ADVERTISEMENT

മൊഹാലി∙ ചണ്ഡിഗഡ് സര്‍വകലാശാലയുടെ വനിതാ ഹോസ്റ്റലിലെ പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ പ്രതിയായ വിദ്യാർഥിനിയിൽനിന്നു മറ്റു പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു മൊഹാലി പൊലീസ്. കേസിൽ അറസ്റ്റിലായ വിദ്യാർഥിനി ശുചിമുറിയിൽ സ്വയം ചിത്രീകരിച്ച വിഡിയോ മാത്രമാണ് മൊബൈൽ ഫോണിൽനിന്നു കണ്ടെടുക്കാൻ കഴിഞ്ഞതെന്നു മൊഹാലി എസ്എസ്‌പി വിവേക് സോണി മാധ്യമങ്ങളോട് പറഞ്ഞു. മറ്റാരുടെയും വിഡിയോ താൻ പകർത്തിയിട്ടില്ലെന്നാണു വിദ്യാർഥിനിയുടെ മൊഴിയെന്നും എസ്എസ്‌പി പറഞ്ഞു.

ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവയെല്ലാം ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും എസ്എസ്‌പി പറഞ്ഞു. വിദ്യാർഥിനി തന്റെ ശുചിമുറി വിഡിയോ ഷിംലയിലുള്ള കാമുകന് അയച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഐജി ഗുരുപ്രീത് ദിയോ മാധ്യമങ്ങളോട് പറഞ്ഞു. ഉടൻ തന്നെ പെൺകുട്ടിയുടെ കാമുകനെ പിടികൂടുമെന്നും ഇയാളെ കസ്‌റ്റഡിയിൽ എടുത്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയുകയുള്ളുവെന്നും ഐജി പറഞ്ഞു.

പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന ആരോപണം തെറ്റാണെന്നും വിദ്യാർഥിനി ശുചിമുറിയിൽ സ്വന്തം വിഡിയോ ചിത്രീകരിക്കുന്നത് കണ്ട് മറ്റ് പെൺകുട്ടികൾ പരിഭ്രാന്തരാകുകയായിരുന്നെന്നും ചണ്ഡിഗഡ് സര്‍വകലാശാല അധികൃതർ അറിയിച്ചു. സ്വയം വിഡിയോ ചിത്രീകരിച്ചതല്ലാതെ മറ്റാരുടെയും ശുചിമുറി ദൃശ്യങ്ങൾ പെൺകുട്ടി പകർത്തുകയോ, സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയോ ചെയ്‌തിട്ടില്ലെന്നു ചണ്ഡിഗഡ് സര്‍വകലാശാല അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ദൃശ്യങ്ങൾ പകർത്തിയെന്ന പെൺകുട്ടികളുടെ ആരോപണത്തിനു പിന്നാലെ കസ്റ്റഡിയിൽ എടുത്ത ഒന്നാം വർഷ എംബിഎ വിദ്യാർഥിനിയെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. എന്നാൽ താൻ ആരുടെയും ദൃശ്യങ്ങൾ പകർത്തിയിട്ടില്ലെന്ന മൊഴിയിൽ വിദ്യാർഥിനി ഉറച്ചു നിന്നു. വിദ്യാർഥിനിയുടെ മൊബൈൽ ഫോണുകളും ഇല്‌ക്‌ട്രിക് ഉപകരണങ്ങളും പൊലീസ് പരിശോധിച്ചെങ്കിലും തെളിവുകൾ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വിദ്യാർഥിനിയെ കാമുകൻ ഭീഷണിപ്പെടുത്തി മറ്റു പെൺകുട്ടികളുടെ ദൃശ്യങ്ങൾ കൈക്കലാക്കിയതിനു ശേഷം ഇന്റർനെറ്റിൽ അ‌പ്‌ലോഡ് ചെയ്യുകയായിരുന്നുവെന്ന മറ്റു പെൺകുട്ടികളുടെ ആരോപണവും അന്വേഷിക്കുന്നതായി മൊഹാലി എസ്എസ്‌പി വിവേക് സോണി പറഞ്ഞു.

അറുപതോളം പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ ഒന്നാം വർഷ എംബിഎ വിദ്യാർഥിനി പകർത്തിയെന്നായിരുന്നു സര്‍വകലാശാലയിലെ പെൺകുട്ടികളുടെ ആരോപണം. ഈ ദൃശ്യങ്ങൾ ഷിംലയിലുള്ള പെൺകുട്ടിയുടെ കാമുകനാണ് അശ്ലീല സൈറ്റുകളിൽ അടക്കം അ‌പ്‌ലോഡ് ചെയ്തതെന്നായിരുന്നു പെൺകുട്ടികളുടെ ആരോപണം. ശുചിമുറി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ വ്യാപകമായി പ്രചരിക്കുന്നതായി ശ്രദ്ധയിൽപെട്ടുവെന്നും പെൺകുട്ടികൾ പരാതിപ്പെട്ടിരുന്നു.

English Summary: Chandigarh University Protest: Accused girl leaked only her own video, say police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com