ADVERTISEMENT

102 ദിവസമാണ് ഒരൊറ്റ സമ്പർക്ക കോവിഡ് കേസ് പോലുമില്ലാതെ ന്യൂസീലൻഡ് എന്ന ദ്വീപുരാഷ്ട്രം പിടിച്ചു നിന്നത്. എന്നാൽ ആഹ്ലാദനിമിഷങ്ങൾക്ക് ഓഗസ്റ്റ് 11നു താൽക്കാലിക വിരാമം. രാജ്യത്ത് വലിയൊരു ഇടവേളയ്ക്കു ശേഷം സമ്പർക്കത്തിലൂട‌െയുള്ള കോവിഡ് വീണ്ടും റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 19 നു നടത്താനിരുന്ന പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 17 വരെ മാറ്റിവച്ചതായി പ്രധാനമന്ത്രി ജസീന്ത ആർഡൻ പ്രഖ്യാപിക്കുന്നതു വരെയെത്തി നിൽക്കുന്നു പുതിയ വൈറസിന്റെ ‘ഇ‌ടപെടൽ’.

ഓക്‌ലൻഡിലെ ഒരൊറ്റ കുടുംബം കേന്ദ്രീകരിച്ചായിരുന്നു വൈറസിന്റെ രണ്ടാം വരവ്. ഓഗസ്റ്റ് 14 ആയപ്പോഴേക്കും കോവിഡ് രോഗികളുടെ എണ്ണം അൻപതിലേക്ക് ഉയർന്നു; ഓഗസ്റ്റ് 16ന് എഴുപതിൽ എത്തിനിൽക്കുന്നു. ന്യൂസീലൻഡിലെ ഏറ്റവും വലിയ നഗരത്തില്‍നിന്ന് കോവിഡ് അപ്പോഴേക്കും മറ്റു നഗരങ്ങളിലേക്കും എത്തിയിരുന്നു. ഓക്‌ലൻഡിലെ കുടുംബത്തിൽനിന്നുള്ളവർ സഞ്ചരിച്ചയിടങ്ങളിലായിരുന്നു പുതിയതായി കോവിഡ് റിപ്പോർട്ട് ചെയ്തതും. അതിർത്തിയിൽ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും രാജ്യത്തെ മറ്റ് നിയന്ത്രണങ്ങൾ ന്യൂസീലൻഡ് നീക്കിയിരുന്നു. നിലവിൽ ഓക്‌ലൻഡ് രണ്ടാഴ്ചത്തേക്ക് ലോക്‌ഡൗണിലാണ്. ലക്ഷ്യം ഒന്നു മാത്രം, എവി‌ടെ നിന്നാണ് കോവിഡിന്റെ രണ്ടാം വരവ്, ഏതാണ് ആ ദുരൂഹ ഉറവിടം?

‘ശീതീകരിച്ച’ വൈറസ്!

സംശയമുന നീളുന്നതിൽ ആദ്യ സ്ഥാനത്ത് യുഎസ് ആസ്ഥാനമായ ഒരു കോൾഡ് സ്റ്റോറേജ് കമ്പനിയാണ്. ‘അമേരിക്കോള്‍ഡ്’ എന്നു പേരുള്ള ഓക്‌ലൻഡിലെ ആ സ്ഥാപനത്തിൽ ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ച കുടുംബത്തിലെ നാലു പേർ ജോലി ചെയ്യുന്നുണ്ട്. യുഎസിൽനിന്ന് എത്തിയ ഭക്ഷ്യ വസ്തുക്കളിലൂടെ കോവിഡ് പടരുമോയെന്ന ചോദ്യം ഇവിട‌െ നിർണായകം. സാധ്യത തള്ളിക്കളയാനാകില്ലെന്ന് വിദഗ്ധർ പറയുന്നു, പക്ഷേ അത്തരമൊരു സാധ്യത നിലവില്‍ വളരെ കുറവാണ്. ഭക്ഷ്യ വസ്തുക്കളിലൂടെയും ഭക്ഷണപായ്ക്കറ്റുകളിലൂടെയും കോവിഡ് പകരുകയെന്നത് ‘അവഗണിക്കാവുന്ന’ കാര്യമാണെന്ന് ന്യൂസീലന്‍ഡ് ഭക്ഷ്യ സുരക്ഷാ വിഭാഗവും വ്യക്തമാക്കിയിട്ടുണ്ട്; രാജ്യാന്തര കൈമാറ്റം നടത്തുന്ന ചരക്കുകളിലൂടെ പ്രത്യേകിച്ച്.

