ADVERTISEMENT

ശൈത്യത്തിൽ വിറങ്ങലിക്കാറുള്ള യൂറോപ്പിൽ ഇപ്പോൾ വീശിയടിക്കുന്നത് ചൂടുകാറ്റാണ്. അപ്രതീക്ഷിത കാലാവസ്ഥയ്ക്കു മുന്നിൽ പകച്ചു നിൽക്കുകയാണു യൂറോപ്പിലെ പല രാജ്യങ്ങളും. ശൈത്യകാലത്തെ ഉഷ്ണതരംഗം എങ്ങനെ നേരിടുമെന്നറിയാതെ ജനങ്ങളും ഭരണകൂടങ്ങളും ആശങ്കയിൽ. ‘അത്യന്തം തീവ്രമായ’ സംഭവമെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ വിശേഷണം. സാധാരണ താപനിലയേക്കാൾ 10–20 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടിയേക്കാമെന്നാണു മുന്നറിയിപ്പ്.

പോളണ്ട്, ഡെന്മാർക്ക്, ചെക്ക് റിപ്പബ്ലിക്, നെതർലൻഡ്‌സ്, ബെലാറൂസ്, ലിത്വാനിയ, ലാത്വിയ എന്നീ രാജ്യങ്ങളിൽ സ്ഥിതി ഗുരുതരമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വേനൽക്കാലത്തിനു സമാനമായി ഇപ്പോൾ ചൂട് ഉയർന്നേക്കാമെന്നാണു കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. പോളണ്ടിലെ ചെറുനഗരമായ കോർബിലോയിലെ കാലാവസ്ഥയാണ് ഉദാഹരണമായി എടുത്തുകാട്ടുന്നത്. ഇവിടെ താപനില 19 ഡിഗ്രി സെൽഷ്യസ് ആണ്. സാധാരണ മേയിൽ പോലും 18 ഡിഗ്രി വരെ താപനിലയേ കോർബിലോയിൽ രേഖപ്പെടുത്താറുള്ളൂ.

FILE PHOTO: A man walks past a hat shop in the market, as a heat wave reaches the country, in Cambridge, Britain, June 17, 2022. REUTERS/Andrew Boyers/File Photo
ബ്രിട്ടനിലെ കേംബ്രിജിൽ മാർക്കറ്റിനു മുന്നിലെ നടക്കുന്ന യുവാവ്. File Photo: REUTERS/Andrew Boyers

പൊതുവെ താപനില പൂജ്യത്തിൽ തുടരാറുള്ള ബെലാറൂസിലെ പല ഭാഗങ്ങളിലും ജനുവരി ഒന്നിന് 16.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനം ഇങ്ങനെ പോയാൽ 2052 ൽ യൂറോപ്യൻ രാജ്യങ്ങളിൽ ചൂട് 40 ഡിഗ്രി വരെ ഉയരുമെന്നു 2020 ൽ കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിരുന്നു. 3 പതിറ്റാണ്ട് കഴിഞ്ഞ് അനുഭവിക്കേണ്ടി വരുമെന്നു ഭയപ്പെട്ട ചൂട് നേരത്തേതന്നെ എത്തിയെന്നാണു വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയെ ഭയപ്പെടുത്തിയ ‘ശൈത്യ ബോംബിൽ’ നിരവധി പേരാണു കൊല്ലപ്പെട്ടത്. ലോകമാകെ അനുഭവപ്പെടുന്ന കാലാവസ്ഥാമാറ്റങ്ങളോടു പൊരുത്തപ്പെടാനുള്ള പെടാപ്പാടിലാണു ജനം. കാലംതെറ്റിയുള്ള കാലാവസ്ഥയ്ക്ക് എന്തൊക്കെയാണു കാരണങ്ങളെന്നു നോക്കാം.

