ADVERTISEMENT

സീതത്തോട്∙ വെച്ചൂച്ചിറ കണ്ണാത്ത് വീട്ടിൽ ഏബ്രഹാം–അന്നമ്മ ദമ്പതികൾക്കു തെരുവ് നായ്ക്കളെ കണ്ടാൽ ഇന്നും ഭയമാണ്. 30 വർഷം മുൻപ് അയൽവാസിയുടെ വളർത്തു നായ കടിച്ച് മരിച്ച ഇളയ മകൻ ജിനീഷിന്റെ (ജിൻസ്) അവസ്ഥ തന്നെയാണല്ലോ പെരുനാട്ടിലെ ‘അഭിരാമിക്കും’ സംഭവിച്ചതെന്ന് ഓർത്തപ്പോൾ വയോധികരായ ഈ ദമ്പതികളുടെ കണ്ണ് നിറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെ പതിവു പോലെ ‘മനോരമ’ പത്രം കണ്ടപ്പോഴാണ് തങ്ങളുടെ കുടുംബത്തിൽ സംഭവിച്ച സമാന ദുരന്തത്തിന്റെ ഓർമകൾ വീണ്ടും കുടുംബാംഗങ്ങളുടെ മനസിലേക്ക് ഓടിയെത്തിയത്. അഭിരാമിയെ നായ കടിച്ച വാർത്ത അറിഞ്ഞ ദിവസം മുതൽ കണ്ണാത്ത് കുടുംബവും പ്രാർഥനയിലായിരുന്നു. വേഗം സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ.

അന്ന് സംഭവിച്ചവ ഓർത്തെടുക്കുമ്പോൾ പലപ്പോഴും ഏബ്രഹാമിന്റെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു. തുലാപ്പള്ളി നെല്ലിമലയിലാണ് കണ്ണാത്ത് കുടുംബം താമസിച്ചിരുന്നത്. ആദ്യകാല കുടിയേറ്റ കർഷക കുടുംബത്തിലെ അംഗമായിരുന്നു. കൃഷിയിൽ നിന്നുള്ള വരുമാനമായിരുന്നു ഏക ആശ്രയം. 4 മക്കളായിരുന്നു. ആദ്യത്തെ മകൾ 37ാം ദിവസം മരിച്ചു. പിന്നീടുള്ളവരാണ് ജിജോ, ജിനു, ജിൻസ്. രണ്ടാമത്തെ മകൻ ജിജോ 4ാം ക്ലാസിലും, ഏറ്റവും ഇളയ മകനായ ജിൻസ് 2ാം ക്ലാസിലും പഠിക്കുമ്പോഴാണ് കണ്ണാത്ത് വീട്ടിലേക്കു രണ്ടാമത്തെ ദുരന്തം എത്തുന്നത്.

തുലാപ്പള്ളിയിലുള്ള സ്കൂളിൽ പോകുന്ന മക്കൾക്കു രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിന്റെ തിരക്കിലായിരുന്നു മാതാവ് അന്നമ്മ. കുട്ടികൾ മൂവരും കൂടി സമീപത്തെ തോട്ടിൽ കുളിക്കാൻ പോകുന്നത് കണ്ടിട്ടാണ് പാൽ കൊടുക്കാൻ ഏബ്രഹാം വീട്ടിൽ നിന്ന് പോയത്. തിരികെ വരുമ്പോഴാണ് പട്ടി കടിച്ച വിവരം അയൽവാസി ഓടി എത്തി ഏബ്രഹാമിനോടു പറയുന്നത്.

അയൽവാസിയുടെ വളർത്തു നായയാണ് ഇളയ മകൻ ജിൻസിനെ കടിച്ചത്. അന്ന് ഇതേ പോലുള്ള ആശുപത്രി സംവിധാനങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലം. ആദ്യം മുക്കൂട്ടുത്തറയിലുള്ള ആശുപത്രിയിലാണ് കൊണ്ടുപോയത്. വളർത്തു നായ അല്ലേ, പേ വിഷം ഒന്നും കാണില്ലെന്നുള്ള നായുടെ ഉടമയുടെ വാക്കുകൾ വിശ്വസിച്ചു. എങ്കിലും പച്ച മരുന്ന് നൽകി ചികിത്സ ആരംഭിച്ചിരുന്നു.

ദിവസങ്ങൾക്കുള്ളിൽ ജിൻസിന്റെ അവസ്ഥ വഷളായി. തുടർ ചികിത്സക്കു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക വിഭാഗത്തിലേക്കു മാറ്റി. ജിൻസിനൊപ്പം മാതാപിതാക്കളും സെല്ലിൽ കിടന്നു. നായ കടിച്ചതിന്റെ 40ാം ദിവസം 1992 ഡിസംബർ 25ന് ജിൻസ് ഈ ലോകത്തു നിന്ന് യാത്രയായി.

ജിൻസിന്റെ നേരെ മൂത്ത സഹോദരി ജിനു എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ വൃക്ക രോഗം ബാധിച്ച് മരിച്ചു. 15 വർഷം മുൻപ് തുലാപ്പള്ളിയിൽ നിന്ന് ഏബ്രഹാമും കുടുംബവും വെച്ചൂച്ചിറയിലേക്കു താമസം മാറ്റി. മൂത്ത മകൻ ജിജോയും(40) ഭാര്യ അനുവും മക്കളായ ജെനിറ്റോ, ജോബ് എന്നിവർക്ക് ഒപ്പമാണ് ഏബ്രഹാമും ഭാര്യ അന്നമ്മയും താമസിക്കുന്നത്.

English Summary: 30 year old dog rabies death story Pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com