ഉത്രവധം: സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ ആയേക്കും; വൻവഴിത്തിരിവ്
Mail This Article
കൊല്ലം∙ അഞ്ചല്‍ ഉത്രവധക്കേസില്‍ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും. ഇരുവരോടും ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. ഇന്നലെ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു.
ഉത്രയുടെ 38 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വീടിനടുത്തുള്ള റബര്‍ തോട്ടത്തിലാണ് കണ്ടെത്തിയത്. ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ് സ്വര്‍ണം കാണിച്ചുകൊടുത്തത്. ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടതില്‍ അമ്മയ്ക്കും പങ്കുണ്ടെന്ന് സൂരജിന്റെ പിതാവ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്നാണു സൂചന. അമ്മയും സഹോദരിയും ഉടന്‍ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തും. ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിനു കേസെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ അറസ്റ്റ് ഉണ്ടാകുമെന്നാണു സൂചന.
ഉത്രയുടെ കൂടുതൽ സ്വർണം കണ്ടെത്താനുണ്ടെന്ന് പിതാവ് വിജയസേനൻ പ്രതികരിച്ചു. സ്വർണം കുഴിച്ചിട്ടതിലടക്കം സൂരജിന്റെ കുടുംബാംഗങ്ങൾക്ക് പങ്കുണ്ട്. എല്ലാം സൂരജിന്റെ അമ്മയുടെയും സഹോദരിയുടെയും അറിവോടെ. ഇവരെ രക്ഷിക്കാനാണ് സൂരജിന്റെ അച്ഛന്റെ ശ്രമമെന്നും വിജയസേനൻ മനോരമ ന്യൂസിനോട് പറഞ്ഞു.
English Summary: Crucial breakthrough in Uthra Murder Case