ADVERTISEMENT

മുംബൈ∙ ബോളിവുഡിലെ നമ്പർ വൺ താരകുടുംബത്തിലുണ്ടായ കോവിഡ് വ്യാപനത്തിന്റെ ആശങ്കയിലാണു സിനിമാലോകവും ആരാധകരും. എല്ലാ വിധ സുരക്ഷാ സംവിധാനങ്ങളും സാഹചര്യങ്ങളും ഉണ്ടായിട്ടും രോഗം ബാധിച്ചതെങ്ങനെ എന്നതാണു സാധാരണക്കാരുടെ ചോദ്യം. ബച്ചൻ കുടുംബത്തിലെ 3 തലമുറയിലെ അംഗങ്ങളും രോഗബാധിതരായിരിക്കെ സിനിമാതാരങ്ങളും രാഷ്ട്രീയനേതാക്കളും ആരാധകരും സമൂഹമാധ്യമങ്ങളിൽ രോഗമുക്തിക്കായി പ്രാർഥനാ സന്ദേശങ്ങൾ അർപ്പിക്കുകയാണ്.

രോഗവാർത്ത ബച്ചന്റെ ആരാധകർക്കു മുഴുവൻ ഞെട്ടൽ ഉണ്ടാക്കി. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നു പ്രിയതാരത്തിനായുള്ള പൂജകളുടെയും പ്രാർഥനകളുടെയും റിപ്പോർട്ടുകൾ വരുന്നുണ്ട്. കോവിഡിനെ മറികടന്ന് ഉടൻ തിരിച്ചുവരാനാകട്ടെ എന്ന് സിനിമാതാരങ്ങളും, കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ അടക്കം രാഷ്ട്രീയ നേതാക്കളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ബച്ചന് ആശംസകളും പ്രാർഥനകളുമേകുന്നു. വേഗം സുഖം പ്രാപിക്കട്ടെയെന്നു നടൻ മമ്മൂട്ടി ആശംസിച്ചു. ദുൽഖർ സൽമാൻ, മാധുരി ദീക്ഷിത്, തപ്സി പന്നു, സോനം കപൂർ, ഷാഹിദ് കപൂർ, റിതേഷ് ദേശ്മുഖ്, ബിപാഷ ബസു, പ്രീതി സിന്റ തുടങ്ങി ഒട്ടേറെപ്പേർ പ്രാർഥനാശംസകൾ നേർന്നു.

Amitabh-Bachchan-Home
അമിതാഭ് ബച്ചന്റെ വസതിക്കു സമീപം അണുനശീകരണ പ്രവർത്തനം നടത്തുന്ന ആരോഗ്യപ്രവർത്തകർ

ബച്ചന്റെ 4 ബംഗ്ലാവുകളിൽ 2 എണ്ണം ജുഹുവിലും 2 എണ്ണം നാനാവതി ആശുപത്രിക്കു സമീപത്തുമാണ്. ഇതും, ബച്ചന്റെ പതിവു ഡോക്ടർമാർ ലീവാവതി ആശുപത്രിയിൽ നിന്നു മാറി നാനാവതിയിലെത്തിയതുമാണ് ഇൗ ആശുപത്രി തിരഞ്ഞെടുക്കാൻ ഒരു കാരണം. കരൾ രോഗവുമായി ബന്ധപ്പെട്ട് ഏപ്രിലിൽ ബച്ചന് ഇവിടെ ചികിത്സ തേടിയിരുന്നു. ഒറ്റപ്പെട്ടു നിൽക്കുന്ന കെട്ടിടത്തിലാണു നാനാവതിയിലെ കോവിഡ് വിഭാഗം. മൂന്നാം നിലയിൽ 360, 361 റൂമുകളിലാണ് യഥാക്രമം അഭിഷേകും, അമിതാഭ് ബച്ചനും ചികിത്സയിലുള്ളത്. നേരത്തെ, നടൻ ആമിർ ഖാൻ, നടി ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ എന്നിവരുടെ വീട്ടുവേലക്കാർക്കും ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

∙ അഭിഷേക് ബച്ചൻ - ‘‘ഞാനും അച്ഛനും ആശുപത്രിയിൽ തന്നെയുണ്ട്. ഡോക്ടർമാർ മറ്റൊന്ന് നിർദേശിക്കുന്നതു വരെ ഇവിടെ തുടരും. എല്ലാവരും കോവിഡിനെതിരെ ശ്രദ്ധ പുലർത്തണം. അഭ്യൂഹങ്ങൾ വിശ്വസിക്കരുത്’’

വില്ലനായി കോവിഡ്

ബച്ചൻ കുടുംബത്തിനു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ബോളിവുഡിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. അന്തരിച്ച നടൻ ഋഷി കപൂറിന്റെ ഭാര്യ നീതു സിങ്, മകനും നടനുമായ രൺബീർ കപൂർ എന്നിവർക്കു കോവിഡ് ആണെന്ന വാർത്ത കുടുംബം നിഷേധിച്ചു. കോവിഡിനെത്തുടർന്ന് ആശുപത്രിയിലാണെന്ന പ്രചാരണം നടിയും എംപിയുമായ ഹേമമാലിനിയും തള്ളി.

English Summary: Three generations of Bollywood's Bachchan family hit by COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com