കാലാവസ്ഥാ വ്യതിയാനങ്ങളും ചരക്ക് സൂക്ഷിക്കുന്ന ഇടങ്ങളിലെ താപവ്യതിയാനവുമെല്ലാം ഇത്തരം ഘട്ടത്തിൽ വൈറസിനെ ദീർഘകാലം സജീവമായിരിക്കാൻ അനുവദിക്കില്ലെന്ന് ലോകാരോഗ്യ സംഘടന നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോഴും പൂർണമായും ഇതിനെ തളളിക്കളയാനുമാകില്ല. ശീതീകരിച്ച ചുറ്റുപാടിൽ കുറച്ചുനേരത്തേക്കെങ്കിലും വൈറസിന് നിലനിൽക്കാനാകുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ജനറൽ ആഷ്‌ലി ബ്ലൂംഫീൽഡും സമ്മതിക്കുന്നു. ചൈനയിൽ ഇറക്കുമതി ചെയ്ത സാൽമൻ മത്സ്യങ്ങളിൽ കൊറോണവൈറസ് സജീവമായുണ്ടായിരുന്നുവെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

കോൾഡ് സ്റ്റോറേജിലെ പ്രതലങ്ങളിൽനിന്ന് വൈറസ് മനുഷ്യരിലേക്ക് എത്താനുള്ള സാധ്യതയേറെയാണ്. എന്നാൽ പ്രതലങ്ങളിൽനിന്നല്ല, പുറത്തുനിന്നു വന്നതോ മറ്റോ ആയ മനുഷ്യരിൽനിന്നുതന്നെയാണ് മറ്റുള്ളവരിലേക്കും പടർന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശ്വാസം. അതിനാൽത്തന്നെ, അതിർത്തി കടന്ന് കോൾഡ് സ്റ്റോറേജിലേക്ക് ചരക്കെത്തുന്നതു വരെയുള്ള പ്രക്രിയയിൽ പങ്കാളികളായവരുടെ ചങ്ങലക്കണ്ണികളോരോന്നായി പരിശോധിക്കുകയാണിപ്പോൾ. ഇതിന് പൊലീസിന്റെ സഹായവുമുണ്ട്.‌

എവിടെനിന്നെത്തി ഈ ജീനോം?

രാജ്യത്ത് നാളുകളായുണ്ടായിരുന്ന എല്ലാ പ്രതിരോധ പ്രവർത്തനങ്ങൾക്കും ‘പിടികൊടുക്കാതെ’ നിന്ന ഒരു വൈറസ് തരം കിട്ടിയപ്പോൾ മനുഷ്യ ശരീരത്തിലേക്കു കടന്നതാണെന്ന തിയറിയുമുണ്ട്. എന്നാൽ അതിനു സാധ്യത കുറവാണെന്ന് ഇപ്പോൾ കണ്ടെത്തിയ ക്ലസ്റ്ററിലെ വൈറസിന്റെ ജീനോം ഡേറ്റ വ്യക്തമാക്കുന്നു. രാജ്യത്ത് നേരത്തേ പ്രചരിച്ചിരുന്ന വൈറസിന്റെ ജനിതകഘടനയിൽനിന്നു തികച്ചും വ്യത്യസ്തമാണു പുതിയത്. എല്ലാറ്റിനേയും പ്രതിരോധിച്ച് ശക്തനായി മാറിയ വൈറസല്ല, മറിച്ച് ന്യൂസീലൻഡിലേക്കെത്തിയ പുതിയ ‘അതിഥി’യാണ് ഇതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

