ADVERTISEMENT

പത്തനംതിട്ട ∙ ഇന്ത്യൻ മഹാസമുദ്രത്തിലെ താപമേഖലയുടെ വിസ്തൃതി കഴിഞ്ഞ 38 വർഷത്തിനുള്ളിൽ ഇരട്ടിയായതായി നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ച പഠനം. പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയോറോളജിയിലെ കാലാവസ്ഥാ വിഭാഗം ശാസ്ത്രജ്ഞനും മലയാളിയുമായ റോക്സി മാത്യു കോളിന്റെ നേതൃത്വത്തിൽ നടത്തിയ ഏറ്റവും പുതിയ പഠനത്തിലാണ് താപ വർധന സംബന്ധിച്ച വ്യക്തമായ തെളിവു ലഭിച്ചത്.

1901 മുതൽ 1980 വരെ താപ മേഖലയുടെ (വാം പൂ‍ൾ) വിസ്തൃതി 22 ദശലക്ഷം ചതുരശ്ര കിലോമീറ്റർ ആയിരുന്നെങ്കിൽ, 1981 മുതൽ 2018 വരെയുള്ള 38 വർഷത്തിനിടയിൽ ഇത് ഏതാണ്ട് ഇരട്ടിയായി (40 ദശലക്ഷം ചതുരശ്ര കിലോമീറ്റർ) സമുദ്ര താപനിലയിൽ വന്ന വലിയ വ്യത്യാസം മൂലം ലോകമെങ്ങും മഴയെത്തിക്കുന്ന ആഗോള മഴപ്പാത്തിയുടെ (മാഡൻ ജൂലിയൻ ഓസിലേഷൻ–MJO) സ്വഭാവത്തിൽ പ്രകടമായ മാറ്റം വന്നു എന്നും പുതിയ പഠനം സൂചിപ്പിക്കുന്നു.

Roxy Mathew Koll
റോക്സി മാത്യു കോൾ

ഇതിന്റെ ഫലമായി ഉത്തരേന്ത്യയിൽ മഴ കുറയും. ദക്ഷിണേന്ത്യയിൽ മഴ നീണ്ടു നിൽക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ചുഴലിക്കാറ്റുകളും പെരുകും.

മഴ കൂടുന്ന ഇടങ്ങൾ: ഓസ്‌ട്രേലിയയുടെ വടക്കുഭാഗം, പസിഫിക്കിന്റെ പടിഞ്ഞാറുഭാഗം, ആമസോൺ, ഇന്തൊനീഷ്യ, ഫിലിപ്പീൻസ് ആഫ്രിക്കയുടെ തെക്കുപടിഞ്ഞാറൻ ഭാഗം.

മഴ കുറയുന്ന ഇടങ്ങൾ: ഉത്തരേന്ത്യ, മധ്യ പസിഫിക്ക്, കിഴക്കൻ ആഫ്രിക്ക, കലിഫോർണിയ, ഫ്ലോറിഡ.

global_impact

പസിഫിക്കിന്റെ പടിഞ്ഞാറു ഭാഗത്താണു താപനിലയിൽ കാര്യമായ വർധന. ഇന്ത്യൻ സമുദ്ര പ്രദേശങ്ങളിൽ നിന്നു വലിയതോതിൽ അന്തരീക്ഷത്തിലെ ജലാംശം പസിഫിക് ഭാഗത്തേക്ക് നീങ്ങുന്നതായും അതിന്റെ ഫലമായി പസിഫിക്കിന്റെ പടിഞ്ഞാറു ഭാഗത്തു കൂടുതൽ മഴമേഘങ്ങൾ ഉണ്ടാകുന്നതു വഴി ഈ പ്രദേശങ്ങളിൽ കൂടുതൽ മഴ ലഭിക്കുന്നതായും കാണുന്നു.

ഇന്ത്യൻ സമുദ്ര ഭാഗങ്ങളിൽ മഴപ്പാത്തിക്ക് 4 ദിവസത്തോളം വേഗം വർധിച്ചതായും പസിഫിക് ഭാഗത്തു 5 ദിവസത്തോളം വേഗം കുറഞ്ഞതായും വ്യക്തമായി. ഭാവിയിൽ ഇന്ത്യ -പസിഫിക് താപ മേഖലയുടെ വിസ്തൃതി കൂടുമെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്. വരുംകാലങ്ങളിൽ മഴയിൽ പ്രകടമായ വ്യതിയാനങ്ങൾ സംഭവിച്ചേക്കാം.

