ADVERTISEMENT

തിരുവനന്തപുരം∙ മുട്ടില്‍ മരം മുറിയില്‍ പാര്‍ട്ടിയെ സിപിഎം കുരുക്കിലാക്കിയെന്ന വികാരത്തില്‍ സിപിഐ. മുഖ്യമന്ത്രിയുടെ അനുമതിയോടെ ഉത്തരവിറങ്ങിയിട്ടും സിപിഐയേയും മുന്‍ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനേയും പ്രതിക്കൂട്ടിലാക്കുന്നതിലുള്ള അതൃപ്തി സിപിഐ, സിപിഎമ്മിനെ അറിയിച്ചു. ഈ അമര്‍ഷത്തെ തുടര്‍ന്നാണ് മുട്ടില്‍ മരംമുറി വിവാദത്തില്‍ ചാനൽ ചര്‍ച്ചകളില്‍ സിപിഐ പങ്കെടുക്കാത്തത്.

റവന്യൂ പട്ടയ ഭൂമിയിലെ മരം മുറിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത് മുഖ്യമന്ത്രി ഉള്‍പ്പെടെ വിളിച്ച വിവിധ യോഗങ്ങളുടെ തീരുമാനപ്രകാരമായിരുന്നു. സര്‍വകക്ഷി യോഗവും മരം മുറി ഉത്തരവ് നല്‍കാന്‍ ചേര്‍ന്നിരുന്നു. എന്നാല്‍ പഴി മുഴുവനും സിപിഐക്കും പഴയ റവന്യൂ വനം മന്ത്രിമാര്‍ക്കുമാണ്. പുറത്തുവരുന്ന രേഖകളിലെല്ലാം കൂടുതലും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതും മുൻ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനാണ്.

സര്‍വകക്ഷി യോഗങ്ങളുടെ തീരുമാനത്തിനുപരി ഉത്തരവിറക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പ്രത്യേക താൽപര്യമുണ്ടായിരുന്നു. വിവാദ ഉത്തരവില്‍ സിപിഎമ്മിനും സിപിഐക്കും തുല്യ ഉത്തരവാദിത്വമെന്നാണ് സിപിഐയുടെ നിലപാട്. സിപിഎം സിപിഐയെ കുരുക്കിലാക്കിയെന്ന നിലപാട് പാര്‍ട്ടി നേതൃത്വം അറിയിച്ചും കഴിഞ്ഞു.

ഇടതുമുന്നണി നേരിടുന്ന ഏതു പ്രതിസന്ധിയിലും സൈബര്‍ ഇടങ്ങളില്‍ പ്രതിരോധം തീര്‍ക്കാറുണ്ട്. എന്നാല്‍ മരം മുറി വിവാദത്തില്‍ സിപിഐയെ കുറ്റപ്പെടുന്ന പ്രചാരണങ്ങള്‍ക്ക് സിപിഎം മൗനാനുവാദം നല്‍കിയെന്നാണ് സിപിഐയിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.

പുതിയ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ സിപിഐയെ പരോക്ഷമായി കുറ്റപ്പെടുത്തിയപ്പോഴും സിപിഎം നേതൃത്വം വിലയിക്കില്ലെന്നതിൽ സിപിഐക്ക് പരിഭവമുണ്ട്. ഇതുകൊണ്ടുതന്നെയാണ് മരംമുറി വിവാദങ്ങളില്‍ ചാനലുകളില്‍ ചര്‍ച്ചയ്ക്ക് പോകണ്ടെന്ന് സിപിഐ തീരുമാനിച്ചത്.

English Summary: Muttil Rosewood Smuggling: CPI against CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com