ADVERTISEMENT

കോവിഡ് രോഗവ്യാപനം തടയാൻ രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്‌ഡൗൺ ഒരു മാസം പിന്നിടുമ്പോൾ ശമ്പളക്കാരും ബിസിനസുകാരും വ്യാപാരികളുമെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. സർക്കാർ ഉദ്യോഗസ്ഥർ ശമ്പളം പിടിക്കലിന്റെ വേവലാതിയിൽ, സ്വകാര്യ മേഖല ജീവനക്കാൻ ശമ്പളം വെട്ടിക്കുറയ്ക്കലിന്റെ ഭീഷണിയിൽ, വ്യാപാരവും ഉൽപാദനവും നടക്കാതെ ബിസിനസുകാർ കടുത്ത ഞെരുക്കത്തിൽ. വായ്പ കിട്ടാൻ എന്താ വഴി? ആലോചിക്കാത്തവർ അധികമുണ്ടാവില്ല.

എന്നാൽ ഇതിനിടെ നിലവിലുള്ള ഭവനവായ്പാ ഇടപാടുകാർക്ക് ടോപ് അപ് വായ്പ വേണോ എന്ന് ബാങ്കിൽനിന്ന് സ്നേഹപൂർവമായ വിളി വന്നാലും അത്ഭുതപ്പെടേണ്ട. ബാങ്കുകാർക്കും ഇടപാടുകാരനും സന്തോഷം പകരുന്നതാണ് ടോപ് അപ് ലോണിന്റെ സാമ്പത്തിക ശാസ്ത്രം.

എളുപ്പം

നിലവിലുള്ള ഭവനവായ്പയ്ക്കു മേൽ കൂടുതൽ വിപുലമായ നടപടിക്രമങ്ങളോ കടലാസു പണികളോ കൂടാതെ ലഭിക്കുന്ന അധിക വായ്പയാണ് ടോപ് അപ് ഭവന വായ്പ. വാഹനവായ്പകൾക്കും ബിസിനസ് വായ്പകൾക്കും വരെ ടോപ് അപ് വായ്പകളുണ്ട്. എന്നാൽ എന്തുകൊണ്ടും ബാങ്കുകൾക്ക് ഇഷ്ടം ഭവന വായ്പ ടോപ് അപ് തന്നെ. കാരണം മറ്റൊന്നുമല്ല, ബാങ്കിന്റെ കാര്യം സേഫ്. കൃത്യമായ ഈടിന്മേൽ എല്ലാ രേഖകളും പരിശോധിച്ച് ഉറപ്പിച്ച ശേഷം നൽകിയിരിക്കുന്ന ഭവന വായ്പയിൽ പിന്നെ എന്തു പേടിക്കാൻ. വായ്പയ്ക്കായി ഈടു നൽകിയ വസ്തുവിന്റെ മൂല്യം എന്തായാലും വായ്പയേക്കാൾ എത്രയോ ഉയരത്തിലായിരിക്കും!

പലിശ കുറവ്

വ്യക്തിഗത വായ്പ, സ്വർണ വായ്പ തുടങ്ങി ഇതര വായ്പകളുമായി താരതമ്യം ചെയ്യുമ്പോൾ ആകർഷകമായി പലിശനിരക്കാവും ടോപ് അപ് ഭവന വായ്പകൾക്ക് ബാങ്കുകൾ ഈടാക്കുക. ഭവന വായ്പയേക്കാൾ 0.5– 1ശതമാനം ഉയർന്ന നിരക്കാണു പതിവ്.  ഇപ്പോഴത്തെ സാഹചര്യത്തിൽ 7.5 ശതമാനം പലിശ നിരക്കിൽ ടോപ് അപ് വായ്പ ലഭിച്ചാലും അത്ഭുതപ്പെടേണ്ട. ഭവന വായ്പ മറ്റേതെങ്കിലും ബാങ്കിലേയ്ക്കു മാറ്റി(ട്രാൻസ്ഫർ) അവിടെനിന്ന് ടോപ് അപ് വായ്പ എടുക്കാനും തടസ്സമില്ല.