അതായത്, വിദേശത്തുനിന്നായിരിക്കാം പുതിയ വൈറസിന്റെ വരവ്. മാസങ്ങളോളം അടച്ചിട്ട ന്യൂസീലൻഡിന്റെ അതിർത്തി അടുത്തിടെ തുറന്നിരുന്നു. പക്ഷേ സ്വദേശികൾക്കു മാത്രമേ മടങ്ങിവരവിന് അനുവാദമുണ്ടായിരുന്നുള്ളൂ. അവരാകട്ടെ 14 ദിവസത്തെ നിർബന്ധിത ക്വാറന്റീനു വിധേയരാകണം. അങ്ങനെ എത്തിയ ചിലർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവരെ പൊതുസമൂഹത്തിൽനിന്നു മാറ്റി നിർത്തിയായിരുന്നു ക്വാറന്റീൻ. ഇത്തരം ക്വാറന്റീൻ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവരിലേക്ക് വൈറസ് പടർന്നിട്ടുണ്ടാകാം. അല്ലെങ്കിൽ ഏതെങ്കിലും വിമാനത്താവള ജീവനക്കാരിലേക്ക് പടർന്നതാകാം.

ഇക്കാര്യം പരിശോധിക്കുന്നതിന് രാജ്യത്തെ എല്ലാ ക്വാറന്റീൻ കേന്ദ്രങ്ങളിലെയും വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ജീവനക്കാരുടെ സ്രവ സാംപിളുകൾ പരിശോധിച്ചിരുന്നു. രാജ്യത്തേക്ക് ലോക്‌ഡൗണിനു ശേഷം എത്തിയ കോവിഡ് പോസിറ്റിവ് രോഗികളുടെ ശരീരത്തിലെ വൈറസിന്റെ ജനിതക ഘടനയും പരിശോധിച്ചു. എന്നാൽ ഒന്നിനു പോലും പുതിയ ക്ലസ്റ്ററിലെ വൈറസിന്റെ ജീനോമുമായി സാമ്യമുണ്ടായിരുന്നില്ല. എന്നാൽ ബ്രിട്ടൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ കണ്ടെത്തിയ കൊറോണവൈറസുമായി പുതിയ ജീനോമിന് സാമ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഉറവി‌ടം തേ‌ടി...

പുതിയ ക്ലസ്റ്ററുമായി ബന്ധപ്പെട്ട് ഇനിയും പുതിയ പോസിറ്റിവ് കേസുകളുണ്ടാകാമെന്നു വിദഗ്ധർ പറയുന്നു. ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്ത നാലു പേരുമായി ബന്ധപ്പെട്ടു മാത്രമാണ് നിലവിൽ കോവിഡ് പടര്‍ന്നിരിക്കുന്നതെന്നതും ആശ്വാസകരമാണ്. ഒരുപക്ഷേ അതിന്റെ ഉറവിടം കണ്ടെത്തിയില്ലെന്നും വരാം. പുതിയ രോഗികളുടെ ക്ലസ്റ്റർ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ അവിടെനിന്ന് രോഗം എവിടെയെല്ലാം എത്തി എന്നു തിരിച്ചറിയുക താരതമ്യേന എളുപ്പമാണ്. അതിനുള്ള ശ്രമത്തിലാണ് അധികൃതർ. ആയിരക്കണക്കിനു ടെസ്റ്റുകളും ദിനംപ്രതി ചെയ്യുന്നുണ്ട്.

Covid New Zealand
ഫയൽ ചിത്രം

കൊറോണവൈറസ് കൂടുതൽ പേരിലേക്കു പരക്കുംമുൻപ് പ്രതിരോധം ശക്തമാക്കാനുള്ള ശ്രമങ്ങളാണ് പ്രധാനമന്ത്രി ജസീന്തയുടെ നേതൃത്വത്തിൽ നടക്കുന്നത്. ഒപ്പം ആ അജ്ഞാത ഉറവിടത്തിന്റെ രഹസ്യം തേടിയുള്ള ആരോഗ്യ പ്രവർത്തകരുടെ യാത്രയും തുടരുന്നു. ഓക്‌ലൻഡിൽ ലെവൽ 3 ലോക്‌ഡൗണാണു നിലവിൽ. അവശ്യസേവനങ്ങൾക്കുള്ളവരല്ലാതെ ആരും പുറത്തിറങ്ങരുത്. ബാറുകളും റസ്റ്ററന്റുകളും ഉൾപ്പെടെ ഭൂരിപക്ഷം സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെല്ലാം ലെവൽ 2 ലോക്ഡൗണും തുടരുന്നു. ഇവിടങ്ങളിൽ സാമൂഹിക അകലം മാത്രമാണു നിർബന്ധം.

English Summary: New Zealand coronavirus outbreak hits more numbers; But new covid source is still a mystery!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com