ADVERTISEMENT

തിരുവനന്തപുരം ∙ മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു (73) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഞായറാഴ്ച മുതൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മൃതദേഹം ആശുപത്രിയിൽനിന്നു  കുണ്ടമൺ കടവിനു സമീപത്തുള്ള വീട്ടിലേക്കു കൊണ്ടുപോയി. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിൽ.  രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30വരെ അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിനു വയ്ക്കും.

kallan-pavithran
‘കള്ളൻ പവിത്ര’നിൽ നെടുമുടി വേണു.

ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ വേണു കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെയെല്ലാം ഗംഭീരമായി അവതരിപ്പിച്ചു. അനന്യമായ അഭിനയശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാളായി. ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറുവട്ടവും ലഭിച്ചു. ഏതാനും ചിത്രങ്ങളുടെ രചനയും നിർവഹിച്ചിട്ടുണ്ട്. ഭാര്യ: ടി.ആർ. സുശീല. മക്കൾ: ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ.

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അധ്യാപകരായിരുന്ന പി.കെ.കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22 നാണ് കെ. വേണുഗോപാൽ എന്ന വേണു ജനിച്ചത്. നെടുമുടി എൻ‌എസ്‌ ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം. കോളജ് പഠനകാലത്തുതന്നെ സാംസ്കാരിക, കലാ പ്രവർത്തനങ്ങളിൽ സജീവമായി. കുറച്ചുകാലം പാരലൽ കോളജ് അധ്യാപകനായും പ്രവർത്തിച്ചു. കോളജിലെ സഹപാഠിയായിരുന്ന സംവിധായകൻ ഫാസിലുമായി ചേർന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്. 

Rachana
‘രചന’ എന്ന ചിത്രത്തിൽ നെടുമുടി വേണുവും ഭരത് ഗോപിയും.

കോളജ് കാലത്ത് തോപ്പിൽ ഭാസിയുടെ ‘ഒരു സുന്ദരിയുടെ കഥ’ എന്ന സിനിമയിൽ മുഖം കാണിച്ചിരുന്നു. അക്കാലത്ത് കാവാലം നാരായണപ്പണിക്കരെ പരിചയപ്പെട്ട വേണു അദ്ദേഹത്തിന്റെ നാടകസംഘത്തിൽ സജീവമായി. അങ്ങനെയാണ് ഭരത് ഗോപി അടക്കമുള്ളവരുമായി അടുപ്പമുണ്ടായത്. ജവഹർ ബാലഭവനിൽ കുറച്ചുകാലം നാടകാധ്യാപകനായും ജോലി ചെയ്തു. പിന്നീട് തിരുവനന്തപുരത്തേക്ക് തട്ടകം മാറ്റി. ‘അവനവൻ കടമ്പ’ അടക്കം കാവാലത്തിന്റെ പ്രശസ്ത നാടകങ്ങളിൽ അഭിനയിച്ചത് അവിടെവച്ചാണ്. അക്കാലത്ത് കലാകൗമുദിയിൽ പത്രപ്രവർത്തകനായും ജോലിനോക്കി.

perumthachan
‘പെരുന്തച്ച’നിൽ തിലകനൊപ്പം നെടുമുടി വേണു.

അരവിന്ദൻ, പത്മരാജൻ, ഭരതൻ, ജോൺ ഏബ്രഹാം തുടങ്ങിയവരുമായി സൗഹൃദത്തിലായ വേണു 1978 ൽ അരവിന്ദന്റെ ‘തമ്പി’ലൂടെയാണ് ചലച്ചിത്രജീവിതം സജീവമാക്കിയത്. പിന്നാലെ വന്ന ഭരതന്റെ ‘ആരവ’വും ‘തകര’യും വേണുവിലെ അഭിനയപ്രതിഭയെ പ്രശസ്തനാക്കി. മലയാളത്തിലെ മികച്ച സംവിധായകരുടെ ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തിരുവനന്തപുരം ദൂരദർശന്റെ തുടക്കകാലത്ത് ശ്രദ്ധേയങ്ങളായ പരമ്പരകളിലും അഭിനയിച്ചു. വേണു സംവിധാനം ചെയ്ത ‘കൈരളീവിലാസം ലോഡ്ജ്’ എന്ന പരമ്പര വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