എന്താണ് ആഗോള മഴപ്പാത്തി

-ഡോ. ദീപക് ഗോപാലകൃഷ്ണൻ, ശാസ്ത്രജ്ഞൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയോറോളജി പുണെ

ഭൂമധ്യരേഖയോടടുത്ത ട്രോപ്പിക്കൽ പ്രദേശങ്ങളിലെ അന്തരീക്ഷ സവിശേഷതകൾ നിയന്ത്രിക്കുന്നതിൽ പ്രധാനിയാണ് MJO എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മാഡൻ-ജൂലിയൻ ഓസിലേഷൻ (Madden-Julian Oscillation). ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കു ഭാഗത്തുനിന്നും ആരംഭിച്ച് ഏതാണ്ട് 30 മുതൽ 60 ദിവസം കൊണ്ട് ഭൂമധ്യരേഖയ്ക്ക് സമാന്തരമായി പസിഫിക്, അറ്റ്ലാന്റിക് എന്നീ സമുദ്രങ്ങൾ കടന്ന് തിരിച്ചെത്തുന്ന ഒരു തുടർ പ്രതിഭാസമാണ് MJO.

ഇതിനോടനുബന്ധിച്ച് ഒരുകൂട്ടം മഴമേഘങ്ങളുടെ കിഴക്കുഭാഗത്തേക്കുള്ള സഞ്ചാരം കാണാൻ സാധിക്കും. മഴമേഘങ്ങൾ നീങ്ങുന്നതനുസരിച്ച്  അതിനോടടുത്ത പ്രദേശങ്ങളിൽ ശക്തമായ മഴലഭിക്കുന്നു. 1971 ൽ റൊണാൾഡ് മാഡൻ പോൾ ജൂലിയൻ എന്നീ ശാസ്ത്രജ്ഞർ ചേർന്നാണ് ഇത്തരം ഒരു പ്രതിഭാസത്തെ തിരിച്ചറിഞ്ഞത്. മഴമേഘങ്ങളുടെ ഈ സഞ്ചാരം ചുഴലിക്കാറ്റുകളുടെ ഉത്ഭവം, എൽ നിനോ, ഏഷ്യ, ഓസ്‌ട്രേലിയ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലെ മൺസൂൺ, എന്നിങ്ങനെ  ലോകത്തിലെ പല പ്രതിഭാസങ്ങളെയും സാരമായി ബാധിക്കുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. പൊതുവിൽ സമുദ്രതാപനില (sea surface temperature) കൂടിനിൽക്കുന്ന ഇന്ത്യൻ, പസിഫിക് സമുദ്രഭാഗങ്ങളിലാണ് MJO കൂടുതൽ ശക്തിപ്രാപിക്കുന്നത്.

ആഗോളതാപനവുമായി ബന്ധപ്പെട്ട് സമുദ്ര താപനിലയിലും സാരമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. വിശേഷിച്ചും ഭൂമധ്യരേഖയോടു ചേർന്നുകിടക്കുന്ന ഇൻഡോ-പസിഫിക് വാം പൂൾ (Indo-Pacific warm pool) എന്ന പേരിലറിയപ്പെടുന്ന സമുദ്രഭാഗത്തെ താപനില വളരെയധികം വർധിച്ചിട്ടുണ്ട്. കടലിലെ ഏതെങ്കിലും പ്രത്യേക ഭാഗത്തു- മാത്രം മറ്റുഭാഗങ്ങളെ അപേക്ഷിച്ച് സ്ഥിരമായി ചൂടുകൂടുതലാണെങ്കിൽ, അത്തരം ഭാഗത്തെയാണ് വാം പൂൾ എന്ന് വിശേഷിപ്പിക്കുന്നത്. ആഗോളതാപനത്തിന്റെ ഫലമായി കഴിഞ്ഞ കുറെ വർഷങ്ങളായി ഇൻഡോ-പസിഫിക് വാം പൂൾ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മേൽപ്പറഞ്ഞ വാം പൂളിന്റെ സ്വഭാവത്തിലെ വ്യത്യാസം MJO എന്ന പ്രതിഭാസത്തെ എങ്ങനെ ബാധിക്കുന്നു എന്നത് കൃത്യമായി മനസ്സിലായിരുന്നില്ല.

