ദിവസം പണിക്കു പോയില്ലെങ്കില്‍ കുഞ്ഞുങ്ങളുടെ പോലും വയര്‍ നിറയാത്ത അവസ്ഥ. എന്നിട്ടും അവര്‍ കുഞ്ഞുങ്ങളെ പട്ടിണിക്കിട്ടില്ല. പത്തു രൂപ വിലയുള്ള ഒരു പായ്ക്കറ്റ് ഗുഡ് ഡേ ബിസ്കറ്റും സേമിയ വേവിച്ചുണ്ടാക്കുന്ന ഉപ്പുമാവും മാത്രമായിരുന്നു ആ കുഞ്ഞുങ്ങളുടെ ആര്‍ഭാടങ്ങള്‍. അച്ഛനും അമ്മയും വീടിന്‍റെ വാര്‍ക്കപ്പണിക്കു പോകുമ്പോള്‍ കിട്ടുന്ന ബിരിയാണിയും പൊറോട്ടയും അവര്‍ കുഞ്ഞുങ്ങള്‍ക്കായി വൈകിട്ടു വരെ കരുതിവച്ചു കൊണ്ടുവന്നു. കുടുംബം പോറ്റാന്‍ നെട്ടോട്ടമോടുന്ന, അക്ഷരാഭ്യാസമില്ലാത്ത ആ അമ്മയ്ക്ക് അങ്ങനെയൊക്കെ സ്നേഹിക്കാനേ അറിയുമായിരുന്നുള്ളു. എന്നിട്ടും നമ്മുടെ വിരലുകള്‍ അവര്‍ക്കു നേരെ മാത്രമാണ് തിരിയുന്നത്.

കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് അറിയാമായിരുന്നു അല്ലെങ്കില്‍ അതിന്‍റെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന് ഒളിഞ്ഞും തെളിഞ്ഞും ഇപ്പോള്‍ പറയുന്ന ആരും അന്നത് തുറന്നുപറയാന്‍ കൂട്ടാക്കിയില്ല. അധ്യാപകരടക്കം ആരും തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്ന് അമ്മ പറയുന്നു. കുട്ടിയുടെ പ്രശ്നങ്ങള്‍ ഒരുപരിധി വരെ തിരിച്ചറിഞ്ഞിരുന്നുവെന്നും കൗണ്‍സലിങ് നല്‍കിയെന്നും അമ്മയെ വിളിപ്പിച്ചിരുന്നുവെന്നും അധ്യാപകര്‍ പറയുന്നു. അപ്പോള്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നു വ്യക്തം. കുട്ടി ക്ലാസില്‍ ഇരിക്കാന്‍ മടിച്ചിരുന്നുവെന്നു പറയുമ്പോള്‍ അവളെ ശാസിക്കാതെ പ്രശ്നങ്ങള്‍ ചോദിച്ചറിയുകയായിരുന്നില്ലേ വേണ്ടിയിരുന്നത്.

പരസ്പരം പഴി ചാരാതെ അന്ന് ആരെങ്കിലും ഒന്നു പരാതിപ്പെടാന്‍ തയാറായിരുന്നെങ്കിൽ, ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചിരുന്നെങ്കില്‍ ആ കുഞ്ഞുങ്ങള്‍ ഇന്നും ബാക്കിയാകുമായിരുന്നു. വീട്ടുകാര്‍ കണ്ണടച്ചുവെന്ന് ആരോപണങ്ങളുന്നയിക്കുന്നവരും ഈ മരണങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നു മോചിതരാകുന്നില്ല.