illustration-nedumudi-venu-career
നെടുമുടി വേണു. വര : നാരായണൻ കൃഷ്ണ

ചാമരം, ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ, വിടപറയുംമുമ്പേ, യവനിക, എനിക്കു വിശക്കുന്നു, അച്ചുവേട്ടന്റെ വീട്, അപ്പുണ്ണി, ഗുരുജി ഒരു വാക്ക്, പഞ്ചവടിപ്പാലം, അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ഈ തണുത്ത വെളുപ്പാൻകാലത്ത്, സൈറ, മാർഗം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഇന്ത്യൻ, അന്യൻ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തീർത്ഥം, അമ്പട ഞാനേ തുടങ്ങിയ സിനിമകളുടെ രചയിതാവാണ്. പൂരം എന്ന ചിത്രം സംവിധാനം ചെയ്തു.

∙ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചിച്ചു

മലയാളത്തിലെയും ഇന്‍ഡ്യൻ സിനിമയിലെതന്നെയും ഏറ്റവും മികച്ച നടന്മാരിലൊരാളായ നെടുമുടി വേണുവിന്റെ നിര്യാണം അതീവ ദുഃഖകരമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പരമ്പരാഗത കലകളിലും ഭാരതീയ നാട്യപദ്ധതിയിലുമുള്ള അപാരജ്ഞാനം അദ്ദേഹത്തിന്റെ അഭിനയത്തിൽ പ്രതിഫലിച്ചു.  ഈ അറിവും അസാമാന്യ താളബോധവും കൊണ്ട് സിനിമയിലും അരങ്ങിലും സോപാന സംഗീതാലാപനത്തിലും തിളങ്ങിയ നെടുമുടിയുടെ ജീവിതം കലയ്ക്ക് സമര്‍പ്പിതമായിരുന്നു.  ഈ വിയോഗത്തില്‍ അഗാധമായ ദു:ഖം അറിയിക്കുന്നു. ആത്മാവിന് മുക്തിനേരുന്നു.

Nedumudi-Venu-GR-Anil
നെടുമുടി വേണുവിന് മന്ത്രി ജി.ആർ.അനിൽ ആദരാഞ്ജലി അർപ്പിക്കുന്നു.

∙ മുഖ്യമന്ത്രി അനുശോചിച്ചു

അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗ്രഹീത നടനാണ് അദ്ദേഹം. നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളില്‍ വലിയ താത്പര്യമെടുക്കുകയും നാടന്‍പാട്ടുകളുടെ അവതരണം മുതല്‍ പരീക്ഷണ നാടകങ്ങളുടെ അവതരണം വരെ  നേതൃപരമായ പങ്കോടെ ഇടപെടുകയും ചെയ്തു. അദ്ദേഹം ചൊല്ലിയ നാടന്‍പാട്ടുകള്‍ ജനമനസ്സുകളില്‍ വരുംകാലത്തുമുണ്ടാകും. മലയാളത്തിന്റെ മാത്രമല്ല, പല തെന്നിന്ത്യന്‍ ഭാഷകളിലും ആസ്വാദകരുടെ മനസ്സില്‍ ആ ബഹുമുഖ പ്രതിഭ സ്ഥാനംപിടിച്ചു. തമിഴ് സിനിമാസ്വാദകരുടെ പ്രിയപ്പെട്ട പല കഥാപാത്രങ്ങളും അവതരിപ്പിക്കുന്നതിന് അദ്ദേഹത്തിന് അവസരമുണ്ടായി. സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്‌നേഹിച്ച നെടുമുടി വേണുവിന്റെ നിര്യാണം നമ്മുടെ സാംസ്‌കാരികരംഗത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.

∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവരങ്ങിലെ വിളക്കണഞ്ഞു... വിസ്മയിപ്പിക്കുന്ന നടനും അതുല്യ കലാകാരനും മനുഷ്യസ്‌നേഹിയുമായ നെടുമുടി വേണുവിന് ആദരവോടെ പ്രണാമം. എന്തൊരു നടനായിരുന്നു അദ്ദേഹം. അഞ്ഞൂറോളം സിനിമകള്‍... ഒന്നിനൊന്ന് മികച്ച റോളുകള്‍... അഭിനയത്തിലെന്ന പോലെ വാദ്യകലയിലും സംഗീതത്തിലും നെടുമുടി വേണുവിന്റെ പ്രതിഭാ സ്പര്‍ശം നാം കണ്ടതാണ്. കഥകളി മുതല്‍ തനതു നാടകവേദി വരെ അരങ്ങിന്റെ എല്ലാ രീതിശാസ്ത്രവും നെടുമുടിക്ക് വഴങ്ങി. വള്ളപ്പാട്ടിന്റെയും വേലകളിയുടെയും കുട്ടനാടന്‍ സംസ്‌ക്കാരമാണ് ആ ഹൃദയത്തിന്റെ താളമായിരുന്നത്. അങ്ങ് ഞങ്ങള്‍ക്ക് സമ്മാനിച്ച കലാനുഭവങ്ങള്‍ക്ക് ആദരം... സ്‌നേഹം... നന്ദി... പെര്‍ഫക്ട് ആക്ടര്‍, ഗംഭീര താള കലാകാരന്‍, നല്ല പാട്ടുകാരന്‍, എഴുത്തുകാരന്‍. വിട...

Nedumudi-Venu-corpse
നെടുമുടി വേണുവിന്റെ മൃതദേഹം ആശുപത്രിയിൽനിന്ന് ആംബുലൻസിലേക്ക് കയറ്റുന്നു. ചിത്രം – ആർ.എസ്.ഗോപൻ ∙ മനോരമ

∙ നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ്

പതിനഞ്ചു വര്‍ഷക്കാലത്തിലേറെയായി നെടുമുടി വേണുവുമായി വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നു. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായ വേണുവിന്റെ നിര്യാണം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്. സിനിമാ സുഹൃത്തുക്കളുടെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

∙ മന്ത്രി സജി ചെറിയാൻ

മലയാളത്തിന്റെ അനുഗ്രഹീത നടൻ നെടുമുടി വേണുവിന്റെ വിയോഗ വാർത്ത ഞെട്ടലോടെയാണ് അറിഞ്ഞത്. കഴിഞ്ഞ മാസം നടന്ന മഴ മിഴി സിഗ്നേച്ചർ ഫിലിം പ്രകാശന ചടങ്ങിലാണ് അദ്ദേഹത്തെ അവസാനമായി നേരിട്ട് കണ്ടത്.  ആശുപത്രിയിൽ ആണെന്ന് അറിയാമായിരുന്നു, എന്നാലും രോഗാവസ്ഥയെയൊക്കെ മറികടന്നു കൊണ്ട് അദ്ദേഹം നിറപുഞ്ചിരിയോടെ മടങ്ങി വരുമെന്നായിരുന്നു പ്രതീക്ഷിച്ചത്. മലയാള സാംസ്കാരിക ലോകത്തെ കാരണവരിലൊരാളെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. സ്വതസിദ്ധമായ അഭിനയവും ശരീരഭാഷയും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നാടകക്കളരികളിലെ അനുഭവസമ്പന്നതയും അദ്ദേഹത്തെ മലയാളസിനിമയിലെ പകരം വെക്കാനില്ലാത്ത സാന്നിദ്ധ്യമായി മാറ്റി. നായകനായും വില്ലനായും സ്വഭാവ നടനായും അരങ്ങിലും വെള്ളിത്തിരയിലും അദ്ദേഹം നിറഞ്ഞാടി. ഗൗരവകരമായ വേഷങ്ങളും ഹാസ്യപ്രധാനമായ വേഷങ്ങളും നെടുമുടിയിൽ ഭദ്രമായിരുന്നു. ജീവിതത്തിന്റെ അരങ്ങിലെ വേഷമഴിച്ചു പിൻവാങ്ങുമ്പോഴും തിരശീലയിൽ അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങൾ എന്നും മലയാളികളുടെ മനസ്സിൽ മരണമില്ലാതെ ജീവിക്കും.

