ADVERTISEMENT

ന്യൂയോർക്∙ ഊബർ ആപ് ഉപയോഗിച്ച് എണ്ണൂറോളം ഇന്ത്യക്കാരെ യുഎസിലേക്ക് അനധികൃതമായി കടത്തിയ ഇന്ത്യൻ വംശജന് മൂന്നു വർഷത്തിലേറെ തടവ്. രാജീന്ദർ പാൽ സിങ് എന്ന ജസ്പാൽ ഗിലിനെയാണ് ഫെബ്രുവരിയിൽ യുഎസ് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. കാനഡ അതിർത്തി വഴിയാണ് ഇവരെ യുഎസിലേക്ക് കടത്തിയതെന്നും അഞ്ചു ലക്ഷം യുഎസ് ഡോളർ  ലഭിച്ചെന്നും വിചാരണക്കോടതിയിൽ ഇയാൾ സമ്മതിച്ചതായി റിപ്പോർട്ട്. കാലിഫോർണിയയിൽ താമസമാക്കിയ ഇയാളെ യുഎസ് ഡിസ്ട്രിക്ട് കോടതിയാണ് കുറ്റക്കാരനെന്നു കണ്ടെത്തി 45 മാസത്തെ തടവുശിക്ഷ വിധിച്ചത്. 

കഴിഞ്ഞ നാലു വർഷത്തിനിടെ എണ്ണൂറോളം ഇന്ത്യക്കാരെ ഇയാളെ അനധികൃതമായി യുഎസിലേക്ക് കടത്തിയിട്ടുണ്ടെന്ന് യുഎസ് അറ്റോർണി ടെസ്സ എം.ഗോർമാൻ അറിയിച്ചു. യുഎസിൽ മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ച് അതിർത്തി കടക്കാൻ ശ്രമിക്കുന്നവരെ വലിയ തുക കൈപ്പറ്റി ജസ്പാൽ ചൂഷണം ചെയ്യുകയായിരുന്നെന്നും അദ്ദേഹം അറിയിച്ചു. 70,000 യുഎസ് ഡോളർ വരെ കൈപ്പറ്റിയിരുന്നെന്നാണ് വിവരം. 

കാനഡയുടെ വടക്കൻ അതിർത്തി വഴി അനധികൃതമായി സിയാറ്റിൽ മേഖലയിൽ എത്തുന്നവരെ ജസ്പാലും കൂട്ടരും ചേർന്ന് ഊബർ ആപ്പ് വഴി വാഹനം ബുക്ക് ചെയ്താണ് അതിർത്തി നഗരങ്ങളിൽനിന്നും വാഷിങ്ടനിൽ എത്തിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. 2018നും 2022 മേയ്ക്കും ഇടയിൽ ഇത്തരത്തിൽ അറുന്നൂറോളം ട്രിപ്പുകൾ ഇയാൾ ബുക്ക് ചെയ്തിരുന്നതായും റിപ്പോർട്ടിലുണ്ട്. 

2018 ജൂലൈയ്ക്കും 2022 ഏപ്രിലിനും ഇടയിൽ പതിനേഴോളം ഊബർ അക്കൗണ്ടുകൾ കടത്തുസംഘവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും 80,000 യുഎസ് ഡോളറിന്റെ ഇടപാട് ഇതിന്റെ ഭാഗമായി നടന്നിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. അതിർത്തിയിൽനിന്ന് ഒരു വാഹനത്തിൽ തുടങ്ങുന്ന യാത്ര പിന്നീട് പല വാഹനങ്ങളിലായി വഴിമാറാറുണ്ടെന്നും പറയുന്നു. ജസ്പാലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽനിന്ന് 45,000 യുഎസ് ഡോളറും നിരവധി വ്യാജ രേഖകളും കണ്ടെടുത്തു. ജയിൽ ശിക്ഷ കഴിയുന്ന മുറയ്ക്ക് ഇയാളെ നാടുകടത്തുമെന്നാണ് വിവരം. 

English Summary: Indian-Origin Man Smuggled Over 800 People Into US Using Uber, Jailed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com