hottest on record

എന്നാൽ, പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയോറോളജിയിലെ കാലാവസ്ഥാവിഭാഗം ശാസ്ത്രജ്ഞനായ റോക്സി മാത്യു കോളിന്റെ നേതൃത്വത്തിൽ നടത്തിയ ഏറ്റവും പുതിയ പഠനഫലങ്ങൾ സൂചിപ്പിക്കുന്നത്, MJO യുടെ സഞ്ചാരവേഗതയിൽ പ്രകടമായ വ്യത്യാസങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നാണ്‌. ഇന്ത്യൻ സമുദ്രഭാഗങ്ങളിൽ MJO കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നതായും ഇന്തൊനീഷ്യ, ഫിലിപ്പീൻസ്, മലേഷ്യ, പസിഫിക്കിന്റെ  പടിഞ്ഞാറു ഭാഗം മുതലായ പ്രദേശങ്ങളിൽ MJO യുടെ സഞ്ചാരവേഗത്തിൽ കുറവു വന്നതായും കാണുന്നു. 1901 മുതലുള്ള വാം പൂളിന്റെ വിസ്തൃതി പരിശോധിച്ചപ്പോൾ 1980 വരെയുള്ള കാലയളവിൽ ആകെ 22 ദശലക്ഷം ചതുരശ്ര കിലോമീറ്റർ ആയിരുന്നെങ്കിൽ, 1981 മുതൽ 2018 വരെയുള്ള 38 വർഷകാലയളവിൽ ഇത് ഏതാണ്ട് ഇരട്ടിയായി (40 ദശലക്ഷം ചതുരശ്ര കിലോമീറ്റർ) വർധിച്ചതായി കണ്ടെത്തി. വാം പൂളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ  സമുദ്രതാപ-നിലയിൽ വന്ന വലിയ വ്യത്യാസമാണ് MJO യുടെ സ്വഭാവത്തിലെ പ്രകടമായ മാറ്റം എന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

MJO ന്റെ സമയക്രമത്തിലെ വ്യത്യാസം പലഭാഗങ്ങളിലെയും മഴയുടെ വിതരണത്തിൽ പ്രകടമായ മാറ്റങ്ങൾക്ക് കാരണമായതായി പഠനം വിലയിരുത്തുന്നു. ഓസ്‌ട്രേലിയയുടെ വടക്കുഭാഗങ്ങൾ, പസിഫിക്കിന്റെ പടിഞ്ഞാറുഭാഗം, ആമസോൺ, ഇന്തൊനീഷ്യ, ഫിലിപ്പീൻസ്, ആഫ്രിക്കയുടെ തെക്കുപടിഞ്ഞാറൻ ഭാഗം എന്നിവിടങ്ങളിൽ മഴ വർധിക്കുന്നതായും ഇന്ത്യയുടെ വടക്കുഭാഗം, പസിഫിക്കിന്റെ മധ്യഭാഗം, കിഴക്കൻ ആഫ്രിക്ക, അമേരിക്കയിലെ കലിഫോർണിയ, ഫ്ലോറിഡ എന്നീ ഭാഗങ്ങളിൽ മഴയിൽ കുറവുവന്നതായും സൂചിപ്പിക്കുന്നു.

പസിഫിക്കിന്റെ പടിഞ്ഞാറുഭാഗത്താണ് താപനിലയിൽ കാര്യമായ വർദ്ധനവ് കണ്ടുവരുന്നത്. അതിനാൽ തന്നെ, ഇന്ത്യൻ സമുദ്രപ്രദേശങ്ങളിൽ നിന്നും വലിയതോതിൽ അന്തരീക്ഷത്തിലെ ജലാംശം പസിഫിക് ഭാഗത്തേക്ക് നീങ്ങുന്നതായും, അതിന്റെ ഫലമായി പസിഫിക്കിന്റെ പടിഞ്ഞാറുഭാഗത്തു കൂടുതൽ മഴമേഘങ്ങൾ ഉണ്ടാകുന്നതുവഴി ഈ പ്രദേശങ്ങളിൽ കൂടുതൽ മഴലഭിക്കുന്നതായും കാണുന്നു.

ഇതിനോടനുബന്ധിച്ച് ഇന്ത്യൻ സമുദ്രഭാഗങ്ങളിൽ MJO ക്ക് 4 ദിവസത്തോളം വേഗത വർധിച്ചതായും പസിഫിക് സമുദ്രഭാഗത്തു ഏതാണ്ട് 5 ദിവസത്തോളം വേഗത കുറഞ്ഞതായും പഠനത്തിൽനിന്നും വ്യക്തമായി. പല കാലാവസ്ഥാ മോഡലുകളും ഭാവിയിൽ ഇൻഡോ-പസിഫിക് വാം പൂൾ കൂടുതൽ ശക്തിപ്രാപിക്കുമെന്ന സൂചനയാണ് നൽകുന്നത്. അതിനാൽ തന്നെ വരും കാലങ്ങളിൽ MJO യുമായി ബന്ധപ്പെട്ട് മഴയിൽ പ്രകടമായ വ്യതിയാനങ്ങൾ സംഭവിച്ചേക്കാം.

English Summary: Warm Indo-Pacific pool altering global rainfall patterns, reveals study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com