A woman drinks water as she travels on the London Underground during a heatwave in London, Britain, July 18, 2022. REUTERS/Maja Smiejkowska
കഴിഞ്ഞ ജൂലൈയിലെ ഉഷ്ണതരംഗത്തിനിടെ ലണ്ടനിലെ ഭൂഗർഭപാതയിലൂടെ സഞ്ചരിക്കവേ വെള്ളം കുടിക്കുന്ന യാത്രക്കാരി. Photo: REUTERS/Maja Smiejkowska

∙ യൂറോപ്പിനെ പൊള്ളിച്ച് ‘ഹീറ്റ് ഡോം’

ഇക്കഴിഞ്ഞ ഓഗസ്റ്റിൽ യൂറോപ്പിൽ കൊടുംചൂടായിരുന്നു. അതിനു മുൻപുള്ള മാസങ്ങളിൽ യൂറോപ്പിലാകെ ഉഷ്ണതരംഗവും ആഞ്ഞടിച്ചു. പലയിടത്തും കാട്ടുതീ പടര്‍ന്നു, ഒപ്പം വരള്‍ച്ചയും. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ഉഷ്ണകാലം എന്നായിരുന്നു കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് പറഞ്ഞത്. യുകെയിലും ഫ്രാന്‍‍സിലും 40.3 ഡിഗ്രി സെല്‍‍ഷ്യസ് രേഖപ്പെടുത്തി. പോര്‍‍ച്ചുഗലില്‍‍ താപനില 47 ഡിഗ്രി സെല്‍‍ഷ്യസോളമെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയ്ക്കാണ് ഇതു വഴിവച്ചത്. മണ്ണിലെ ഈര്‍പ്പത്തിന്‍റെ അളവ് അപകടകരമായ തോതിൽ കുറഞ്ഞതു മേഖലയിലെ സസ്യങ്ങള്‍ ഉണങ്ങാനും കാരണമായി.

യൂറോപ്പിനെ വലയ്ക്കുന്ന കനത്ത ചൂടിൽ നിന്നു രക്ഷനേടാനായി തണുത്ത വെള്ളത്തിൽ കാലിട്ടിരിക്കുന്നവർ. ബെൽജിയത്തിലെ ഗ്രിംബർഗനിൽ നിന്നുള്ള കാഴ്ച. ചിത്രം: റോയിട്ടേഴ്സ്
യൂറോപ്പിനെ വലയ്ക്കുന്ന കനത്ത ചൂടിൽ നിന്നു രക്ഷനേടാനായി തണുത്ത വെള്ളത്തിൽ കാലിട്ടിരിക്കുന്നവർ. ബെൽജിയത്തിലെ ഗ്രിംബർഗനിൽ നിന്നുള്ള കാഴ്ച. ചിത്രം: റോയിട്ടേഴ്സ്

മറ്റേതൊരു പ്രദേശത്തെക്കാളും വേഗത്തിലാണു യൂറോപ്പിൽ താപതരംഗങ്ങൾ ഉണ്ടാകുന്നതെന്നാണു നിഗമനം. സമീപകാലത്തു പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും വലിയ ഉഷ്ണതരംഗമാണ് 2022 ൽ സ്പെയിനിൽ ഉണ്ടായത്. സ്പെയിനിലെ ഉഷ്ണതരംഗത്തിൽ നൂറുകണക്കിന് ആളുകൾക്കു ജീവൻ നഷ്ടമായി. യൂറോപ്പിനെ പൊള്ളിക്കുന്നതിന്റെ കാരണക്കാരൻ ‘ഹീറ്റ് ഡോം’ ആണെന്നു കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

Image Credit: Shutterstock
Image Credit: Shutterstock

എന്താണ് ഹീറ്റ് ഡോം അഥവാ താപഗോപുരം? ഉയർന്ന മർദമുള്ള പ്രദേശത്തു ചൂട് വായു കുടുങ്ങിപ്പോകുന്ന അവസ്ഥയാണിത്. ആ മേഖല അപ്പോൾ പാത്രം അടച്ചുവച്ചതു പോലെയാകും. വായു എത്ര നേരം കുടുങ്ങിക്കിടക്കുന്നുവോ അത്രയധികം സൂര്യൻ വായുവിനെ ചൂടാക്കിക്കൊണ്ടിരിക്കും. ഇതോടെ ഓരോ ദിവസം കഴിയുന്തോറും മേഖലയിലെ കാലാവസ്ഥ ചൂടുള്ളതായി മാറും. സാധാരണ ഏതാനും ദിവസമാണു ഹീറ്റ് ഡോം നിലനിൽക്കുക. ചിലപ്പോൾ ആഴ്ചകളോളം നീണ്ടുനിൽക്കും, ഇതാണു അതിരൂക്ഷമായ താപതരംഗങ്ങൾക്കു കാരണമാകുന്നത്.