കൂടുതൽ സാവകാശം

സാധാരാണ വ്യക്തിഗത വായ്പകൾ കുറഞ്ഞ കാലയളവിനുള്ളിൽ തിരിച്ചടയ്ക്കണം. പരമാവധി 15 വർഷം. എന്നാൽ ഭവന വായ്പ് ടോപ് അപ് വായ്പയാകുമ്പോൾ അത് 20–30 വർഷം വരെ നീളാം. നിലവിൽ ഭവന വായ്പ ഉള്ളവർക്ക് ഈടു നൽകിയ വസ്തുവിന്റെ മൂല്യം അനുസരിച്ചാകും ടോപ് അപ് വായ്പ ലഭിക്കാനുള്ള യോഗ്യത. തിരിച്ചടവിലെ കൃത്യത, ക്രെഡിറ്റ് സ്കോർ എന്നിവയും തുകയെയും പലിശ നിരക്കിനെയും സ്വാധീനിക്കും. അതുകൊണ്ടുതന്നെ പണി പൂർത്തിയായി തിരിച്ചടവ് ആരംഭിച്ച വായ്പകളിലേ സാധാരണ ടോപ് അപ് വായ്പ ലഭിക്കൂ. എന്നാൽ ബാങ്കുകളുടെ സന്തം വിവേചനത്തിൽ പൂർത്തിയാകാത്ത വീടിനും ഇത്തരത്തിൽ വായ്പ ലഭിച്ചെന്നും വരാം.

ടോപ് അപ്പിനും വേണം പഠനം

ആവശ്യമായ പഠനം നടത്തി, പലിശ നിരക്കുകൾ താരതമ്യം ചെയ്തു വേണം ടോപ് അപ് വായ്പയ്ക്കും മുതിരാൻ. ഇങ്ങനെ താരതമ്യം ചെയ്യുമ്പോൾ ആവശ്യമെങ്കിൽ വായ്പ ട്രാൻസ്ഫർ ചെയ്ത് മറ്റു ബാങ്കിൽനിന്നു വായ്പ എടുക്കുന്നതും പരിഗണിക്കാം. വായ്പ ട്രാൻസ്ഫർ ചെയ്യാൻ ആലോചിക്കുമ്പോൾ അതിനു ബാങ്കുകൾ പെനൽറ്റിയോ, മറ്റെന്തെങ്കിലും ചാർജുകളോ ഈടാക്കുന്നുണ്ടോ എന്നും അറിയണം. അത്തരത്തിലുണ്ടാകുന്ന ചെലവിനെ മറികടക്കുന്ന നേട്ടമുണ്ടെങ്കിലേ ട്രാൻസ്ഫറിനു മുതിരേണ്ടതുള്ളൂ. മൂല്യനിർണയം, ലീഗൽ ചാർജ്, പ്രോസസിങ് ഫീസ് എന്നിങ്ങനെ അധിക ചെലവുകളും ട്രാൻസ്ഫർ സമയത്ത് ഉണ്ടാകും എന്ന് ഓർമിക്കുക.

വായ്പയ്ക്കു മേൽ വായ്പ, അതു വേണോ

തൊഴിലും ബിസിനസും എല്ലാം പ്രതിസന്ധിയിലാകുന്ന കാലഘട്ടമാണ് മുന്നിലുള്ളതെന്നു കണക്കുകൂട്ടി വേണം വായ്പ എടുക്കാൻ. ഓരോ അധിക സാമ്പത്തിക ബാധ്യതയും വരുത്തിവയ്ക്കുന്ന ഭാരം ചെറുതാവില്ല. അതിൽനിന്നു കരകയറാനും ഏറെക്കാലമെടുക്കും. എളുപ്പത്തിൽ ലഭിക്കും എന്നതുകൊണ്ട് കടക്കെണിയിലേയ്ക്ക് എടുത്തു ചാടരുത്. ടോപ് അപ് വായ്പയുടെ കാര്യത്തിലാകുമ്പോൾ ദീർഘകാലത്തേക്കുള്ള വലിയൊരു ബാധ്യതയ്ക്കു മേലാണ് അധിക ബാധ്യത വന്നു വീഴുക എന്നതും ഓർമിക്കണം.

English Summary: Top-up Home loan scheme during the Lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com