ADVERTISEMENT

എവറസ്റ്റിന്റെ നെറുകയിൽ മനുഷ്യൻ ആദ്യമായി തൊട്ടതിന്റെ സ്മരണാർഥമാണ് എല്ലാ വർഷവും മേയ് 29 എവറസ്റ്റ് ദിനമായി ആചരിക്കുന്നത്. 1953 മേയ് 29 പകൽ പതിനൊന്നരയ്ക്കാണ് മനുഷ്യൻ ആദ്യമായി ലോകത്തിന്റെ ഏറ്റവും ഉയർന്ന ബിന്ദുവിൽ സ്പർശിച്ചത്. ചരിത്രദൗത്യം പൂർത്തിയാക്കാനുള്ള ഭാഗ്യം ന്യൂസിലൻഡുകാരനായ സർ എഡ്മണ്ട് ഹിലരിക്കും നേപ്പാളിൽനിന്നുള്ള ടെൻസിങ് നോർഗെയ്ക്കുമാണ് ലഭിച്ചത്.

എവറസ്റ്റ് കൊടുമുടി കീഴടക്കുക എന്ന ലക്ഷ്യത്തോടെ 1953 ഏപ്രിൽ 13ന് ആരംഭിച്ച ദൗത്യസംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. കേണൽ ജോൺ ഹണ്ടിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ മറ്റെല്ലാവരും പിൻവാങ്ങിയെങ്കിലും ടെൻസിങ്ങും ഹിലരിയും ദൗത്യം ഉപേക്ഷിക്കാൻ തയാറായിരുന്നില്ല. മേയ് 29ന് അവർ എവറസ്റ്റ് കീഴടക്കി. എന്നാൽ എവറസ്റ്റിന്റെ നെറുകയിൽ ആദ്യമെത്തിയത് ഹിലരിയാണ് എന്ന ചരിത്രസത്യം ലോകം അറിയുന്നത് മൂന്നു പതിറ്റാണ്ടിനുശേഷം മാത്രമാണ്. 1986ൽ ടെൻസിങ് മരിച്ചശേഷം ഹിലരി ആ സത്യം ലോകത്തോടു വെളിപ്പെടുത്തി: ‘ആദ്യം കാൽകുത്തിയതു ഞാനാണ്, തൊട്ടുപിന്നാലെ ടെൻസിങ് നോർഗെയും’.

Mount-Everest

∙ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി എന്ന ബഹുമതി എവറസ്റ്റിന് ലോകം ചാർത്തിക്കൊടുത്തിട്ട് കാലമേറെയായി. ഹിമാലയ പർവതത്തിൽ, നേപ്പാളിന്റെയും ടിബറ്റിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന എവറസ്റ്റിന്റെ ഉയരം ഔദ്യോഗിക കണക്കുകൾ പ്രകാരം 8,848 മീറ്ററാണ് അഥവാ 29,028.871 അടി. (എവറസ്റ്റിന്റെ ഉയരം ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത് 1856 ലാണ്).

∙ ഹിമാലയ പർവതത്തിൽ, നേപ്പാളിന്റെയും ടിബറ്റിന്റെയും അതിർത്തിയിലാണ് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത്. 1806ൽ ട്രിഗ്ണോമെറ്റ്രിക്കൽ സർവേ ഓഫ് ഇന്ത്യ ഒരു സർവേക്ക് തുടക്കമിട്ടിരുന്നു. ഇന്ത്യയുടെ തെക്കേ അറ്റം മുതൽ നേപ്പാളിന്റെ വടക്കുവരെ 2400 കിലോമീറ്ററായിരുന്നു സർവേ. കൊടുമുടിക്ക് 8,840 മീറ്റർ ഉയരമുണ്ടെന്ന് അന്ന് അവർ കണ്ടെത്തി.

∙ എവറസ്റ്റ് പല പേരുകളിലാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ അറിയപ്പെടുന്നത്. പീക്ക് 15 എന്നാണ് എവറസ്റ്റ് പൊതുവേ അറിയപ്പെടുന്നത്. നേപ്പാളുകാർക്ക് ഇത് സാഗർ മാതയാണ്. ചൈനയിൽ ഇത് ചുമുലാങ്മ ഫെങ് ആണ്. ടിബറ്റിൽ എവറസ്റ്റ് ചോമലുങ്മ എന്നാണ് അറിയപ്പെടുന്നത്.