∙ പെട്ടെന്ന് ചൂടായി ജനുവരി

പുതുവത്സരത്തിന്റെ ഊഷ്മളത പ്രതീക്ഷിച്ച യൂറോപ്പുകാർ ഉഷ്ണത്തിലേക്കാണ് ഉണർന്നെഴുന്നേറ്റത്. ജനുവരിയിൽ യൂറോപ്യൻ രാജ്യങ്ങളിൽ അനുഭവപ്പെടുന്നതു ചരിത്രത്തിലെ റെക്കോർഡ് താപനിലയാണെന്നു കാലാവസ്ഥാ ഗവേഷകൻ മാക്സിമിലിയാനോ ഹെരേറ പറയുന്നു. ചെക്ക് റിപ്പബ്ലിക്കിൽ സാധാരണയായി ജനുവരിയിൽ 3 ഡിഗ്രിയാണു താപനില. ഇപ്പോൾ അനുഭവപ്പെടുന്നത് 19.6 ഡിഗ്രി. ജർമനി, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിലും പതിവിനു വിപരീതമായി ഉയർന്ന താപനിലയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉയർന്ന മർദമുള്ള പ്രദേശത്തു താപഗോപുരം രൂപപ്പെട്ടില്ലെങ്കിലും ചൂട് കൂടാനുള്ള സാധ്യതയുണ്ടെന്നു വിദഗ്ധർ വിശദീകരിക്കുന്നു. മർദം കൂടുന്നത് അന്തരീക്ഷ വായുവിനെ അമർത്തുകയും അതു നിലത്ത് എത്തിയാൽ കൂടുതൽ ചൂടാവുകയും ചെയ്യും. വായു താഴേക്കെത്തുമ്പോൾ ജലാംശം നഷ്ടപ്പെട്ട് വരണ്ടതാവും. ഇതും പ്രദേശത്തിന്റെ താപനില ക്രമേണ ഉയർത്തും. ജെറ്റ് സ്ട്രീം എന്നു വിളിക്കപ്പെടുന്ന, അന്തരീക്ഷത്തിൽ ഉയർന്ന വേഗത്തിൽ സഞ്ചരിക്കുന്ന വായുവിന്റെ സ്വഭാവവുമായാണു ഹീറ്റ് ഡോമിന് അടുപ്പം.

A woman cools herself with a portable fan, during a heatwave, in London, Britain, July 19, 2022. REUTERS/Henry Nicholls
ബ്രിട്ടനിൽ കഴിഞ്ഞ ജൂലൈയിലുണ്ടായ ഉഷ്ണതരംഗം മറികടക്കാൻ ചെറിയ ഫാൻ കയ്യിൽപ്പിടിച്ചു നടക്കുന്ന യുവതി. Photo: REUTERS/Henry Nicholls

വടക്കുനിന്ന് തെക്കോട്ടും പിന്നീട് വീണ്ടും വടക്കോട്ടും നീങ്ങുന്ന തിരമാല പോലെയാണു ജെറ്റ് സ്ട്രീം സഞ്ചാരം. ജെറ്റ് സ്ട്രീം തരംഗങ്ങൾ വലുതാകുമ്പോൾ അവയുടെ വേഗം കുറയും. സാവധാനം നീങ്ങുന്ന ഈ വായുതരംഗക്കൂട്ടം ചിലപ്പോൾ നിശ്ചലമാവാറുമുണ്ട്. അപ്പോഴാണു താപഗോപുരം രൂപപ്പെടാൻ സാഹചര്യമൊരുങ്ങുന്നത്. എപ്പോഴും ഹീറ്റ് ഡോമിനു സാധ്യതയുണ്ടെങ്കിലും, കാലാവസ്ഥാ വ്യതിയാനമാണ് അവയെ കൂടുതൽ തീവ്രവും ദൈർഘ്യമേറിയതുമായി മാറ്റുന്നതെന്നും ഗവേഷകർ പറയുന്നു.