Nedumudi-Venu-corpse-2
നെടുമുടി വേണുവിന്റെ മൃതദേഹം വട്ടിയൂർക്കാവിലെ വീട്ടിലെത്തിച്ചപ്പോൾ

∙ മന്ത്രി കെ. രാജൻ

മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ അഗ്രഗണ്യനായിരുന്നു നെടുമുടി. അഭിനയത്തിൽ മാത്രമല്ല സംഗീതത്തിലും പ്രാവീണ്യം നേടിയിരുന്നു. വ്യത്യസ്ത വേഷങ്ങളെ അനായാസം അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തിയ നെടുമുടി മലയാളമടക്കം അഞ്ഞൂറിലധികം തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചു എന്നത് തന്നെ വിസ്മയകരമായ നേട്ടമാണ്. രണ്ട് ദേശീയ പുരസ്കാരങ്ങളും ആറു തവണ സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. പ്രതിഭാധനനായആ അതുല്യപ്രതിഭക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നു. 

nedumudi-venu1
നെടുമുടി വേണു (ഫയൽ ചിത്രം)

മന്ത്രി പി.രാജീവ്

സിനിമ കണ്ടു തുടങ്ങിയ നാൾ മുതൽ മനസിൽ ചേക്കേറിയ ഒരാളാണ് നെടുമുടി വേണു. ഒരു ചലച്ചിത്ര താരത്തിന്റെ അകലം മലയാളിക്ക് നെടുമുടിയോട് ഇല്ല. വീട്ടിലെ ഒരംഗം എന്ന അടുപ്പം, തന്റെ അനിതരസാധാരണമായ അഭിനയശേഷിയിലൂടെ സൃഷ്ടിച്ചെടുത്ത പ്രതിഭയാണ് അദ്ദേഹം. മലയാളത്തിലെ മാസ്റ്റേഴ്സിനൊപ്പം അദ്ദേഹം സൃഷ്ടിച്ച സിനിമകളാണ് നമ്മുടെ ഈടുവെയ്പ്. ഇന്ത്യൻ സിനിമയിൽ മലയാളത്തെ മുൻ നിരയിലേക്ക് കൈപിടിച്ച് ഉയർത്തുന്നതും ആ സംഭാവനകൾ തന്നെ. അഭിനേതാവ്, നാടക പ്രവർത്തകൻ, പത്രപ്രവർത്തകൻ, പാട്ടുകാരൻ എന്നിങ്ങനെ ഏതരങ്ങിലും കൊടുമുടിയുടെ ഉയരത്തിൽ തലപ്പൊക്കത്തോടെ നിന്ന ഒരാൾ. തമ്പ്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, തകര എന്ന് തുടങ്ങി പുതുതലമുറയുടെ സിനിമകളിൽ വരെ അദ്ദേഹം തീർത്ത പ്രകടനം കാലാതിവർത്തിയായി മാറി. കാവാലത്തിനൊപ്പമുള്ള നാടക രംഗത്തെ സംഭാവനകൾ വേറെ. ഇന്ത്യൻ സിനിമയിലെ അഭിനയ പ്രതിഭ അരങ്ങൊഴിഞ്ഞെങ്കിലും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും സിനിമകളും ഇനിയും എത്രയോ തലമുറകൾ ജീവിക്കും.

∙ മന്ത്രി വി.ശിവൻകുട്ടി

നെടുമുടിവേണു അരങ്ങൊഴിഞ്ഞിരിക്കുന്നു. എന്തു വിശേഷണമാണ് നെടുമുടി വേണുവിന് നൽകുക . അതിനൊക്കെ മുകളിലാണ് അദ്ദേഹത്തിന്റെ പ്രതിഭ! അഭിനയരംഗത്ത് സജീവമായി അരനൂറ്റാണ്ട് പിന്നിടുക ... അഞ്ഞൂറിലധികം വേഷങ്ങളിൽ പകർന്നാടുക... നായകനായി വില്ലനായി സഹനടനായി... പകരം വെക്കാനില്ലാത്ത അതുല്യപ്രതിഭയായി അദ്ദേഹം മലയാളിക്കൊപ്പം ജീവിച്ചു. മലയാളത്തിലെ എക്കാലത്തേയും മികച്ച നടന്മാരുടെ പട്ടികയിൽ അദ്ദേഹം ഉണ്ടാകുമെന്ന് തീർച്ച. സകലകലാവല്ലഭനായിരുന്നു അദ്ദേഹം.

Nedumudi-Venu-corpse-1
നെടുമുടി വേണുവിന്റെ മൃതദേഹം വട്ടിയൂർക്കാവിലെ വീട്ടിലെത്തിച്ചപ്പോൾ

∙ മന്ത്രി കെ.രാധാകൃഷ്ണൻ

താളലയചാരുതയുള്ള അഭിനയത്തിന്റെ ഉജ്വല മാതൃകയായിരുന്ന നെടുമുടി വേണുവിന്റെ വേർപാട് കല, സാംസ്കാരിക മേഖലയ്ക്ക് നികത്താനാവാത്ത നഷ്ടം തന്നെയാണ്.

