ADVERTISEMENT

തിരുവനന്തപുരം∙ 500 കിലോ കഞ്ചാവുമായെത്തിയ കണ്ടെയ്നർ ലോറി ആറ്റിങ്ങൽ കോരാണിയിൽ വച്ച് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. ജാർഖണ്ഡ് സ്വദേശി കൃഷ്ണ (23), പഞ്ചാബ് സ്വദേശി കുൽദീപ് സിങ് (32)എന്നിവരെ അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് സ്വദേശിയുടെ ഗോഡൗണിൽ കഞ്ചാവ് എത്തിക്കാനായിരുന്നു നീക്കം.

ganja-lorry

തൃശൂർ, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലേക്ക് എത്തിക്കാനുള്ള കഞ്ചാവാണ് രാവിലെ എക്സൈസ് പിടിച്ചെടുത്തത്. മൈസൂരുവിൽ നിന്നാണു കഞ്ചാവ് കൊണ്ടു വന്നത്. കണ്ടെയ്നർ ലോറിയുടെ മുകളിൽ പ്രത്യേകമായി നിർമിച്ച രഹസ്യ കാബിനുള്ളിലാണ് കഞ്ചാവ് ഒളിപ്പിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവു വേട്ടയാണിത്.

2009–2010ൽ തിരുവനന്തപുരത്ത് പഴ്സൽ സർവീസ് വഴി കടത്തിയ 420 കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തതാണ് ഇതുവരെ റിപ്പോർട്ടു ചെയ്ത ഏറ്റവും വലിയ കഞ്ചാവു വേട്ട. കേരളത്തിലെ വിപണിയിൽ 20 കോടി രൂപയോളം വില വരുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. മൈസൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളികളുടെ സംഘമാണ് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

എക്സൈസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് മന്ത്രി

സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട നടത്തിയ സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിനെ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ അഭിനന്ദിച്ചു. വൻ കഞ്ചാവ് കടത്തിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കുറിച്ചും അന്തർസംസ്ഥാന ബന്ധം സംബന്ധിച്ചും വ്യക്തമായ സൂചനകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്തിന്റെ ഉറവിടം കണ്ടെത്തി കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. കേരളത്തിലേക്ക് ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടു വരുന്നതും വിപണനവും തടയാൻ പരിശോധനകൾ ശക്തിപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.

കഞ്ചാവ് കടത്ത് സംബന്ധിച്ച അന്വേഷണം ഊർജിതപ്പെടുത്താൻ മന്ത്രി നിർദേശം നൽകി. എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണന്റെ മേൽനോട്ടത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.അനികുമാറിന്റെ നേതൃത്വത്തിലുള്ള എൻഫോഴ്മെന്റ് സ്ക്വാഡാണ്  കഞ്ചാവ് പിടികൂടിയത്. ഒരു വർഷത്തിനിടയിൽ സംസ്ഥാന എൻഫോഴ്സ്മെന്റ് സ്ക്വാഡ് രാജ്യാന്തര വിപണിയിൽ 100 കോടിയോളം രൂപ വിലമതിക്കുന്ന 100 കിലോ ഹാഷിഷ് ഓയിൽ, 1000 കിലോ കഞ്ചാവ്, 3500 ലിറ്റർ സ്പിരിറ്റ് തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ലഹരിമരുന്ന് മാഫിയക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

English summary: Ganja seized in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com