∙ താപഗോപുരം ഇതാദ്യമല്ല

യൂറോപ്പിലെ ഹീറ്റ് ഡോം ആദ്യ സംഭവമല്ല. 2021ൽ, പടിഞ്ഞാറൻ കാനഡയിലും യുഎസിലും ഹീറ്റ് ഡോം രൂപപ്പെട്ടു. ഇത് മാരകമായ താപ തരംഗങ്ങൾക്കും കാരണമായി. യുഎസിലെ ഒറിഗോണിലെ പോർട്ട്‌ലാൻഡിൽ താപനില 46 ഡിഗ്രി സെൽഷ്യസായി ഉയർന്നു. വാഷിങ്ടനിലെ താപനില 49 ഡിഗ്രി സെൽഷ്യസ് എത്തി. ബ്രിട്ടിഷ് കൊളംബിയയിലെ ലിറ്റണിൽ താപനില 46 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് രേഖപ്പെടുത്തിയത്. നൂറുകണക്കിന് ആളുകളാണു താപതരംഗം താങ്ങാനാകാതെ മരിച്ചത്. 2022 സെപ്റ്റംബറിലും യുഎസിൽ താപഗോപുരം ആശങ്ക സൃഷ്ടിച്ചിരുന്നു.

കുളിരിനെ തേടി...
കഴിഞ്ഞ ദിവസം ഒരു മണിക്കൂറിനുള്ളിൽ കൊണാട്ട്പ്ലേസിലൂടെ കടന്നുപോയവരാണ് ഇവരെല്ലാം. കടുത്ത ചൂടിൽ നിന്നു രക്ഷനേടാൻ പലവഴികൾ തേടുന്നവർ. ഇന്നലെ നഗരത്തിൽ രേഖപ്പെടുത്തിയ കൂടിയ താപനില 49 ഡിഗ്രിയാണ് 			ചിത്രങ്ങൾ : മനോരമ
ഡൽഹി കൊണാട്ട്പ്ലേസിൽ കഴിഞ്ഞവർഷമുണ്ടായ കടുത്ത ചൂടിൽനിന്നു രക്ഷനേടാൻ പലവഴികൾ തേടുന്നവർ. നഗരത്തിൽ താപനില 49 ഡിഗ്രി വരെ എത്തിയിരുന്നു. File Photo: Manorama

കാട്ടുതീ, വൈദ്യുതി തകരാർ തുടങ്ങിയ തുടർഅപകടങ്ങളും ഹീറ്റ് ഡോമിന്റെ ബാക്കിപത്രമാണ്. ‌കാലാവസ്ഥാ വ്യതിയാനം മൂലമാണ് താപഗോപുരം പോലുള്ള പ്രതിഭാസങ്ങൾ തീവ്രമാകുന്നതെന്ന് 2022ലെ ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. വടക്കുപടിഞ്ഞാറ് പസിഫിക്കിലെ വിവിധ പ്രദേശങ്ങളിൽ, ഉയർന്ന താപനിലയുടെ പ്രതിഫലനങ്ങളിലൊന്നായ വരണ്ട മണ്ണിന്റെ സാന്നിധ്യം ഭൂമിയിലെ ചൂട് കൂടുതൽ തീവ്രമാക്കും. ആഗോള താപനില കുറയ്ക്കാനായില്ലെങ്കിൽ 10 വർഷം കൂടുമ്പോൾ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.

