ADVERTISEMENT

കണ്ണൂർ∙ ഡോ.പ്രിയാ വർഗീസിനു കണ്ണൂർ സർവകലാശാല മലയാളം പഠനവകുപ്പിൽ അസോഷ്യേറ്റ് പ്രഫസറായി നിയമന ഉത്തരവു നൽകി. 15 ദിവസത്തിനകം ചുമതലയേൽക്കണം. വെള്ളിയാഴ്ച വൈകിട്ടാണ് ഉത്തരവു നൽകിയത്. പ്രിയയ്ക്ക് യോഗ്യതയുണ്ടെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന്റെയും നിയമതടസമില്ലെന്നു അഡ്വക്കറ്റ് ജനറലും സർവകലാശാലാ സ്റ്റാൻഡിങ് കൗൺസലും നൽകിയ നിയമോപദേശങ്ങളുടെയും അടിസ്ഥാനത്തിലാണു നിയമന ഉത്തരവു നൽകിയത്. 2 ആഴ്ചയ്ക്കകം പ്രിയ ജോലിയിൽ പ്രവേശിക്കണം. 

അതേസമയം പ്രിയ വർഗീസിന്റെ നിയമനത്തിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് യുജിസി വ്യക്തമാക്കി. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും യുജിസി ആവശ്യപ്പെട്ടേക്കും. കേരള ഹൈക്കോടതി വിധിക്കെതിരെ യുജിസി നിയമോപദേശം തേടിയിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകണമെന്ന നിയമോപദേശമാണ് യുജിസിക്ക് ലഭിച്ചത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനു കണ്ണൂർ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു വേണ്ട അധ്യാപന പരിചയം ഇല്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. കണ്ണൂർ സർവകലാശാല ഫാക്കൽറ്റി ഡവലപ്മെന്റ് പ്രോഗ്രാമിന്റെ കീഴിൽ ഗവേഷണ ചെയ്ത കാലം, ഡപ്യൂട്ടേഷനിൽ സർവകലാശാല സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറും എൻഎസ്എസ് കോ ഓർഡിനേറ്ററും ആയിരുന്ന കാലം, കണ്ണൂർ സർവകലാശാലയിലെ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ലക്ചറർ ആയിരുന്ന, നെറ്റ് യോഗ്യത നേടിയതിനു ശേഷമുള്ള 2002 ജൂൺ 5 – 2003 ഫെബ്രുവരി 28 കാലം എന്നിവ അധ്യാപനമായി പരിഗണിക്കാമെന്നു കോടതി വിധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു പരിഗണിക്കണമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചത്.

സ്വജനപക്ഷപാതം ആരോപിച്ച് 2022 ഓഗസ്റ്റ് 17നാണു പ്രിയയുടെ നിയമനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചത്. ഈ ഉത്തരവ് ഇതുവരെ ഗവര്‍ണര്‍ റദ്ദാക്കിയിട്ടില്ല. കണ്ണൂർ വിസി, ഇന്റർവ്യൂ ബോർഡിലെയും സിൻഡിക്കറ്റിലെയും അംഗങ്ങൾ എന്നിവർക്കു കാരണം കാണിക്കൽ നോട്ടിസ് അയയ്ക്കാനും ഗവർണർ ഉത്തരവിട്ടിരുന്നു. നിയമനത്തിനെതിരെ റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരനായ ഡോ. ജോസഫ് സ്കറിയ ഹൈക്കോടതിയിൽ ഹർജി നൽകിയത് ഗവർണറുടെ ഉത്തരവിനു ശേഷമാണ്. പ്രിയയ്ക്കു നിശ്ചിത യോഗ്യതയില്ലെന്നും നിയമനം പുനഃപരിശോധിക്കണം എന്നുമായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചത്.

English Summary: Priya Varghese is Associate Professor at Kannur University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com