ADVERTISEMENT

തിരുവനന്തപുരം∙ ഓർത്തഡോക്‌സ്, യാക്കോബായ സഭാ തർക്കം പരിഹരിക്കുന്നതിനുള്ള ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരാൻ സർക്കാർ ശ്രമം തുടങ്ങി. ബിൽ അവതരിപ്പിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന എൽഡിഎഫ് യോഗം അനുമതി നൽകിയിരുന്നു. നിയമ വിദഗ്ധരുമായി ചർച്ച നടത്തി നിയമ വകുപ്പും അഡ്വക്കറ്റ് ജനറലും പരിശോധിച്ച ശേഷമാകും ബിൽ മന്ത്രിസഭയുടെ പരിഗണനയ്ക്കു വരിക.

എല്ലാ വിഭാഗത്തിനും ആരാധനയ്ക്ക് അവസരം നൽകുന്ന കരടു ബില്ലിനുള്ള നിർദേശമാണു നിയമമന്ത്രി പി.രാജീവ് കഴിഞ്ഞ ദിവസത്തെ എൽഡിഎഫ് യോഗത്തിൽ അവതരിപ്പിച്ചത്. ഹിത‌പരിശോധനയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കുന്ന സഭയ്ക്കു ഇടവകകളിൽ വികാരിയെ നിശ്ചയിക്കാൻ അനുമതി നൽകണമെന്നു നിർദേശം ഉണ്ടെങ്കിലും അതു ബില്ലി‍ൽ ഉൾപ്പെടുത്തുമോ എന്നു വ്യക്തമല്ല. സുപ്രീംകോടതി അംഗീകരിച്ച പള്ളികളുടെ ഉടമസ്ഥാവകാശത്തിൽ മാറ്റം വരുത്താതെയാണു ഹിത പരിശോധന ആലോചിക്കുന്നത്. വികാരിയെ തീരുമാനിക്കാൻ അവകാശം ഉള്ളവർക്കു മാത്രമല്ല, മറു വിഭാഗത്തിനും തങ്ങളുടെ വൈദികരെ ഉപയോഗിച്ചു കുർബാനയും സംസ്‌കാര ശുശ്രൂഷയും മറ്റും നടത്തുന്നതിനു പ്രത്യേക സമയക്രമം അനുവദിക്കാനും നിർദേശം ഉണ്ട്.

ബിൽ സുപ്രീം കോടതി വിധി അനുസരിച്ചുള്ളതാണെന്ന് ഉറപ്പു വരുത്താൻ എജിയോടും നിയമ സെക്രട്ടറിയോടും നിർദേശിച്ചിട്ടുണ്ട്. അവരുടെ അഭിപ്രായത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്തിമ കരടിനു രൂപം നൽകുക. നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ആരാധന എല്ലാ പള്ളികളിലും നടക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ കലക്ടർ അധ്യക്ഷനും ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർ അംഗങ്ങളുമായി സമിതി രൂപീകരിക്കാൻ നിർദേശമുണ്ട്. ആരാധനാ സ്വാതന്ത്ര്യം ലംഘിക്കുന്നതായി പരാതി ഉയർന്നാൽ ഈ സമിതി പരിശോധിക്കും. നിയമത്തിന് തടസ്സം നിൽക്കുന്നവർക്ക് പിഴയും തടവും പരിഗണനയിൽ ഉണ്ടെന്നാണ് സൂചന.

English Summary: Church bill to present before assembly in this session

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com