കൊടുംചൂട് റിപ്പോർട്ട് ചെയ്ത ബ്രിട്ടിഷ് കൊളംബിയയിലെ കമ്യൂണിറ്റി വാ.ട്ടർ പാർക്കിൽ കുളിക്കുന്ന യുവതി. ചിത്രം: DON MACKINNON / AFP
കൊടുംചൂട് റിപ്പോർട്ട് ചെയ്ത ബ്രിട്ടിഷ് കൊളംബിയയിലെ കമ്യൂണിറ്റി വാട്ടർ പാർക്കിൽ കുളിക്കുന്ന യുവതി. File Photo: DON MACKINNON / AFP

∙ യുഎസിനെ വിറപ്പിച്ച ശൈത്യം

ഇക്കഴിഞ്ഞ ക്രിസ്മസ് വേളയിൽ ന്യൂയോർക്കും ബഫലോയും ഉൾപ്പെടെയുള്ള യുഎസ് നഗരങ്ങൾ ശൈത്യത്തിൽ വിറങ്ങലിച്ചിരുന്നു. നിരവധി പേരാണ് ശൈത്യം നേരിടാനാകാതെ മരിച്ചത്. വൈദ്യുതിമുടക്കം ലക്ഷക്കണക്കിനു പേരെ ബാധിച്ചു. വാഹനങ്ങൾ മഞ്ഞിൻപാളികളിലൂടെ ഒഴുകി നീങ്ങുന്ന കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കി. ‘ശൈത്യബോംബ് സ്ഫോടന’ത്തിനു സമാനമായ സാഹചര്യമായിരുന്നു അമേരിക്കയിൽ. 3,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലെ 25 കോടിയോളം ജനങ്ങളെയാണു ശൈത്യബോംബ് ബാധിച്ചത്. കാനഡ അതിർത്തി മുതൽ മെക്സിക്കോ വരെ യുഎസ് അക്ഷരാർഥത്തിൽ വിറച്ചു.

TOPSHOT - Vehicles are seen abandoned in heavy snowfall in downtown Buffalo, New York, on December 26, 2022. - US emergency crews counted the grim costs of a colossal winter storm that brought Christmas chaos to millions, especially in hard-hit western New York, where the death toll reached 25 Monday in what authorities described as a "war with mother nature." (Photo by Joed Viera / AFP)
അതിശൈത്യത്തിൽ ബഫല്ലോ നഗരത്തിലെ കെട്ടിടങ്ങളും വാഹനങ്ങളും റോഡുകളും മഞ്ഞുമൂടിയപ്പോൾ. 2022 ഡിസംബർ 26ലെ ദൃശ്യം. Photo by Joed Viera / AFP

മൂടൽമഞ്ഞ് പരന്നു കാഴ്ചാദൂരം കുറയുന്നത് ഇന്ത്യയിലും പതിവാണ്. എന്നാൽ ഇതിനോടൊപ്പം മഞ്ഞുപരലുകളും മഴയും കൂടി പെയ്ത് വെള്ളം പൊങ്ങുകയും താപനില മൈനസിലേക്കു താഴുകയും ചെയ്താലോ? അത്യപൂർവമായ ഈ പ്രതിഭാസത്തെയാണ് യുഎസിൽ ശൈത്യക്കാറ്റ് അഥവാ ബ്ലിസാർഡ് എന്നു വിളിക്കുന്നത്. മഞ്ഞും മഴയും മൂടിയാൽ എല്ലാം വെളുത്തപുക പോലെ തോന്നിക്കും. വൈറ്റ് ഔട്ട് എന്നാണ് ഇതിനെ വിശേഷിപ്പിക്കാറുള്ളത്. 1976 ൽ 32 സെന്റിമീറ്റർ കനത്തിൽ പെയ്ത മഞ്ഞായിരുന്നു ബഫലോ നഗരത്തിലെ റെക്കോർഡ്. ഇത് ഡിസംബർ 23ന് 56 സെന്റിമീറ്ററായി ഉയർന്നു. അതേദിവസം, 144 വർഷത്തെ റെക്കോർഡ് തകർത്ത് 5 സെന്റിമീറ്റർ മഴയും പെയ്തിരുന്നു.

