ADVERTISEMENT

ന്യൂയോർക്ക് ∙ കഴിഞ്ഞ ഏഴു കൊല്ലമായി കേരളത്തിൽ മാതൃകാ ഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂയോർക്കിൽ ലോക കേരളസഭയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പറഞ്ഞതെല്ലാം പാലിക്കുന്ന സർക്കാരാണ് നിലവിൽ കേരളത്തിലുള്ളത്. ജനം തുടർഭരണം നൽകിയത് വാഗ്ദാനങ്ങൾ പാലിക്കാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗെയിൽ, കെ–ഫോൺ, റോഡ് വികസന പദ്ധതികൾ തുടങ്ങിയവ ഉദാഹരണമായും അദ്ദേഹം ചൂണ്ടിക്കാട്ടി. ടൈംസ് സ്ക്വയറിൽ നടന്ന പൊതുസമ്മേളനത്തിൽ വൻ ജനപങ്കാളിത്തമായിരുന്നു.

ഇപ്പോൾ അനുമതി ലഭ്യമായില്ലെങ്കിലും നാളെ യാഥാർഥ്യമാകുന്ന പദ്ധതിയാണു കെ റെയിൽ പദ്ധതിയെന്ന്, ലോക കേരള സഭയുടെ ഭാഗമായി നടന്ന ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആർക്കും മനസ്സിലാകാത്ത ചില കാര്യങ്ങൾ പറഞ്ഞാണു കെ റെയിലിനെ അട്ടിമറിച്ചത്. വന്ദേഭാരത് നല്ല സ്വീകാര്യത ജനങ്ങളിലുണ്ടാക്കിയപ്പോഴാണു കെ റെയിലും വേണ്ടിയിരുന്നുവെന്ന ചർച്ചകളുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ നടന്ന ലോക കേരള സഭയുടെ പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്ലക്കാർഡ് ഉയർത്തുന്നയാൾ. ചിത്രം: തോമസ് ജോൺ
ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ നടന്ന ലോക കേരള സഭയുടെ പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്ലക്കാർഡ് ഉയർത്തുന്നയാൾ. ചിത്രം: തോമസ് ജോൺ

കേരളത്തിൽ സർവതല സ്പർശിയായ വികസനമാണു ലക്ഷ്യം. നഗരവൽക്കരണം ഏറ്റവും വേഗത്തിൽ നടക്കുന്ന സംസ്ഥാനമാണു കേരളം. ഇന്റർനെറ്റ് ലഭ്യത ജനങ്ങളുടെ അവകാശമാണ്. അതു കെ ഫോൺ വഴി കേരളത്തിൽ സാക്ഷാത്കരിക്കപ്പെടുന്നു. ശബരിമല വിമാനത്താവളം യാഥാർഥ്യമാകും. അതിനുള്ള അനുമതി കേന്ദ്രത്തിൽനിന്നു തത്വത്തിൽ ലഭിച്ചു കഴിഞ്ഞു. കേരളത്തിലെ റോഡുകൾ മികച്ചതാണ്. അരിക്കൊമ്പനെ കൊണ്ടു പോയപ്പോഴാണ് എല്ലാവരും കേരളത്തിലെ മലമ്പ്രദേശങ്ങളിലെ റോഡുകൾ നല്ല നിലയിലാണെന്നു മനസ്സിലാക്കിയത്. 

ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ നടന്ന  പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്യുന്നു
ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ നടന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്യുന്നു

നിർമാണരംഗത്തുള്ള പ്രശ്നങ്ങൾ പരിഹരിച്ചു വരുന്നു. ഇപ്പോൾ നിക്ഷേപ സൗഹൃദവും വ്യവസായ അന്തരീക്ഷവും മെച്ചപ്പെട്ടു. ഏറ്റവും ആകർഷകമായ വ്യവസായനയം കേരളം അംഗീകരിച്ചു. നോക്കുകൂലി പൂർണമായും നിരോധിച്ചു. ട്രേഡ് യൂണിയനുകളുമായി ചർച്ച ചെയ്താണു അതു പരിഹരിച്ചത്. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഒരു നിക്ഷേപവും സ്വീകരിക്കില്ല. കൊല്ലം, കണ്ണൂർ എന്നിവിടങ്ങളിൽ രണ്ടു ഐടി പാർക്കുകൾ കൂടി സ്ഥാപിക്കും. നിക്ഷേപകർക്ക് എല്ലാ സഹായവും കേരളം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭാ സമ്മേളനത്തിനുശേഷം മുഖ്യമന്ത്രി വാഷിങ്ടൻ ഡിസി സന്ദർശിക്കും. ക്യൂബ സന്ദർശിച്ച ശേഷമാണു മുഖ്യമന്ത്രി നാട്ടിലേക്കു മടങ്ങുക.

cm-pinarayi-vijayan-times-square-120604
ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ നടന്ന പൊതുസമ്മേളന വേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നു.

English Summary: CM Pinarayi Vijayan's Speech at Times Square

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com