∙ ബ്രിട്ടിഷ് ഇന്ത്യയിലെ സർവേയർ ജനറലായിരുന്ന സർ ജോർജ് എവറസ്റ്റിന്റെ പേരാണ് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിക്ക് സമ്മാനിച്ചിരിക്കുന്നത്. 1865ൽ അദ്ദേഹത്തിന്റെ പിൻഗാമി കേണൽ ആൻഡ്രൂ വാഗിന്റെ ശുപാർശയിൽ റോയൽ ജിയോഗ്രാഫിക്കൽ സൊസൈറ്റിയാണ് എവറസ്റ്റ് എന്നു പേരു നൽകിയത്. എന്നാൽ രസകരമായ മറ്റൊരു സംഗതിയുണ്ട്: തന്റെ പേര് ഉയരമേറിയ പർവത ശിഖരത്തിന് കൊടുക്കുന്നതിൽ ജോർജ് എവറസ്റ്റിന് തീരെ താൽപര്യമുണ്ടായിരുന്നില്ല.

Everest

∙ എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ ടെൻസിങ് നോർഗേയുടെയും എഡ്മണ്ട് ഹിലരിയുടെയും മക്കൾ പിന്നീട് ഇതേ കൊടുമുടി കീഴടക്കി ചരിത്രം രചിച്ചു. എഡ്മണ്ട് ഹിലരിയുടെ മൂത്ത മകൻ പീറ്റർ ഹിലരി 1990ലും ടെൻസിങ്ങിന്റെ മകൻ ജംലിങ് നോർഗേ 1996ലും എവറസ്റ്റിന്റെ നെറുകയിലെത്തി. ന്യൂസീലൻഡിന്റെ ഇന്ത്യയിലെ ഹൈക്കമ്മിഷണറായി പ്രവർത്തിച്ചിട്ടുണ്ട് സർ എഡ്മണ്ട് ഹിലരി. പിന്നീട് പത്മവിഭൂഷൺ (മരണാനന്തരം) നൽകി ഇന്ത്യ അദ്ദേഹത്തെ ആദരിച്ചു.

∙ ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയതിനുള്ള ബഹുമതി നേപ്പാളിൽനിന്നുള്ള കമി റിത ഷേർപ്പയ്ക്ക് അവകാശപ്പെട്ടതാണ് (25 തവണ). കമി റിത ഷേർപ്പ കഴിഞ്ഞാൽ കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയത് അപ്പ ഷെർപ, ഫുർബ താഷി (ഇരുവരും 21 തവണ) എന്നിവരാണ്.

∙ എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായംകൂടിയ വ്യക്തി ജപ്പാനിലെ യൂയിചിറോ മിയുറയാണ് (80 വയസ്, 2008). എവറസ്റ്റ് കൊടുമുടി തൊട്ട പ്രായംകൂടിയ വനിത ജപ്പാന്റെ ടമേ വടനബി (73 വയസ്, 2012). 2002ലും അവർ എവറസ്റ്റിന്റെ നെറുകയിലെത്തിയിരുന്നു.

Mount-Everest-Base-Camp-In-Nepal

∙ എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി അമേരിക്കയുടെ ജോർദൻ റൊമീറോയാണ് (13 വയസ്, 2010). എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത ഇന്ത്യയുടെ മലാവത് പുർനെയാണ് (13 വയസ്, 11 മാസം, 2014). ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ എവറസ്റ്റ് ജേതാവും മലാവത് തന്നെ. രണ്ടു തവണ എവറസ്റ്റ് കീഴടക്കിയ ആദ്യ വ്യക്തി ഇന്ത്യയുടെ നവാങ് ഗൊമ്പുവാണ് (1963, 65).

∙ പരസഹായമില്ലാതെ ഏകനായി കയറിയ ആദ്യ വ്യക്തി റീൻഹോൾഡ് മെസ്നറാണ് (1980). ഓക്സിജൻ സിലിണ്ടറില്ലാതെ ആദ്യമായി അവിടെയെത്തിയതും അദ്ദേഹം തന്നെ (1978). കൃത്രിമക്കാലുകളിൽ മഞ്ഞുമലയുടെ നെറുകയിൽ തൊട്ട ആദ്യ വ്യക്തി ന്യൂസിലൻഡിന്റെ മാർക്ക് ഇംഗ്ലിസ് (2006).