രണ്ടാമത്തെ കുഞ്ഞിനെയെങ്കിലും സംരക്ഷിച്ചു കൂടായിരുന്നോ എന്നാണ് സുരക്ഷിത സാഹചര്യങ്ങളില്‍ ഇരുന്ന് നാം ആ അമ്മയുടെ നേര്‍ക്ക് എറിയുന്ന മറ്റൊരു ചാട്ടവാര്‍ ചോദ്യം. ‘മൂത്തവള് പോയ ശേഷം നാല്‍പതു ദിവസം ഞങ്ങള് വീട്ടില് ‍തന്നെ ഇരുന്നു. താഴെ രണ്ടു കുഞ്ഞുങ്ങളില്ലേ. അവരെ പട്ടിണിക്കിടാന്‍ പറ്റ്വോ. അതുകൊണ്ട് പണിക്കു പോയതാ. ഞങ്ങള് പോകാന്‍ തുടങ്ങി രണ്ടാഴ്ച തികയും മുന്‍പാണ് ഇളയവളെ ഇല്ലാതാക്കിയത്. അവള് അത്രേം ചെറിയ കുഞ്ഞല്ലേ. അതിനോട് ഇങ്ങനെ ചെയ്യാന്‍ അവന്മാര്‍ക്കു തോന്നുമെന്നു ഞാന്‍ കരുതിയില്ല...’ ആ അമ്മയ്ക്ക് അത്രയേ അറിയൂ. കുഞ്ഞുങ്ങളുടെ വിശപ്പാണ് അവര്‍ക്കു ലോകത്തെ ഏറ്റവും വലിയ പ്രശ്നം. അതിനു പരിഹാരം തേടിയാണ് അവര്‍ അന്നും പോയത്.

‘അവര്‍ടെ വീട്ടിലെ സെറ്റപ്പ് അത്ര ശരിയല്ല, ആ പിള്ളേര്‍ക്ക് നാട്ടിലത്ര നല്ല പേരല്ല, അവന്മാര് വിളിച്ചിടത്ത് അവര് ചെന്നിട്ടല്ലേ’ എന്ന മട്ടില്‍ കുഞ്ഞുങ്ങളുടെ നേര്‍ക്കും അവജ്ഞ നീളുന്നുണ്ട്. ഇത്തരം വിധിയെഴുത്തുകള്‍ക്ക് ആരാണു നമുക്കൊക്കെ അവകാശം നല്‍കിയത്. ഒരു കുഞ്ഞിനെയെങ്കിലും രക്ഷിച്ചിട്ടാണോ ഇങ്ങനെ ഊറ്റം കൊള്ളുന്നത്. ഏതോ മനോവിഷമത്തില്‍ കെട്ടിത്തൂങ്ങി മരിച്ചുവെന്ന് എഫ്ഐആര്‍ എഴുതിയ ഉദ്യോഗസ്ഥരും, (ഓഫ് ദ് റിക്കോര്‍ഡ് ആയിട്ടാണെങ്കില്‍പ്പോലും) പിള്ളേരത് ഇഷ്ടപ്പെട്ടിരുന്നു എന്നു പറയുന്ന അന്വേഷണച്ചുമതലയുള്ള ആളും ഈ മനോഭാവത്തിന്‍റെ പ്രതിനിധികളാണ്.

ഒന്‍പതു വയസ്സുള്ള ഒരു കുഞ്ഞിനെ എന്നെങ്കിലും അവര്‍ ശ്രദ്ധയോടെ, വാത്സല്യത്തോടെ കണ്ടിട്ടുണ്ടോ? അവരോടു സംസാരിച്ചിട്ടുണ്ടോ...? അപ്പോള്‍ മനസ്സിലാകും കുഞ്ഞുങ്ങളുടെ ലോകം എത്ര പരിമിതമെന്ന്. കളിപ്പാട്ടമോ ഇഷ്ടപ്പെട്ട ചോക്ലേറ്റോ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളോ ഒക്കെയേ അവരുടെ വര്‍ത്തമാനങ്ങളിലുണ്ടാകൂ... വാളയാറിലെ കുഞ്ഞുങ്ങള്‍ അത്ര പോലും മോഹിച്ചിരുന്നില്ല. വല്ലപ്പോഴും കിട്ടുന്ന ഗുഡ് ഡേ ബിസ്കറ്റും ഓണത്തിനു മാത്രം കിട്ടുന്ന കോടിത്തുണിയും അച്ഛനും അമ്മയും കൊണ്ടു വരുന്ന തണുത്തു മരവിച്ച പൊറോട്ടയും മാത്രമായിരുന്നു അവരുടെ സ്വപ്നങ്ങളിലുണ്ടായിരുന്നത്. എന്നിട്ടും നാമവരെ ഇപ്പോഴും ആക്ഷേപങ്ങളുടെ, അപമാനങ്ങളുടെ പെരുമഴയില്‍ നിര്‍ത്തുന്നത് എന്തിന്...!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com