ADVERTISEMENT

മലപ്പുറം∙ കേരള ബാങ്കിൽ ലയിക്കുന്നതിനു മുൻപേ ജില്ലാ ബാങ്കുകളിലെ സ്വന്തക്കാർക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കി സർക്കാർ ഇറക്കിയ ശമ്പള പരിഷ്കരണ ഉത്തരവിനു പിന്നാലെ തിരക്കിട്ടു കുടിശിക വിതരണവും. ഇതു സംബന്ധിച്ച് ആശയക്കുഴപ്പവും നിലനിൽക്കുന്നു. സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഒട്ടേറെ കേസുകൾ നിലനിൽക്കെയാണ് ചില ജില്ലാ ബാങ്കുകൾ കുടിശിക നൽകിത്തുടങ്ങിയത്.

സർക്കാർ ഉത്തരവ് തങ്ങളുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും കുടിശിക വിതരണം ചെയ്താൽ വിധിക്ക് അനുസൃതമായി ചിലപ്പോൾ തിരിച്ചടയ്ക്കേണ്ടി വരുമെന്നും ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ആശയക്കുഴപ്പമുള്ളതിനാൽ ഭൂരിഭാഗം ജില്ലാ ബാങ്കുകളും കുടിശിക വിതരണം ആരംഭിച്ചിട്ടില്ല. കോടതി ഉത്തരവ് എതിരായാൽ വിതരണം ചെയ്ത കുടിശിക തിരിച്ചുപിടിച്ചു നൽകേണ്ട ചുമതല തങ്ങൾക്കാകുമെന്നതിനാൽ പല ജില്ലാ ബാങ്കുകളിലും ഉന്നത ഉദ്യോഗസ്ഥർ ഉത്തരവിൽ ഒപ്പിടാൻ മടിക്കുകയാണ്. ഇവർക്കുമേൽ കടുത്ത സമ്മർദവുമുണ്ട്. 

കണ്ണൂർ, കോട്ടയം ജില്ലാ ബാങ്കുകളിലാണ് കുടിശിക വിതരണം ആരംഭിച്ചത്. തിരുവനന്തപുരം ജില്ലാ ബാങ്ക് ശമ്പള പരിഷ്കരണം അനുസരിച്ചുള്ള ഇൻക്രിമെന്റ് ഒരുമാസത്തേത് മുൻകൂറായി നൽകി. കോട്ടയത്ത് കുടിശിക നൽകാനുള്ള ഉത്തരവിൽ ഒപ്പിടാൻ ജനറൽ മാനേജരും 3 ഡപ്യൂട്ടി ജനറൽ മാനേജർമാരും വിസമ്മതിച്ചതിനാൽ ഭരണകക്ഷി യൂണിയന്റെ യൂണിറ്റ് ജനറൽ സെക്രട്ടറികൂടിയായ ജൂനിയറായ മാനേജരാണ് ഒപ്പിട്ടത്. സർക്കാർ ഉത്തരവ് സംബന്ധിച്ച് കൂടുതൽ വിശദീകണം തേടി കൺകറന്റ് ഓഡിറ്റർ സഹകരണ വകുപ്പിന് കത്തയച്ചതിനാൽ കൊല്ലത്ത് കുടിശിക വിതരണം നടന്നില്ല.

പ്രാഥമിക സംഘങ്ങളിൽനിന്ന് പിഎസ്‌സി നിയമനംവഴി ജില്ലാ ബാങ്കുകളിൽ എത്തിയ ജീവനക്കാരിൽ പ്രാഥമിക സംഘങ്ങളിൽ 3 മുതൽ 10 വരെ വർഷം സർവീസുള്ളവർക്ക് ഒരു ഇൻക്രിമെന്റും 10ൽ കൂടുതൽ സർവീസുള്ളവർക്ക് 2 ഇൻക്രിമെന്റും നൽകിയാണ് സർക്കാർ ഉത്തരവിറക്കിയത്. 2012 ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയും 2015 ഏപ്രിൽ ഒന്നുമുതൽ സാമ്പത്തിക ആനുകൂല്യം അനുവദിച്ചുമാണ് ഉത്തരവ് ഇതിനിടെ, പരിഷ്കരണത്തിന്റെ പരിധിയിൽ തങ്ങളെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, 1999ന് മുൻപ് പിഎസ്‌സി വഴിയല്ലാതെ അംഗ ബാങ്കുകളിൽനിന്ന് ജില്ലാ ബാങ്കുകളിലെത്തിയ ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 