∙ ഏറ്റവും ആദ്യം എവറസ്റ്റിന്റെ നെറുകയിൽ തൊട്ട വനിത ജപ്പാന്റെ ജങ്കോ ടബേയാണ് (1975). എവറസ്റ്റ് കൊടുമുടിയിലെത്തിയ ആദ്യ ഇന്ത്യൻ വനിത ബചേന്ദ്രിപാലാണ് (1984). അഞ്ചു ദിവസത്തിനുള്ളിൽ വേഗത്തിൽ രണ്ടു തവണ എവറസ്റ്റ് കീഴടക്കിയതിനുള്ള ബഹുമതി ഇന്ത്യയുടെ അൻഷു ജാംസെൻപായുടെ പേരിലാണ്. ഏറ്റവും കൂടുതൽ പ്രാവശ്യം എവറസ്റ്റ് കീഴടക്കിയ ഇന്ത്യൻ വനിത എന്ന നേട്ടം അൻഷു ജാംസെൻപായുടെ (അഞ്ചു തവണ) പേരിലാണ്. എവറസ്റ്റിനു മുകളിലെത്തുന്ന ആദ്യ ഇരട്ടസഹോദരിമാർ എന്ന നേട്ടവും ഇന്ത്യൻ വനിതകളുടെ പേരിലാണ്– താഷി മാലിക്കും നാൻസി മാലിക്കും.

∙ എവറസ്‌റ്റിന്റെ താഴ്‌‍വാരത്തുള്ള സൊലുഖുംഭൂവിലെ ലുക്‌ല വിമാനത്താവളത്തിന്റെ പേര് നേപ്പാൾ സർക്കാർ 2008ൽ പുനർനാമകരണം ചെയ്യുകയുണ്ടായി. ടെൻസിങ് - ഹിലരി വിമാനത്താവളം എന്നാണ് പുതിയ പേര്. ആദ്യമായി എവറസ്‌റ്റ് കീഴടക്കിയ എഡ്‌മണ്ട് ഹിലരിക്കും ടെൻസിങ് നോർഗെയ്ക്കുമുളള ഏറ്റവും വലിയ ആദരവായിരുന്നു അത്.

∙ 2015 മേയിൽ നേപ്പാളിലുണ്ടായ ഭൂചലനത്തിൽ എവറസ്‌റ്റ് കൊടുമുടിയുടെ ഉയരം അൽപ്പം കുറഞ്ഞതായി ഉപഗ്രഹ റിപ്പോർട്ടകൾ പറയുന്നു. യൂറോപ്പ് വിക്ഷേപിച്ച സെന്റിനൽ 1എ എന്ന റഡാർ ഉപഗ്രഹമാണ് എവറസ്‌റ്റിന്റെ ഉയരം 2.5 സെന്റിമീറ്റർ കുറഞ്ഞതായി ലോകത്തെ അറിയിച്ചത്.

∙ എവറസ്റ്റ് കൊടുമുടിയിലേക്കുള്ള അവസാന പടികളായ ‘ഹിലറി സ്റ്റെപ്’ തകർന്നത് പിന്നീടാണ് ലോകം അറിയുന്നത്. 12 മീറ്റർ കുത്തനെ ഉയരത്തിലുള്ള പാറക്കെട്ടാണു ഈ ‘ഹിലറിപ്പടി’. ഇൗ കടമ്പ കയറിയാൽ എവറസ്റ്റായി. അതും 2015ലെ ഭൂചലനത്തിൽ നഷ്ടപ്പെട്ടതാവാം എന്നാണ് അനുമാനം.

Grass growing around Mount Everest as global heating intensifies

∙ എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഒരൊറ്റ രാജ്യാന്തര ക്രിക്കറ്റ് താരമേയുള്ളൂ– ന്യൂസിലൻഡിന്റെ ആഡം ക്രെയ്ഗ് പരോർ. 2011ൽ, തന്റെ രണ്ടാം ശ്രമത്തിലാണ് അദ്ദേഹം എവറസ്റ്റ് കീഴടക്കിയത്.

∙ പർവതാരോഹകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് എവറസ്റ്റും മലിനമാക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. പർവതാരോഹകർ ഉപേക്ഷിക്കുന്ന സിലിണ്ടറുകൾ, കയറുകൾ, ബാഗുകൾ, വസ്ത്രങ്ങൾ, കാനുകൾ തുടങ്ങിയവ എവറസ്റ്റിൽ അടിഞ്ഞുകൂടിയിട്ടുണ്ട്. മനുഷ്യൻ എവറസ്റ്റിൽ ആദ്യമായി എത്തിയതിന്റെ 60–ാം വാർഷികവുമായി ബന്ധപ്പെട്ട് 2013ൽ ഇന്ത്യയിലെയും നേപ്പാളിലെയും സൈനികർ നടത്തിയ എവറസ്റ്റ് വൃത്തിയാക്കലിൽ എത്രമാത്രം മാലിന്യമാണ് നീക്കിയതെന്ന് അറിയാമോ? 4,000 കിലോ. പല കാലത്തായി പർവതാരോഹകർ ഉപേക്ഷിച്ച വസ്തുക്കളായിരുന്നു ഇവ.

