ADVERTISEMENT

തിരുവനന്തപുരം∙ നാല് ജില്ലകളിലായി എൺപതിലധികം കള്ളുഷാപ്പുകൾ ബെനാമി പേരിൽ നടത്തിയ തൃശൂർ സ്വദേശിയായ ശ്രീധരൻ സ്പിരിറ്റ് വാങ്ങാനായി പഞ്ചാബിലെ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് കോടികളുടെ ഇടപാട് നടത്തിയതായി എക്സൈസിനു വിവരം ലഭിച്ചു. ചെട്ടികുളങ്ങരയിലെ സ്വകാര്യ ബാങ്കിലെ അക്കൗണ്ടിൽനിന്ന് 35 ലക്ഷം രൂപ പഞ്ചാബിലെ കായ സ്പിരിറ്റിലേക്ക് അയച്ചതായാണ് ആദ്യം കണ്ടെത്തിയിരുന്നത്.

നിരവധി അക്കൗണ്ടുകളിലൂടെ പഞ്ചാബിലെ സ്ഥാപനത്തിനു കോടികൾ കൈമാറിയതായാണ് തുടരന്വേഷണത്തിൽ വ്യക്തമായത്. പഞ്ചാബിലെ കായ സ്പിരിറ്റ്സിലേക്ക് ശ്രീധരൻ 35 ലക്ഷംരൂപ അയച്ച ഇടപാട് സംശയം ഉളവാക്കുന്നതാണെന്നായിരുന്നു എറണാകുളം ജോയിന്റ് എക്സൈസ് കമ്മിഷറുടെ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെയും ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ശ്രീധരൻ ബെനാമിയായി നടത്തിയ കള്ളുഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കിയത്. കള്ളു ഷാപ്പ് നടത്തുന്നവർ സ്പിരിറ്റ് ഉൽപാദന കമ്പനിയുമായി ഇടപാട് നടത്തിയത് വ്യാജകള്ള് ഉണ്ടാക്കാനാണെന്നാണ് എക്സൈസ് നിഗമനം.

ധനഇടപാടുകൾക്കുള്ള ആപ്പിലൂടെയാണ് ശ്രീധരൻ തന്റെ ഇടപാടുകളിലധികവും നടത്തിയിരിക്കുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. എ.സി., കല്യാണി എന്നീ കമ്പനികളാണ് ശ്രീധരനും കുടുംബവും നടത്തിയിരുന്നത്. മദ്യ ഇടപാടുകൾക്കാണ് കല്യാണി കമ്പനിയുണ്ടാക്കിയത്. ഡിസ്റ്റിലറി ലൈസൻസ് എടുത്തെങ്കിലും ഇതുവരെ ബവ്റിജസ് കോർപറേഷന് മദ്യം കൈമാറിയിട്ടില്ല. ശ്രീധരനു സ്വന്തം അക്കൗണ്ടിലൂടെ പഞ്ചാബിലെ കമ്പനിക്കു പണം കൈമാറാൻ നിയമപ്രകാരം കഴിയില്ലെന്നും കമ്പനി അക്കൗണ്ടിലൂടെയാണ് പണം നൽകേണ്ടതെന്നും എക്സൈസ് പറയുന്നു. 

ബെനാമി പേരിൽ കള്ളുഷാപ്പുകൾ നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് കള്ള് ഷാപ്പുകളുടെ വാടക തുക അടച്ചിരിക്കുന്നത് ആരാണെന്ന് പരിശോധിക്കുമ്പോഴാണ് 17 ഗ്രൂപ്പുകളിലായി 82 ഷാപ്പുകളുടെ തുക ശ്രീധരനാണ് സ്വന്തം അക്കൗണ്ടിൽനിന്ന് അടച്ചതായി കണ്ടെത്തിയത്. ഒരു കള്ള്ഷാപ്പ് ഗ്രൂപ്പിൽ നടക്കുന്ന ബിസിനസ് ശരാശരി മൂന്നരക്കോടി രൂപയുടേതാണ്. തൊഴിലാളികളുടെ പേരിലാണ് കൂടുതലും ലൈസൻസ്. നികുതി അടച്ചിട്ടില്ല. നികുതി വകുപ്പിന് എക്സൈസ് വിവരങ്ങൾ കൈമാറും. ലൈസൻസ് സ്വന്തം പേരിലായതിനാൽ, നടപടികളുണ്ടായാൽ നികുതി അടയ്ക്കേണ്ട ബാധ്യത തൊഴിലാളികൾക്കാകും.

English Summary: Sreedharan Made Transaction Of Crores To Buy The Spirit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com