∙ മന്ത്രി ജി.ആർ.അനിൽ

ഇന്ത്യൻ സിനിമയിലെ നടന വിസ്മയം തീർത്ത അഭിനയ പ്രതിഭയായിരുന്നു നെടുമുടിവേണു. തിരശ്ശീലയിൽ സ്വഭാവനടൻ എന്ന നിലയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച അഭിനേതാവ്. കേരളത്തിന്റെ തനിമയും സംസ്കാരവും കഥാപാത്രങ്ങളിൽ ആവാഹിച്ച അപൂർവ്വ പ്രതിഭയായിരുന്നു. നാടകങ്ങളിലൂടെയും, സിനിമകളിലൂടെയും നൂറുകണക്കിന് കഥാപാത്രങ്ങളെയാണ് അഭ്രപാളികളിൽ അദ്ദേഹം അനശ്വരമാക്കിയത്. ഇന്ത്യൻ സിനിമയ്ക്കും, കലാകേരളത്തിനും നികത്താനാവാത്ത നഷ്ടമാണിത്.

∙ മന്ത്രി ജെ. ചിഞ്ചുറാണി

മലയാള ചലച്ചിത്ര അഭിനയ രംഗത്ത് ക്ലാസിക്കല്‍ സ്വഭാവം നല്‍കിയ നടനാണ് നെടുമുടി വേണു. ഗ്രാമീണത്തനിമയും പാരമ്പര്യ കലകളുടെ സൗന്ദര്യവും ചാലിച്ചു ചേര്‍ത്തതാണ് സിനിമയിലെ നെടുമുടിച്ചട്ടം. ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് മലയാളത്തിന് വ്യതിരിക്തമായ മുഖം സമ്മാനിച്ച എണ്ണപ്പെട്ട കലാകാരന്മാര്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. സിനിമയില്‍ തന്റേതായ പാത വെട്ടിത്തുറക്കുന്നതിനു മുമ്പുതന്നെ കൈവച്ച മേഖലകളിലെല്ലാം പച്ചതൊട്ടതാണാ പ്രതിഭ. അധ്യാപനവും പത്രപ്രവര്‍ത്തനവും മുതല്‍ തനതു നാടക വേദി വരെ നീളുന്ന വ്യത്യസ്ത വഴികള്‍. ആലപ്പുഴയിലെ നെടുമുടിയില്‍ നിന്ന് കലാജീവിതം തുടങ്ങിയ കെ വേണുഗോപാല്‍ എന്ന നെടുമുടി വേണു ഇന്ന് മലയാളികളുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമായിരുന്നു.

∙ മന്ത്രി റോഷി അഗസ്റ്റിന്‍

നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അതുല്യകലാകാരന്‍ നെടുമുടി വേണുവിന്റെ വിയോഗം സിനിമയ്ക്കു മാത്രമല്ല സാംസ്‌കാരിക കേരളത്തിന്റെ തീരാനഷ്ടമാണ്. നാടകവും നാടന്‍ പാട്ടും പത്രപ്രവര്‍ത്തനവും അടക്കം വിശാലമായ കര്‍മ മണ്ഡലമായിരുന്നു അദ്ദേഹത്തിന്റേത്. മലയാളത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്നില്ല വേണുവിന്റെ സിനിമാ ജീവിതം. നെടുമുടി വേണുവിന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നു.

∙ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

അഞ്ചുപതിറ്റാണ്ടായി മലയാള സിനിമയിലെ പ്രതിഭാധനനായ നടനായിരുന്നു നെടുമുടി വേണു. അഭിനയ മികവ് കൊണ്ട് അദ്ദേഹം അനശ്വരമാക്കിയ കാഥാപാത്രങ്ങള്‍ നിരവധിയാണ്. മലയാള സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത അഭിനേതാവാണ് നെടുമുടി.സിനിമയില്‍ അദ്ദേഹം അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുക ആയിരുന്നു.അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിടവാങ്ങല്‍ മലയാളികള്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. ഇനിയും നിരവധി കഥാപാത്രങ്ങള്‍ക്ക് അഭ്രപാളിയില്‍ ജീവന്‍ പകരാന്‍ ശേഷിയുള്ള വലിയ ഒരു കലാകാരന്റെ വിയോഗം ഇന്ത്യന്‍ സിനിമയ്ക്ക് അപരിഹാര്യമാണ്. തന്റെ സ്വതസിദ്ധമായ ശൈലയില്‍ നമുക്ക് ഇടയിലെ മനുഷ്യജീവിതങ്ങള്‍ തികഞ്ഞ മെയ്‌വഴക്കത്തോടെയും ഭാവങ്ങളിലൂടെയും പകര്‍ന്നാടിയ നെടുമുടി വേണുവിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