∙ 2009 ഡിസംബറിൽ നേപ്പാൾ മന്ത്രിസഭായോഗം നടന്നത് എവറസ്‌റ്റ് കൊടുമുടിയിൽ! സമുദ്രനിരപ്പിൽനിന്ന് 17,200 അടി ഉയരത്തിൽ നടന്ന കാബിനറ്റ് യോഗത്തിനു 21 മന്ത്രിമാർ ഹെലികോപ്റ്ററിലാണ് എത്തിയത്. എല്ലാവരും ഓക്‌സിജൻ മാസ്‌കുകളും ധരിച്ചിരുന്നു. പർവതാരോഹകർ കയറ്റം ആരംഭിക്കുന്ന ബേസ് ക്യാംപിനടുത്തു കാലാ പത്തർ പീഠഭൂമിയായിരുന്നു ‘ക്യാബിനറ്റ് റൂം.’ ആഗോള താപനം ഹിമാലയത്തിനു സൃഷ്‌ടിക്കുന്ന മാറ്റങ്ങൾ ലോക ശ്രദ്ധയിൽ കൊണ്ടുവരാനാണ് മന്ത്രിസഭ ഇവിടെ കൂടിയത്.

∙ നേപ്പാളിലെ കറൻസിയായ നേപ്പാളി റുപ്പിയുടെ നോട്ടുകളുടെ ഒരു ഭാഗത്ത് എവറസ്റ്റിന്റെ ചിത്രമുണ്ട്. രാജഭരണത്തിന് അന്ത്യം കുറിച്ച് ജനാധിപത്യം വന്നതോടെയാണ് നേപ്പാളി നോട്ടുകളിൽ രാജാവിന്റെ ചിത്രത്തിന് പകരമായി എവറസ്റ്റ് സ്ഥാനം പിടിച്ചത്. 2007ൽ ആദ്യം 500 രൂപ നോട്ടിലും പിന്നീട് എല്ലാ നോട്ടുകളിലും എവറസ്റ്റ് പ്രത്യക്ഷപ്പെട്ടു.

∙ ‘കുള്ളൻ ഗ്രഹ’മായ പ്ലൂട്ടോയിലെ പർവതനിരകൾക്ക് ടെൻസിങ് നോർഗെയുടെയും എഡ്മണ്ട് ഹിലരിയുടെയും പേരാണ് സമ്മാനിച്ചിരിക്കുന്നത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിലെ ശാസ്ത്രജ്ഞർ നിർദേശിച്ച പേരുകളാണ് 2017ൽ ഇന്റർനാഷനൽ അസ്ട്രോണമിക്കൽ യൂണിയൻ അംഗീകരിച്ചത്.

∙ ടെൻസിങ്ങും ഹിലാരിയും എവറസ്റ്റ് കീഴടക്കിയതിന്റെ സുവർണ ജൂബിലി ഡൽഹിയിലും കഠ്മണ്ഡുവിലും ആഘോഷിച്ചപ്പോൾ എൺപത്തിമൂന്നുകാരനായ ഹിലാരിയും അവിടെ പറന്നെത്തി. ടെൻസിങ് ജീവനോടെ ഉണ്ടായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പുത്രൻ ജാംലിൻ നോർഗെയും ആഘോഷത്തിൽ പങ്കുചേർന്നു. 1953ൽ അദ്ദേഹത്തോടൊപ്പം പർവതാരോഹക സംഘത്തിലുണ്ടായിരുന്ന ഗ്യാൽ സെൻ ഷേർപ്പയും (85) കഠ്മണ്ഡുവിലെത്തി.

∙ ഇംഗ്ലണ്ടിലെ കെന്റിലെ എവറസ്റ്റ് കോർട്ടിലുള്ള ഒരു കെട്ടിടത്തിന് ടെൻസിങ്ങിന്റെ പേരാണ് നൽകിയിട്ടുള്ളത്.

∙ ടെൻസിങ് തന്റെ ജന്മദിനം ആഘോഷിക്കുന്നത് മേയ് 29ന്. 1914ലെ മേയ് മാസത്തിലാണ് താൻ ജനിച്ചതെന്നുമാത്രമേ ടെൻസിങ്ങിന് അറിവുണ്ടായിരുന്നുള്ളൂ. തീയതി അദ്ദേഹത്തിന് അറിയില്ല. എവറസ്റ്റ് കീഴടക്കിയ മേയ് 29ന് തന്റെ ജന്മദിനവും ആഘോഷിച്ചുകളയാം എന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഇതോടെ ടെൻസിങ്ങിന്റെ ജന്മദിനവും മേയ് 29 ആയി. അദ്ദേഹത്തിന്റെ മരണവും ഒരു മേയ് മാസത്തിലായിരുന്നു– 1986 മേയ് 9ന്.

English Summary: International Everest Day 2021 - all you need to know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com