ADVERTISEMENT

ന്യൂഡൽഹി∙  അധ്യക്ഷ തിരഞ്ഞെടുപ്പിനു പിന്നാലെ പാർട്ടിക്കെതിരെ ആരോപണമുന്നയിച്ച ശശി തരൂർ എംപിക്കെതിരെ കോൺഗ്രസ്. അധ്യക്ഷ തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നെന്ന തരൂര്‍ പക്ഷത്തിന്റെ ആരോപണം പാർട്ടി തള്ളി. തിരഞ്ഞെടുപ്പിൽ ‘ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി’ തരൂർ പക്ഷം തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള മധുസൂദൻ മിസ്ത്രിക്കു പരാതി നൽകിയിരുന്നു. എന്നാൽ താനെഴുതിയ കത്തു ചോർന്നതാണെന്ന് ശശി തരൂർ പിന്നീടു പ്രതികരിക്കുകയും ചെയ്തു.

തരൂരിന് പാർട്ടിക്കു മുന്നിൽ ഒരു മുഖവും മാധ്യമങ്ങൾക്കു മുന്നിൽ മറ്റൊരു മുഖവുമാണെന്നു മധുസൂദൻ മിസ്ത്രി ആരോപിച്ചു. ‘‘എന്റെ മുന്നിൽ ഞങ്ങളുടെ മറുപടികളിൽ പൂർണ തൃപ്തി അറിയിക്കുന്നു, മറ്റൊരു മുഖവുമായി മാധ്യമങ്ങൾക്കു മുന്നിൽ ചെന്ന് ഈ ആരോപണങ്ങളെല്ലാം ഉന്നയിക്കുകയും ചെയ്യും’’– തരൂരിനുള്ള മറുപടിയിൽ മിസ്ത്രി ആരോപിച്ചു.

തരൂരിന്റെ അഭ്യർഥന സ്വീകരിച്ചിട്ടും, അദ്ദേഹം കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ഗൂഢാലോചന നടത്തുകയാണെന്നു മാധ്യമങ്ങൾക്കു മുന്നിൽ ആരോപിച്ചെന്നൂം മിസ്ത്രി വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ മല്ലികാർജുൻ ഖർഗെ 7897 വോട്ട് നേടിയാണു വിജയിച്ചത്.

ഹൈക്കമാൻഡിന്റെ അനൗദ്യോഗിക പിന്തുണയോടെ മത്സരിച്ച ഖർഗെയ്ക്കെതിരെ ശക്തമായ മത്സരം കാഴ്ചവച്ച ശശി തരൂർ 1072 വോട്ട് നേടി താരമായി. 416 വോട്ട് അസാധുവായി. യുപിയിൽനിന്നുള്ള ബാലറ്റ് പെട്ടികൾ സീൽ ചെയ്തതിൽ ക്രമക്കേടുണ്ടെന്നു തരൂർ പക്ഷം പരാതിപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പു സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി അതു നിരാകരിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും ബാലറ്റുകൾ കൂട്ടിക്കലർത്തിയ ശേഷമായിരുന്നു വോട്ടെണ്ണൽ.

English Summary: "One Face Before Us, Another Before Media": Congress Slams Shashi Tharoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com