TOPSHOT - National Grid workers respond to a downed utility pole in Buffalo, New York, on December 27, 2022. - The monster storm that killed dozens in the United States over the Christmas weekend continued to inflict misery on New York state and air travelers nationwide Tuesday, as stories emerged of families trapped for days during the "blizzard of the century." (Photo by Joed Viera / AFP)
അതിശൈത്യത്തിൽ മഞ്ഞുമൂടിയ ബഫല്ലോ നഗരത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ. 2022 ഡിസംബർ 27ലെ ദൃശ്യം. Photo by Joed Viera / AFP

∙ എന്താണ് ബോംബ് സൈക്ലോൺ?

താണിറങ്ങിയ ശീതമേഘങ്ങൾ ശീതക്കാറ്റായി മാറിയതാണു യുഎസിൽ ദുരന്തമായത്. വടക്കേ അമേരിക്കയുടെ റോക്കി പർവതപ്രദേശത്തിനും അപ്‌ലാച്ചൻ പർവതനിരകൾക്കും ഇടയിലുള്ള പ്രദേശത്തു ഡിസംബർ മൂന്നാം വാരം മുതൽ തണുത്ത വായു ഉരുണ്ടുകൂടാൻ തുടങ്ങി. 24 മണിക്കൂറിനുള്ളിൽ 24 മില്ലിബാറോളം അന്തരീക്ഷ മർദം പെട്ടെന്നു കുറഞ്ഞു. അതോടെ ചുഴലി രൂപപ്പെട്ടു. ഉത്തരധ്രുവത്തിൽ നിന്നുള്ള ശൈത്യക്കാറ്റും വഹിച്ചെത്തുന്ന ആഗോള വായുപ്രവാഹം ചൂടുവായുവുമായി കലരുന്നത് ഈ സമയത്താണ്. തണുത്ത വായുവിന്റെ വലിയ കേന്ദ്രീകരണം യുഎസിനു മുകളിൽ രൂപപ്പെട്ടു.

യുഎസിലെ വഴികള്‍ മഞ്ഞുമൂടിയ നിലയില്‍ (Photo: Twitter @blue_ocean_ca)
യുഎസിലെ വഴികള്‍ മഞ്ഞുമൂടിയ നിലയില്‍ (Photo: Twitter @blue_ocean_ca)

ന്യൂയോർക്കും ചുറ്റുപാടും ഇങ്ങനെയാണ് ‘പോളാർ ജെറ്റ് സ്ട്രീം’ എന്നറിയപ്പെടുന്ന വലിയൊരു ശീതച്ചുഴലിക്ക് അടിയിൽപ്പെട്ടത്. ചൂട് ഏറിയാൽ മഴയും മഞ്ഞും വർധിക്കും. കാർബൺ താപനഫലമായി ആർട്ടിക് പ്രദേശത്തെ മഞ്ഞുരുകലിന്റെ വേഗം വർധിച്ചിട്ടുണ്ട്. ചൂടിനെ ആഗിരണം ചെയ്യാതെ അന്തരീക്ഷത്തിലേക്കുതന്നെ തള്ളിവിടുമെന്നതാണു മഞ്ഞുപാളികളുടെ പ്രത്യേകത. ഉയർന്നും താഴ്ന്നും പോകുന്ന ‘പോളാർ ജെറ്റ് സ്ട്രീമു’കളുടെ ഗതി ഇതുമൂലം മാറുന്നതായും പഠനങ്ങളുണ്ട്. ഈ താളം തെറ്റലാണ് ഇത്രയും ദൂരത്തേക്ക് ശീതപ്രവാഹങ്ങളെ എത്തിക്കുന്നതെന്ന് യുഎസിലെ നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ പറയുന്നു.

സൈക്ലോൺ ബോംബ് സൃഷ്ടിച്ച മഞ്ഞുവീഴ്ചയിലൂടെ നടക്കുന്ന യുവതി. യുഎസിലെ ഷിക്കാഗോയിൽനിന്നുള്ള കാഴ്ച. ചിത്രം: REUTERS/Matt Marton
സൈക്ലോൺ ബോംബ് സൃഷ്ടിച്ച മഞ്ഞുവീഴ്ചയിലൂടെ നടക്കുന്ന യുവതി. യുഎസിലെ ഷിക്കാഗോയിൽനിന്നുള്ള കാഴ്ച. ചിത്രം: REUTERS/Matt Marton

