ADVERTISEMENT

തൃശൂർ ∙ വ‍മ്പിച്ച സന്നാഹമൊരുക്കി നിയമസഭാ തിരഞ്ഞെടുപ്പിനു സജ്ജമാകാൻ ബിജെപി. കേന്ദ്രനേതാക്കളുടെ പര്യടനത്തിനും പ്രചാരണരീതിക്കും തൃശൂരിൽ കഴിഞ്ഞ ദിവസം നടന്ന ബിജെപി സംസ്ഥാന മാനേജ്മെന്റ് കമ്മിറ്റി പ്രാഥമിക രൂപരേഖ തയാറാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരുടെ സന്ദർശനത്തിനു തൊട്ടുപിന്നാലെ നടന്ന യോഗത്തിൽ, ദേശീയ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ്, പ്രഭാരിമാരായ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, സിപി.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

സംസ്ഥാന അധ്യക്ഷനും ജനറൽ സെക്രട്ടറിമാരും ക്ഷണിക്കപ്പെട്ട മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും മാത്രമായിരുന്നു പങ്കെടുത്തത്. വിവിധ ഘട്ടങ്ങളിലായി നടന്ന യോഗം ദിവസം മുഴുവൻ നീണ്ടു. പ്രചാരണത്തിന്റെ രീതികൾ എങ്ങനെയാവണമെന്നും സമൂഹമാധ്യമങ്ങളെ അടക്കം ഉപയോഗപ്പെടുത്താനുമായി സമിതികളെ നിശ്ചയിച്ചു. പ്രമുഖർക്കായി വിമാനം ചാർട്ടർ ചെയ്യേണ്ടതും പോസ്റ്ററും മറ്റും രൂപകൽപന ചെയ്യേണ്ടതുമടക്കം നേതൃയോഗം ചർച്ച ചെയ്തതായാണു വിവരം.

സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾക്കൊപ്പം, കേന്ദ്ര സർക്കാരിന്റെ പദ്ധതികളും നേട്ടങ്ങളും കേരളത്തിനുള്ള സഹായങ്ങളുടെ വിവരങ്ങളും വോട്ടർമാരിലെത്തിക്കാൻ പ്രത്യേക പ്രചാരണം നടത്താനും സമിതികളെ ചുമതലപ്പെടുത്തി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ 21ന് ആരംഭിക്കുന്ന കേരളയാത്രയ്ക്കു പിന്നാലെ പ്രത്യേക പ്രചാരണ പരിപാടികൾ ആരംഭിക്കും.

kerala-bjp-flag

സംസ്ഥാന ചുമതലയുള്ള കേന്ദ്രനേതാക്കളായ കർണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വഥ് നാരായണും സഹപ്രഭാരി സുനിൽ കാർക്കളെയും വരുംദിവസങ്ങളിൽ കേരളത്തിൽ കൂടുതൽ പര്യടനം നടത്തുമെന്നാണ് സൂചന. പര്യടനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർഥി നിർണയ ചർ‍ച്ചകൾ ഉടൻ ആരംഭിച്ചേക്കും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 21ന് കാസർകോട്ടെത്തുന്നത് കൂടുതൽ ഊർജം പകരുമെന്നും ബിജെപി നേതൃത്വം കണക്കൂകൂട്ടുന്നു.

English Summary: BJP plans special election drives across Kerala for Assembly Polls 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com