∙ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ

മലയാളത്തിന്റെ മഹാനടനായ നെടുമുടി വേണുവിന്റെ വിയോ​ഗം ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടമാണ്. രാജ്യത്തെ പ്രതിഭാധനൻമാരായ അഭിനേതാക്കളിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന ഒരു അഭിനേതാവിനെയാണ് നമുക്ക് നഷ്ടപ്പെട്ടത്. മലയാളത്തിലും തമിഴിലുമായി 500ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹത്തിന് രണ്ട് തവണ ദേശീയ അവാർഡ് ലഭിച്ചത് മലയാളികൾക്ക് അഭിമാനകരമായിരുന്നു. ആറു തവണ സംസ്ഥാന അവാർഡ് നേടിയ അദ്ദേഹത്തിന്റെ അഭിനയം മലയാളികളെ ആസ്വാദനത്തിന്റെ അവാച്യമായ തലത്തിലേക്ക് ഉയർത്തുന്നതായിരുന്നു. അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടേയും ആരാധകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നു.

∙ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

അയത്നലളിതമായ അഭിനയശൈലി കൊണ്ട് ഒട്ടേറെ കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടനവിസ്മയമായിരുന്നു നെടുമുടി വേണു. പല ചിത്രങ്ങളുടെയും വമ്പിച്ച വിജയത്തിന് നെടുമുടിയുടെ അഭിനയമികവ് അത്യധികം സഹായകമായിട്ടുണ്ട്. നെടുമുടിയുടെ വിയോഗത്തിലൂടെ ഒരു നല്ല സുഹൃത്തിനെയാണ് തനിക്കു നഷ്ടപ്പെട്ടത്.

∙ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ

ജാടയോ ആടയാഭരണങ്ങളോ ഇല്ലാതെ നടന വിസ്മയം തീർത്ത നടനായിരുന്നു നെടുമുടി. സിനിമാ നാടക രംഗത്തെ ബഹുമുഖ പ്രതിഭയെ ആണ് കലാലോകത്തിനു നഷ്ടമായത്.

∙ മന്ത്രി വീണാ ജോര്‍ജ്

ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് നെടുമുടി വേണു. നാടകങ്ങളിലും സിനിമയിലും ശ്രദ്ധേയമായ കഥാപാത്രങ്ങിലൂടെ അദ്ദേഹം പലപ്പോഴും മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്. ആ അഭിനയ പ്രതിഭയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഒപ്പം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

∙ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

നാടകരംഗത്തിലൂടെ അഭിനയരംഗത്ത് എത്തിയ നെടുമുടി വേണു വളരെ വേഗം ജനപ്രിയ നായകനായി മാറി. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ മലയാളി മനസ്സുകളില്‍ എന്നും തങ്ങി നില്‍ക്കുന്നു. നെടുമുടിയുടെ നിര്യാണം നാടക-സിനിമാ രംഗത്തിനു മാത്രമല്ല സാംസ്‌കാരിക കേരളത്തിനാകെ അപരിഹാര്യമായ നഷ്ടമാണ്.

∙ മന്ത്രി ആന്റണി രാജു

‘തമ്പ്’ലൂടെ തുടങ്ങി ‘തകര’യിലൂടെ വളർന്ന് മലയാള സിനിമാരംഗം കീഴടക്കിയ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. നിരവധി കഥാപാത്രങ്ങൾക്ക് പകരം വയ്ക്കാൻ പറ്റാത്ത അഭിനയമികവ് കാഴ്ചവച്ച നെടുമുടി വേണുവിന്റെ വേർപാട് മലയാള സിനിമയ്ക്ക് മാത്രമല്ല സാംസ്കാരിക കേരളത്തിനാകെ തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു.

Englsh Summary: Nedumudi Venu passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com