∙ പോംവഴി ആഗോളതാപനം കുറയ്ക്കൽ

അതിശൈത്യം, ഉഷ്ണതരംഗം, വെള്ളപ്പൊക്കം, വരൾച്ച... ലോകത്തെ നടുക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾ മറികടക്കാൻ ഒട്ടേറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. കൂടിക്കൂടി വരുന്ന ആഗോളതാപനമാണു കാലാവസ്ഥാ വ്യതിയാനത്തിന്റെ മുഖ്യ കാരണം. അടുത്തിടെ ഈജിപ്റ്റിൽ നടന്ന കോൺഫറൻസ് ഓഫ് പാർട്ടീസ് 21 അഥവാ ലോക പാരിസ്ഥിതിക സമ്മേളനത്തിൽ, ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസായി നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ചർച്ചയായി.

എന്നാൽ, ലോകരാജ്യങ്ങൾ മടിച്ചു നിൽക്കുകയാണ്. ആഗോളതാപനം കുറയ്ക്കാനുള്ള നടപടിയിലൂടെ അവികസിത രാജ്യങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ വാഗ്ദാനം ചെയ്ത തുക നൽകാൻ വികസിത രാജ്യങ്ങൾ പൂർണമായും തയാറല്ല. നടപടികൾ വേഗത്തിലാക്കി ആഗോളതാപനം 2 ഡിഗ്രി സെൽഷ്യസിന് താഴെയാക്കി നിയന്ത്രിക്കണമെന്ന് ഗവേഷകർ അഭ്യർഥിച്ചു.

TOPSHOT - A local resident gestures as he holds n empty water hose during an attempt to extinguish forest fires approaching the village of Pefki on Evia (Euboea) island, Greece's second largest island, on August 8, 2021. - Hundreds of Greek firefighters fought desperately on August 8 to control wildfires on the island of Evia that have charred vast areas of pine forest, destroyed homes and forced tourists and locals to flee. Greece and Turkey have been battling devastating fires for nearly two weeks as the region suffered its worst heatwave in decades, which experts have linked to climate change. (Photo by ANGELOS TZORTZINIS / AFP)
ഗ്രീസിലെ എവിയ ദ്വീപിലുണ്ടായ കാട്ടുതീ അണയ്ക്കാൻ ശ്രമിക്കുന്ന നാട്ടുകാരനും അഗ്നിശമന സേനാംഗവും. File Photo by ANGELOS TZORTZINIS / AFP

ലോകത്തിനു മുൻപിലുള്ള തിരഞ്ഞെടുപ്പ് വളരെ ലളിതമാണെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറയുന്നു. ‘ഒരുമിച്ചു പോരാടി ആഗോളതാപനത്തെ അതിജീവിക്കുക, അല്ലെങ്കിൽ പരസ്പരം പോരടിച്ച് കൂട്ടആത്മഹത്യയ്ക്കു തുല്യമായ അവസ്ഥയിലേക്കു നീങ്ങുക.’ ഗുെട്ടറസിന്റെ വാക്കുകൾ വൈകാരികമല്ല, ശാസ്ത്രലോകത്തിന്റെ തെളിവുകൾ കണക്കിലെടുത്താണ് എന്നതാണു ഗൗരവകരം. കഴിഞ്ഞ ഏതാനും വർഷങ്ങളായി കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരിൽ ലോകജനത അനുഭവിക്കുന്നത്, ഭാവിയിലെ വൻദുരന്തങ്ങളുടെ ചെറുപതിപ്പ് മാത്രമാണെന്നു യുഎൻ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

Representative image. Photo Credits; Piyaset/ Shutterstock.com
ആഗോളതാപനം എന്ന വിപത്തിനെ നിയന്ത്രിച്ചില്ലെങ്കിൽ മനുഷ്യനെ കാത്തിരിക്കുന്നത് ഇങ്ങനെയൊരു ദൃശ്യമായിരിക്കുമോ? പ്രതീകാത്മക ചിത്രം. Photo Credits; Piyaset/ Shutterstock.com

English Summary: What is causing the winter heat wave in Europe climate change- Explained

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com