1999ൽ ആണ് ജില്ലാ ബാങ്കുകളിലെ നിയമനം പിഎസ്‌സിക്കു വിട്ടത്. ഇവരുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചാൽ ജില്ലാ ബാങ്കുകൾക്ക് ഇരട്ടി ബാധ്യതയാകും. നിലവിലെ പരിഷ്കരണം വഴി 30 കോടി രൂപയുടെ ബാധ്യത ജില്ലാ ബാങ്കുകൾക്ക് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. അംഗ സംഘങ്ങളിൽനിന്നുള്ളവർക്ക് ജില്ലാ ബാങ്ക് നിയമനങ്ങളിൽ നിലവിൽ 50% സംവരണം ഉണ്ട്. 50 വയസ്സുവരെ പരീക്ഷ എഴുതുകയും ചെയ്യാം. സിപിഎമ്മിലെ മലബാർ ലോബിയുടെ സമ്മർദമാണ് ഉത്തരവിനു പിന്നിൽ. പ്രാഥമിക സംഘങ്ങൾവഴി ജില്ലാ ബാങ്കുകളിൽ എത്തിയവരിൽ ഭൂരിഭാഗവും സിപിഎം നേതാക്കളോ നേതാക്കളുടെ അടുത്ത ബന്ധുക്കളോ ആണ്.

മുൻപ് സർക്കാർ ഇത്തരത്തിൽ ഉത്തരവ് ഇറക്കിയെങ്കിലും നേരിട്ട് നിയമനം ലഭിച്ചവർ കേസ് നൽകിയതിനാൽ നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. എല്ലാ വിഭാഗത്തിന്റെയും വാദങ്ങൾ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ജില്ലാ ബാങ്കുകളുടെ വിശദീകരണം തേടാതെയാണ് ഇപ്പോഴത്തെ ഉത്തരവ്. വൻ സാമ്പത്തിക ബാധ്യത വരുന്നതിനാൽ ജില്ലാ ബാങ്കുകൾ എതിർക്കും എന്നതിനാലാണ് അവരുടെ വാദം കേൾക്കാതിരുന്നത് എന്നാണ് ആരോപണം.

ജില്ലാ ബാങ്കുകളുടെ സാമ്പത്തിക ഭദ്രത ഈ തീരുമാനത്തിലൂടെ തകർക്കപ്പെടും. ഉദാഹരണത്തിന് കണ്ണൂർ ജില്ലാ ബാങ്കിന്റെ കഴിഞ്ഞവർഷത്തെ അറ്റാദായം 4 കോടി രൂപയാണ്. രണ്ടു കോടിയിലധികം രൂപ അരിയറായി നൽകേണ്ടിവരും. തൃശൂർ ജില്ലാ ബാങ്കിന്റെ അറ്റാദായം 1. 25 കോടിയാണ്. അരിയറായി ഇവർ നൽകേണ്ടത് 3 കോടി. തിരുവനന്തപുരം ജില്ലാ ബാങ്ക് 435 കോടിയും പത്തനംതിട്ട ജില്ലാ ബാങ്ക് 21 കോടിയും നഷ്ടമാണ് നഷ്ടമാണ് കാണിച്ചത്. എല്ലാ ജില്ലാ ബാങ്കുകൾക്കും കുറഞ്ഞത് 2 കോടി രൂപയെങ്കിലും ഇതുവഴി ബാധ്യത ഉണ്ടാകും. ജില്ലാ ബാങ്കുകളിലെ ശമ്പള പരിഷ്കരണം 3 വർഷമായി നടപ്പാക്കിയിട്ടില്ല. 16% ഡിഎയും കുടിശികയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് വഴിവിട്ട ആനുകൂല്യ വിതരണം.

പിഎസ്‌സി നിയമനങ്ങളിൽ 50% സംവരണം ഉള്ളതിനാൽ ജനറൽ വിഭാഗത്തെക്കാൾ വേഗത്തിൽ ഇവർക്ക് നിയമനം ലഭിക്കുന്നു. ഇവർക്ക് കട്ട് ഓഫ് മാർക്കും വയ്ക്കാറില്ല. ജനറൽ വിഭാഗക്കാരന് ലിസ്റ്റ് വന്ന് രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് നിയമനം ലഭിക്കുമ്പോൾ അംഗബാങ്കുകളുടെ ക്വോട്ടയിൽ വേഗത്തിൽ നിയമനം ലഭിക്കും. മിക്കവാറും പരീക്ഷ എഴുതുന്ന എല്ലാവർക്കുംതന്നെ നിയമനം ലഭിക്കാറാണ് പതിവ്.

ഒരേ ലിസ്റ്റിൽനിന്നുള്ള ജനറൽ വിഭാഗക്കാരൻ സർവീസിൽ കയറുന്നതിനു മുൻപുതന്നെ ഇവർക്ക് ഒന്നോ രണ്ടോ ഇൻക്രിമെന്റും പ്രമോഷനുമെല്ലാം ലഭിച്ചിരിക്കും. കേരള ബാങ്കിന്റെ ഭാഗമായാൽ റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നതിനാൽ ഇഷ്ടക്കാർക്ക് ആനുകൂല്യങ്ങൾ നൽകി നേരത്തേ തന്നെ ഉത്തരവ് ഇറക്കുകയായിരുന്നു.

English Summary: Confusion over District Co-operative Bank Decision on due distribution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com