ADVERTISEMENT

യുഎസിന്റെ എണ്ണ ആസ്ഥാനമായ ടെക്സസിൽ കഴിഞ്ഞ വാരാന്ത്യം താപനില മുമ്പെങ്ങുമില്ലാത്തവിധം താണപ്പോൾ അതൊരു അസാധാരണ കാലാവസ്ഥാ പ്രതിഭാസമായി മാത്രമേ ലോകം കണ്ടുള്ളൂ. എന്നാൽ ഈ വാരാന്ത്യത്തിലേക്ക് എത്തുമ്പോൾ രാജ്യാന്തര എണ്ണ വിപണിയിൽ അതൊരു വൻ പ്രതിസന്ധിയായി പരിണമിച്ചു. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ (ക്രൂഡ് ഓയിൽ) വില ബാരലിന് 65 യുഎസ് ഡോളർ കടന്നു(ബ്രന്റ് ക്രൂഡ്). ഇത് കഴിഞ്ഞ ഒരു വർഷത്തിനിടയിലെ റെക്കോർഡാണ്. കോവിഡ് 19 മഹാമാരിയെത്തുടർന്ന് പത്തു മാസം മുമ്പ് ക്രൂഡ് വില ബാരലിന് 16 ഡോളറിലേയ്ക്ക് താണതാണ്.

ടെക്സസ് കടുത്ത തണുപ്പിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. ഫെബ്രുവരി 12 വെള്ളിയാഴ്ച ഇവിടെ താപനില – 18 ഡിഗ്രി വരെ താണിരുന്നു. കഴിഞ്ഞ 30 വർഷത്തിനിടെ ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും കൊടിയ തണുപ്പ്. നാട് നിശ്ചലമായി. ചരക്കു നീക്കം മുതൽ വൈദ്യുതി ഉൽപാദനം വരെ തടസ്സപ്പെട്ടു. വ്യവസായശാലകൾ പ്രവർത്തനം നിലച്ചു. യുഎസിലെ പെട്രോളിയം ശുദ്ധീകരണത്തിന്റെ ആസ്ഥാനമായ ഇവിടുത്തെ റിഫൈനറികളുടെ പ്രവർത്തനവും മന്ദഗതിയിലായി.

റിഫൈനിങ് ശേഷി പ്രതിദിനം നാലു ദശലക്ഷം ബാരൽ കണ്ടു കുറഞ്ഞതായി കണക്കാക്കുന്നു. ഇത് യുഎസിന്റെ റിഫൈനിങ് ശേഷിയുടെ 40 ശതമാനം വരും. യുഎസിൽനിന്നുള്ള എണ്ണ– വാതക നീക്കവും നിലച്ചു. ഒരാഴ്ചയ്ക്കിടെ 16 ദശലക്ഷം ബാരൽ എണ്ണ ലഭ്യത കുറഞ്ഞെന്നാണ് ആദ്യ കണക്കുകൂട്ടൽ. എന്നാൽ ഇതിനകം തന്നെ ഇതിന്റെ ഇരട്ടി ഉദ്പാദനം നഷ്ടമായെന്ന് സൂചനയുണ്ട്. ഷെയിൽ ഗ്യാസ് ഉൽപാദനത്തെയും അതിശൈത്യം കാര്യമായി ബാധിച്ചു.

US-TEXAS-STRUGGLES-WITH-UNPRECEDENTED-COLD-AND-POWER-OUTAGES
അതിശൈത്യത്തെ തുടർന്ന് ടെക്സസിൽ ഇന്ധനക്ഷാമം രൂക്ഷം. ടെക്സസിലെ ഫോർട്ട്‌വേർത്തിലെ ഒരു ഗാസ് സ്റ്റേഷൻ. ചിത്രം: RON JENKINS / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP

എണ്ണ ഉത്പാദക– കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഉൽപാദന നിയന്ത്രണം നടപ്പിലാക്കുകയും എണ്ണ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സൗദി അറേബ്യ സ്വമേധയാ കൂടുതൽ നിയന്ത്രണം പ്രാബല്യത്തിലാക്കുകയും ചെയ്തിരിക്കെയാണ് ഈ യുഎസ് ഷോക്ക്. കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറി ആഗോള സമ്പദ് രംഗം ഉണർവു കാണിക്കുന്നതിനാൽ എണ്ണ വിപണി ഉഷാറിലുമായിരുന്നു. പെട്ടെന്നു യുഎസ് സപ്ലൈ തകരാറിലായത് രാജ്യാന്തര ക്രൂഡ് ഓയിൽ വിപണിക്കു സമ്മർദം വർധിപ്പിച്ചു.

Texas-Snow
ചിത്രം: JOE RAEDLE / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP

യുഎസ് സപ്ലൈയിലെ കുറവു പരിഹരിക്കാൻ യുറോപ്യൻ എണ്ണ കയറ്റുമതിക്കാർ സജീവമായെങ്കിലും വില കുതിച്ചുകയറി. കടുത്ത പ്രതിസന്ധിയിലായിരുന്ന യൂറോപ്യൻ എണ്ണക്കമ്പനികൾക്ക് ഏതായാലും ഈ പ്രതിസന്ധി പിടിവള്ളിയായി. എണ്ണയുമായി മറ്റു വിപണികളിലേക്കു നീങ്ങിയിരുന്ന യൂറോപ്യൻ കമ്പനികളുടെ ടാങ്കറുകൾ യുഎസ് വിപണിയിലെ കുറവ് പരിഹരിക്കാനായി വഴിതിരിച്ചു വിടുന്നതായി റിപ്പോർട്ടുണ്ട്. തണുപ്പു രൂക്ഷമായത് യുഎസിലും എണ്ണ ഡിമാൻഡ് ഉയർത്തി.

US-WEATHER-CONSERVATION-ENERGY
ചിത്രം: MATTHEW BUSCH / AFP

ടെക്സസിനു പറമേ തെക്കു കിഴക്കൻ സംസ്ഥാനങ്ങളായ ലൂസിയാന, കെന്റക്കി,മിസോറി എന്നീ സംസ്ഥാനങ്ങളിലും അതിശൈത്യമാണ്. കൂറ്റൻ കാറ്റാടി യന്ത്രങ്ങൾ മഞ്ഞിലുറഞ്ഞത് വൻ വൈദ്യുതി പ്രതിസന്ധിക്കു വഴിതെളിച്ചു. ഹൂസ്റ്റണിൽ 13 ലക്ഷം ഉപയോക്താക്കൾക്കും ടെക്സസിൽ 28 പേർക്കും വൈദ്യുതി മുടങ്ങി. പ്രതിസന്ധി ഉടൻ നീങ്ങില്ലെന്നാണ് സൂചന.

English Summary: Big freeze in Texas is becoming a global oil market crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com