ADVERTISEMENT

കൊച്ചി∙ തൃക്കാക്കര നിയമസഭ മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. വോട്ടെണ്ണലിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ജില്ലാ കലക്ടർ ജാഫർ മാലിക് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 7.30ന് സ്ഥാനാർഥികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ മഹാരാജാസ് കോളജിലെ സ്ട്രോങ് റൂം തുറന്നു വോട്ടിങ് മെഷീനുകൾ പുറത്തെടുക്കും. 

വോട്ടെണ്ണുന്നതിനായി 21 കൗണ്ടിങ് ടേബിളുകളാണ് ഉണ്ടാകുക. ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പർവൈസർ, ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സർവർ എന്നിവർ ഉണ്ടാകും. എല്ലാ കൗണ്ടിങ് ടേബിളുകളിലും സ്ഥാനാർഥികളുടെ ഓരോ കൗണ്ടിങ് ഏജന്റുമാരും ഉണ്ടായിരിക്കും.

കൗണ്ടിങ് ഹാളിലെ മറ്റു ജോലികൾക്കായി നൂറ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. കൗണ്ടിങ് ഹാളിലേക്കു സ്ഥാനാർഥികൾക്കും അവരുടെ ഇലക്‌ഷൻ ഏജന്റിനും കൗണ്ടിങ് ഏജന്റുമാർക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. കൗണ്ടിങ് ഹാളിൽ മൊബൈൽ ഫോൺ അനുവദിക്കില്ലെന്നും കലക്ടർ അറിയിച്ചു.

വോട്ടെണ്ണലിനുശേഷം വോട്ടിങ് യന്ത്രങ്ങൾ സിവിൽ സ്റ്റേഷനിലുള്ള സ്ട്രോങ് റൂമിലും വിവിപാറ്റ് യന്ത്രങ്ങൾ കുഴിക്കാട്ട്മൂല ഗോഡൗണിലും ആയിരിക്കും സൂക്ഷിക്കുക.

thrikkakara
തൃക്കാക്കര മണ്ഡലത്തിലെ സ്ട്രോങ് റൂമിന് കാവൽ നിൽക്കുന്ന സൈനികൻ

വോട്ടെണ്ണൽ ഇങ്ങനെ 

ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലേക്ക‌ു കടക്കും. മുഴുവന്‍ വോട്ടുകളും എണ്ണിത്തീരാന്‍ 12 റൗണ്ടുകളാണ് ആവശ്യമായിവരുക. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ആദ്യ റൗണ്ടിൽ ഓക്സിലറി  ബൂത്തുകൾ ഉൾപ്പെടെ 1 മുതൽ 15 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. തുടർന്ന് മറ്റ് ബൂത്തുകളിലെ വോട്ടുകൾ എണ്ണും. ആകെ 239 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്.

മഹാരാജാസ് കോളജിന് അവധി

തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണൽ കേന്ദ്രമായി പ്രവർത്തിക്കുന്ന എറണാകുളം മഹാരാജാസ് കോളജിന് വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കലക്ടർ ജാഫർ മാലിക് അറിയിച്ചു.

English Summary: Thrikkakara bypoll counting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com